ദൈവത്തിന്റെ കണ്ണിലൂടെ കാണുന്നുണ്ടാകും, നമ്മുടെ മക്കളെന്ന് പറയുന്നത് മല്ലിക ചേച്ചി കേൾക്കുന്നുണ്ടാകും; കുറിപ്പ്
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നാളെ പുലർച്ചെ മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് തുടങ്ങും. കേരളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ വൻ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. നോർത്ത് ഇന്ത്യയിൽ അടക്കം പ്രമോഷൻ നടത്തി അണിയറപ്രവർത്തകർ തിരികെ നാട്ടിലെത്തി കഴിഞ്ഞു. സുകുമാരൻ കുടുംബത്തിലെ ഭൂരിഭാഗം പേരും ഏതെങ്കിലുമൊക്കെ തരത്തിൽ എമ്പുരാന്റെ ഭാഗമാണ്. ആദ്യമായാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് ഇത്രയേറെ പോപ്പുലാരിറ്റിയും ഹൈപ്പും ലഭിക്കുന്നത്.
എമ്പുരാൻ ആഘോഷിക്കപ്പെടുമ്പോൾ സിനിമാപ്രേമികൾ പോലും സുകുമാരന്റെ അസാന്നിധ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. മകന്റെ വിജയം കാണാൻ സുകുമാരൻ കൂടി ഈ ലോകത്ത് വേണമായിരുന്നുവെന്നത് പലരും സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തു.

സംവിധാന മോഹം ബാക്കി വെച്ചാണ് സുകുമാരൻ അകാലത്തിൽ വിടപറഞ്ഞ് പോയത്. ആ മോഹത്തിന്റെ പൂർത്തികരണമാണ് പൃഥ്വിരാജ് ചെയ്യുന്നത്. ഇപ്പോഴിതാ സുകുമാരന്റെ കുടുംബത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മല്ലിക സുകുമാരനുമായുമെല്ലാം സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് സിദ്ദു പനയ്ക്കൽ.
ഒരു പിതാവിന് എത്രമാത്രം സന്തോഷമുണ്ടാക്കുന്നതായിരിക്കും കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ആഹ്ലാദവും ആവേശവും ആഘോഷവും ആരവങ്ങളും. എല്ലാം എന്തിന് വേണ്ടിയാണ് ഒരേയൊരു സിനിമയ്ക്ക് വേണ്ടി... എമ്പുരാന് വേണ്ടി. വിഗതകുമാരൻ മുതൽ ഇങ്ങോട്ട് ഇന്നുവരെ ഒരു സിനിമയ്ക്കും ഉണ്ടാക്കാനാവാത്ത ആവേശത്തോടെ കാണണമെന്ന ആഗ്രഹത്തോടെ ജനങ്ങൾ കാത്തിരിക്കുന്ന ഒരേ ഒരു സിനിമ എമ്പുരാൻ.
തനിക്ക് ചെയ്യാൻ കഴിയാതെ പോയ അല്ലെങ്കിൽ ദൈവം അനുവദിക്കാതെ പോയ സംവിധാനം എന്ന സ്വപ്നം മകൻ പൂർത്തീകരിച്ചു. തന്റെ കൈകളിൽ ഇരിക്കുന്ന ഈ കൊച്ചുമകൻ ഇന്ന് സിനിമാ ലോകത്തിന്റെ കൈകളിൽ അല്ലെങ്കിൽ നിറുകയിൽ എത്തിനിൽക്കുന്നു എന്നത് ഈ പിതാവിനോളം സന്തോഷത്തോടെ ആർക്കും കാണാനാവില്ല. ആ പിതാവ് അത് കാണുന്നുണ്ട് ഉറപ്പ്. ഈ മകൻ സിനിമ കണ്ട് തുടങ്ങിയത് പിതാവിലൂടെയാണ്. പിതാവിന്റെ കണ്ണുകളിലൂടെയാണ്.
ഇന്ന് ലോകത്തോളം വളർന്ന് നിൽക്കുന്ന മകനെ ആ പിതാവ് കാണുന്നതും കണ്ണിലൂടെ തന്നെ ദൈവത്തിന്റെ കണ്ണിലൂടെ. എമ്പുരാന്റെ കൈകളിൽ സയിദ് മസൂദും തൊട്ടരികിൽ ഗോവർദ്ധനും... പിതാവിനെക്കാൾ വളർന്ന മക്കൾ. ആ വളർച്ച സന്തോഷത്തോടെ കാണുന്ന അമ്മ. ആ അമ്മയോട് അച്ഛൻ പറയുന്നുണ്ടാവണം... കണ്ടോ എന്റെ മക്കൾ... നമ്മുടെ മക്കൾ എന്ന്.

ആ അമ്മ... മല്ലികചേച്ചി അത് കേൾക്കുന്നുമുണ്ടാകും എന്നായിരുന്നു സിദ്ദു പനയ്ക്കലിന്റെ കുറിപ്പ്. പണ്ട് സുകുമാരൻ ഫാനായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളുടെ ഫാനാണെന്നാണ് ആരാധകർ കമന്റായി കുറിച്ചത്. തന്റെ വിജയങ്ങൾ കാണാൻ അച്ഛനില്ലെന്നത് വലിയ വേദനയാണ് ഇന്നും പൃഥ്വിരാജിന്. ദുൽഖർ സൽമാനും മമ്മൂട്ടിയും തമ്മിലുള്ള ബോണ്ടിങ് കാണുമ്പോൾ അച്ഛനെ തനിക്ക് മിസ് ചെയ്യാറുണ്ടെന്ന് പലപ്പോഴായി പൃഥ്വിരാജ് തുറന്ന് പറഞ്ഞിട്ടുണ്ട്. ജീവിതത്തിലും സിനിമയിലും ബന്ധനം ആഗ്രഹിക്കാത്ത വിപ്ലവകാരിയായ നടനായിരുന്നു സുകുമാരന്‍.
ഹൃദയാഘാതത്തെ തുടർന്ന് നാൽപ്പത്തിയൊമ്പതാം വയസിൽ അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്ര പറയുമ്പോൾ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും വിദ്യാർത്ഥികളായിരുന്നു. മക്കളുടെ ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. അമ്മത്തണലായി മല്ലിക മാത്രമെ ഉണ്ടായിരുന്നുള്ളു.


Click it and Unblock the Notifications











