ദൃശ്യം 2 ലെ ട്വിസ്റ്റുകളെക്കുറിച്ച് സിദ്ദിഖ്, പ്രഭാകറും ഭാര്യയും മടങ്ങിയെത്തി, ഇനിയാണ് സസ്പെന്‍സ്
ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്. താരങ്ങള്‍ക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. മോഹന്‍ലാല്‍, സിദ്ദിഖ്, മീന, ആശ ശരത്, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങി ആദ്യഭാഗത്തില്‍ അണിനിരന്ന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ദൃശ്യം 2 നെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് സിദ്ദിഖ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ദൃശ്യം 2നെക്കുറിച്ച് പറഞ്ഞത്.
വളരെ സൂക്ഷിച്ചാണ് ചിത്രീകരണം നടത്തുന്നത്. മാസ്ക് അണിഞ്ഞ് അകലം പാലിച്ചാണ് എല്ലാവരും ജോലികൾ ചെയ്യുന്നത്. പുറത്തുനിന്ന് ആർക്കും സെറ്റിലേക്കു പ്രവേശനമില്ല. അകത്തുള്ളവർക്കു പുറത്തേക്കു പോകാനും അനുവാദമില്ല. 40 ദിവസമാണ് ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. 15 ദിവസം തൊടുപുഴയിലും ബാക്കി എറണാകുളത്തുമാണ്. ഇൻഡോർ ഷൂട്ടുകൾ എറണാകുളത്തു തീർത്ത് ഔട്ട്ഡോർ മാത്രം തൊടുപുഴയിൽ ചെയ്യാനാണ് പദ്ധതി.
ദൃശ്യത്തില്‍ കണ്ട പ്രഭാകറിനെയല്ല ഇത്തവണ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു. കഥാപാത്രത്തിന് ഒരു മാറ്റവുമില്ല. പക്ഷേ അദ്ദേഹം ഈ അന്വേഷണത്തിനായി ഒരുപാടു കഷ്ടപ്പെടുന്നുണ്ട്. എന്റെ മോനും ഇതേ ചോദ്യം ചോദിച്ചു. വാപ്പച്ചി മോഹൻലാലിനെ കുത്തിനു പിടിക്കുന്ന സീനൊക്കെയുണ്ടോ എന്ന്. പ്രഭാകർ പഴയ ആൾ തന്നെയാണ്. അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല.

പ്രഭാകറും ഭാര്യയും കൂടി മടങ്ങി വരുന്നതാണ് ഇതിവൃത്തം. ആരും വിചാരിക്കാത്ത ഒരുപാടു ട്വിസ്റ്റുകളും സസ്പെൻസുകളും പടത്തിലുണ്ട്. 6 മാസത്തെ അവധി എന്നൊക്കെ പറയാമെങ്കിലും എനിക്ക് ആകെയൊരു ശ്വാസംമുട്ടലായിരുന്നു അനുഭവപ്പെട്ടത്. അഭിനേതാവ് എന്ന പദവി ഒരുപാട് ആസ്വദിക്കുന്ന ഒരാളാണു ഞാൻ. സിനിമകളിൽ അഭിനയിക്കുക, സെറ്റുകളിൽ പോകുക, ആളുകളെ കാണുക.. അതൊക്കെ ഇല്ലാതായപ്പോൾ ആകെ മനഃപ്രയാസമായി.
Recommended Video
ലോക് ഡൗണ്‍ സമയത്ത് വീട്ടിലെ പണിയും കൃഷിയും അടുക്കള ജോലികളും ഒക്കെയായി എൻഗേജ്ഡ് ആയി. കുറേ സിനിമകൾ കണ്ടു. കോവിഡ് കാലത്ത് ദിവസവും മമ്മൂക്കയും ലാലും വിഡിയോ കോൾ ചെയ്യുമായിരുന്നു. ബാക്കിയുള്ളവരെയും ഫോണിലൂടെ കണ്ടും അല്ലാതെയും സംസാരിച്ചുവെന്നും സിദ്ദിഖ് പറയുന്നു.


Click it and Unblock the Notifications