ഷീലയുമായുള്ള കോമ്പിനേഷൻ സീൻ കഴിഞ്ഞ ഉടനെ തളർന്നു വീണു, രോഗിയാണെന്ന് സമ്മതിക്കാൻ ആ തന്റേടി തയ്യാറായിരുന്നില്ല!
സത്യൻ മാസ്റ്ററുടെ ഓർമദിനത്തിൽ കുറിപ്പുമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. താൻ ഒരു രോഗിയാണെന്ന് സമ്മതിക്കാൻ ഒരിക്കലും സത്യൻ മാഷ് തയ്യാറായിരുന്നില്ലെന്ന് സിദ്ദു കുറിച്ചു. സത്യൻ മാസ്റ്റർ... ഇതൊരു അനുഭവക്കുറിപ്പല്ല. വായിച്ചും കേട്ടും അനുഭവസ്ഥർ പറഞ്ഞുമുള്ള അറിവാണ്. കെഎംകെ മേനോൻ എന്നൊരു നിർമാതാവുണ്ടായിരുന്നു. ഒരുപാട് മലയാളം തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടൻ രവികുമാറിന്റെ അച്ഛൻ. അദ്ദേഹം പുതിയൊരു സിനിമയെടുക്കാൻ തീരുമാനിച്ചു. കെ ബാലകൃഷ്ണന്റെ കഥ.
സിനിമയുടെ പേര് ത്യാഗസീമ. തിരുവനന്തപുരം ജില്ലയിലെ ആറാമട സ്വദേശി മാനുവൽ സത്യനേശൻ നാടാരും തിരുവനന്തപുരം ജില്ലയിലെത്തന്നെ ചിറയിൻകീഴ് സ്വദേശി ഷാഹുൽഹമീദ് അബ്‌ദുൾഖാദറും അഭിനയിക്കാനെത്തി. പൂർത്തീകരിക്കാനാവാതെ പോയ ഈ സിനിമയിലൂടെ ഇവർ രണ്ടുപേരും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിനോക്കി.

മാനുവൽ സത്യനേശൻ നാടാർ എന്ന നീളൻ പേര് സത്യനെന്ന് ചുരുക്കി മെരിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രമണ്യം. അബ്‌ദുൾഖാദറിനെ പ്രേംനസീറെന്ന് പുനർനാമകരണം ചെയ്തത് തിക്കുറിശി സുകുമാരൻ നായർ. ഇവർ രണ്ടുപേരും പിന്നീട് മലയാള സിനിമയുടെ നേടുംതൂണുകളായി മാറുകയും ചെയ്തു. അവകാശികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അഭിനയസിംഹാസനത്തിന്റെ അധിപൻ സത്യൻ മാഷ് വിടപറഞ്ഞിട്ട് 55 വർഷമാകുന്നു.
അഭ്രപാളികളിലെ സുന്ദരരൂപമെന്ന സങ്കൽപ്പങ്ങൾക്ക് ഘടകവിരുദ്ധമായ രൂപത്തോടെയും ഭാവത്തോടെയും കടന്ന് വരികയും നടനമേന്മകൊണ്ട് സിനിമാരംഗം കൈപിടിയിലൊതുക്കുകയും ചെയ്ത സത്യൻ മാസ്റ്റർ അരങ്ങൊഴിഞ്ഞിട്ട് 55 വർഷം. മൂന്ന് മാസത്തെ അധ്യാപക ജീവിതം, ഹജൂർകച്ചേരിയിലെ ഗുമസ്തപ്പണി, സൈനീകസേവനം, സബ്ഇൻസ്‌പെക്ടറായി പോലീസിൽ നിയമനം. ചാരം മൂടിക്കിടന്ന അഭിനയത്തിന്റെ കനൽ തെളിഞ്ഞുകത്താൻ തുടങ്ങിയപ്പോൾ അതിന്റെ പ്രകാശം ത്യാഗസീമ വരെയെത്തി.
നിർഭാഗ്യവശാൽ ആ സിനിമ പൂർത്തിയായില്ല. കെ. ബാലകൃഷ്ണൻ ആയിരുന്നു അതിന്റെ റൈറ്റർ. മെരിലാന്റ് സുബ്രഹ്മണ്യം മുതലാളി കെപി കൊട്ടാരക്കരയുടെ തിരക്കഥയിൽ ഒരു സിനിമ എടുക്കാൻ ഒരുങ്ങുന്നു. ബാലകൃഷ്ണൻ ത്യാഗസീമയുടെ ചില ഭാഗങ്ങൾ സുബ്രമുണ്യത്തെ കാണിച്ചു. കരിവീട്ടിയുടെ നിറവും കാരിരുമ്പിന്റെ കരുത്തുമുള്ള നടനെ ഇഷ്ടപ്പെട്ടു സുബ്രഹ്മണ്യത്തിന്. ആത്മസഖിയിലേക്ക് സത്യനേശൻ തിരഞ്ഞെടുക്കപ്പെട്ട് പേര് ചുരുക്കി സത്യൻ എന്നാക്കുകയും ചെയ്തു.
1952ൽ ആത്മസഖി റിലീസ് ആവുകയും വലിയസാമ്പത്തീക വിജയം നേടുകയും ചെയ്തിരുന്നു. 1971 ജൂണിൽ ഇങ്കിലാബ് സിന്താബാദ് എന്ന സിനിമയുടെ സെറ്റിൽ നിന്ന് സ്വയം കാറോടിച്ച് കെജെ ഹോസ്പിറ്റലിൽ എത്തും വരെ അഭിനയത്തിന്റെ ആ അശ്വമേധം തുടർന്നു. മലയാളത്തിന് അംഗീകാരത്തിൻ്റേയും പുരസ്ക്കാരത്തിൻ്റെയും നാൾവഴികളായിരുന്നു അദ്ദേഹത്തിന്റെ അഭിനയ കാലഘട്ടം. കേന്ദ്രഗവൺമെന്റിന്റെ പല പുരസ്കാരങ്ങളും ആദ്യമായി മലയാളത്തിന് ലഭിച്ചതും സത്യൻ മാസ്റ്റർ അഭിനയിച്ച സിനിമകളിലൂടെയാണ്.

നീലക്കുയിൽ ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളിമെഡൽ മലയാളത്തിന് സമ്മാനിച്ചു. സൗത്ത് ഇന്ത്യയിലേക്ക് ആദ്യമായി പ്രസിഡന്റിന്റെ സ്വർണമെഡൽ ചെമ്മീനിലൂടെ കേരളക്കരയിലെത്തി. സംസ്ഥനസർക്കാർ ആദ്യമായി സിനിമയ്ക്ക് അവാർഡ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ നല്ല നടൻ ആരെന്നതിന് ഒരു തർക്കവും ഉണ്ടായില്ല. ഈ താരം ഒഴിഞ്ഞ സിംഹാസനത്തിൽ ഇദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ നിറഞ്ഞിരിക്കുന്നതുകൊണ്ടാവാം ആ സിംഹാസനത്തിൽ ഒരു പുനപ്രതിഷ്ഠ നടക്കാതെ പോയത്.
കല്പന എന്ന സിനിമയുടെ സെറ്റിൽ ഷീലയുമായി ഒരു കോമ്പിനേഷൻ സീൻ കഴിഞ്ഞ ഉടനെ തളർന്ന് വീഴുകയായിരുന്നു ഈ അതുല്യ നായകൻ. അല്പസമയത്തിനുള്ളിൽ ഉഷാർ ആവുകയും അഭിനയം തുടരുകയും ചെയ്തു. ശാരദ സ്റ്റുഡിയോയിൽ സ്ത്രീ സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ഇത് സംഭവിച്ചു. വീണ്ടും ഒരു സെറ്റിൽ ഇതാവർത്തിച്ചപ്പോൾ സുഹൃത്തും കെജെ ഹോസ്പിറ്റൽ ഉടമയുമായ ജഗദീശനെ സമീപിച്ചു. രക്തത്തിൽ ചെറിയ കുഴപ്പങ്ങളുണ്ട്. ഇടയ്ക്ക് തളർച്ചതോന്നുമ്പോൾ ജഗദീശന്റെ അടുത്തുപോയി രക്തം മാറ്റി തിരിച്ചെത്തി അഭിനയം തുടരും.
താൻ ഒരു രോഗിയാണെന്ന് സമ്മതിക്കാനൊന്നും ആ തന്റേടി തയ്യാറായിരുന്നില്ല. ഡോക്ടർമാർക്ക് സംഗതിയുടെ ഗൗരവം മനസിലായിക്കഴിഞ്ഞിരുന്നു. 1971 ജൂണിൽ ഇങ്കിലാബ് സിന്ദാബാദിന്റെ സെറ്റിൽ നിന്ന് ഹോസ്പിറ്റലിൽ എത്തിയ സത്യൻ മാസ്റ്ററെ അരമണിക്കൂർ നേരത്തെ പരിശോധനകൾക്കുശേഷം അഡ്മിറ്റ് ചെയ്തു. ജൂൺ 12, 13, 14 തീയതികളിൽ രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി.
വെല്ലൂരിൽ നിന്നടക്കമുള്ള ഡോക്ടർമാരുടെ വിദഗ്ധസംഘം കിണഞ്ഞ് പരിശ്രമിച്ചിട്ടും അന്നേ വരെയുള്ള വൈദ്യശാസ്ത്രത്തിന്റെ മുഴുവൻ മികവും പ്രയോഗിച്ചിട്ടും ആ ജീവൻ നിലനിർത്താനായില്ല. 15ന് രാവിലെ 4.10ന് ജീവന്റെ ആ വെളിച്ചം സ്വർണ്ണ ചിറകടിച്ച് സ്വർഗത്തിലേക്ക് പറന്നകന്നു. മലയാള സിനിമയുടെ എന്നെന്നേക്കുമായുള്ള തീരാ നഷ്ടം. പക്ഷെ ജനഹൃദയങ്ങളിൽ അദ്ദേഹം ഇന്നും സൂര്യതേജസോടെ ജീവിക്കുന്നു എന്നാണ് സത്യൻ മാഷിന്റെ ഓർമ ദിനത്തിൽ സിദ്ദു കുറിച്ചത്.


Click it and Unblock the Notifications


