'നിന്നെ ഇപ്പോള്‍ കാണണം, ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും'; അന്ന് സച്ചിയെ ഞെട്ടിച്ച ഭാര്യയുടെ സര്‍പ്രൈസ്

സിനിമാലോകവും പ്രേക്ഷകരും ഇന്നും വേദനയോടെ ഓര്‍ക്കുന്ന വിയോഗങ്ങളിലൊന്നാണ് സംവിധായകന്‍ സച്ചിയുടേത്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.

സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹം ബാക്കിവെച്ചു പോയ കഥകളെയും സിനിമകളെയും കുറിച്ച് ഇന്നും സച്ചിയുടെ പ്രിയ സുഹൃത്തുക്കള്‍ സംസാരിക്കുന്നുണ്ട്. വരുന്ന ജൂണ്‍ 18-ന് അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികമാണ്.

അപ്രതീക്ഷിത വിയോഗം

സച്ചിയുടെ വിയോഗം സുഹൃത്തുക്കള്‍ക്കെന്നപോലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇന്നും വലിയൊരു വേദനയാണ്. വൈകിയാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരുമൊന്നിച്ചുള്ള ജീവിതം വളരെ സുന്ദരമായിരുന്നു.

മരണം വരെ സച്ചിയുമായുണ്ടായിരുന്ന അഗാധ പ്രണയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഇപ്പോള്‍ സിജി സച്ചി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിജി മനസ്സു തുറന്നത്.

ഞങ്ങള്‍ വളരെ നന്നായി പ്രണയിച്ചിരുന്നു. മരണം വരെ ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ തീവ്രത കുറഞ്ഞിട്ടേയില്ല. എത്ര തിരക്കുണ്ടെങ്കിലും ഞാന്‍ വിളിച്ചാല്‍ അദ്ദേഹം ഫോണെടുത്ത് സംസാരിക്കുമായിരുന്നു. അങ്ങനെ തന്നെയായിരുന്നു ഞാനും. എനിക്ക് സച്ചിയും സച്ചിക്ക് ഞാനും പരസ്പരം കൊടുത്ത പ്രാധാന്യം വളരെ വലുതായിരുന്നു.

തീവ്രപ്രണയം

പലപ്പോഴും പ്രണയങ്ങള്‍ പരാജയപ്പെടാനുള്ള കാരണവും ഇതായിരുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരാളിലെ പ്രണയം കുറഞ്ഞുതുടങ്ങും. പ്രണയത്തിലെ തീവ്രത നിലനിര്‍ത്തുക എന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമല്ല. ഞങ്ങള്‍ക്കിടയില്‍ എന്നും പ്രണയമായിരുന്നു. അവസാനകാലം ആയപ്പോഴേയ്ക്കും പ്രണയത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരുന്നു.

ഒരു ബന്ധം ശക്തമാകാന്‍ പലപ്പോഴും എക്‌സൈറ്റ്‌മെന്റുകള്‍ ആവശ്യമാണ്. ഒരു സുഹൃത് ബന്ധമാണെങ്കില്‍ പോലും അത് ആവശ്യമാണ്. ഞങ്ങള്‍ക്കിടയില്‍ അതുണ്ടായിരുന്നു. എക്‌സൈറ്റ്‌മെന്റുകള്‍ ഓരോ നിമിഷവും കൂടിയിട്ടേ ഉള്ളൂ.

എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല ഈ പ്രണയം എന്നൊക്കെ ഇടയ്ക്ക് അദ്ദേഹം പറയുമായിരുന്നു. പ്രണയം എന്നത് വ്യക്തികളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.

സര്‍പ്രൈസുകള്‍ ധാരാളം

ഞങ്ങള്‍ പരസ്പരം സര്‍പ്രൈസുകള്‍ കൊടുക്കാന്‍ ഏറെയിഷ്ടപ്പെട്ടിരുന്നവരാണ്. എന്റെ പിറന്നാളുകള്‍ എല്ലാം സച്ചി കൃത്യമായി ഓര്‍ത്തിരിക്കുമായിരുന്നു. ഞാന്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന സമയം.

ഒരു ദിവസം രാവിലെ അത്യാവശ്യമായി മീറ്റിങ്ങിനു പോകാന്‍ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് സച്ചി എന്നെ വിളിച്ച് 'ഞാന്‍ ഫ്രീയാണ് അതുകൊണ്ട് ഇന്ന് നീ പോകേണ്ട' എന്ന് പറയുന്നത്. നേരത്തെ നിശ്ചയിച്ച പരിപാടിയായതിനാല്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ലായിരുന്നു.

എങ്കില്‍ പിന്നെ 11 മണി കഴിഞ്ഞ് പോയാല്‍ മതിയെന്നായി. ഞാന്‍ മീറ്റിങ്ങ് 12 മണിയിലേക്ക് നീട്ടിവെച്ചു. വീഡിയോ കോളിലൂടെ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേള്‍ക്കുന്നത്.

കോള്‍ കട്ട് ചെയ്യാതെ തന്നെ ഞാന്‍ വാതില്‍ തുറന്നു നോക്കി. അപ്പോഴതാ എനിക്ക് വലിയൊരു സര്‍പ്രൈസുമായി കേക്കും കുറേ പൂക്കളുമൊക്കെ. എന്റെ പിറന്നാളിന് സച്ചി സുഹൃത്ത് വഴി ഒരുക്കിയ സര്‍പ്രൈസായിരുന്നു അത്. അത് ശരിക്കും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.

തിരിച്ചും കൊടുത്തിട്ടുണ്ട്

ഇതുപോലെ സച്ചിക്കും ഞാന്‍ സര്‍പ്രൈസുകള്‍ കൊടുത്തിട്ടുണ്ട്. ഒരുദിവസം ഞാന്‍ ജോലി സ്ഥലത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് സച്ചി എന്നെ വിളിച്ച് നിന്നെ ഇപ്പോള്‍ കാണണം, ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും എന്ന് പറയുന്നത്.

എനിക്ക് വരാന്‍ പറ്റില്ലെന്ന് ആദ്യം പറഞ്ഞുനോക്കിയെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു. പിന്നെ ഞാന്‍ ഡ്രൈവറെ വീട്ടില്‍ വിട്ട് എന്റെ ഒരു ജോടി ഡ്രസ്സും പാസ്‌പോര്‍ട്ടും എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു.

അന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ ഉച്ചകഴിഞ്ഞുള്ള ഒരു വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു. ഡ്രൈവര്‍ വീട്ടില്‍ പോയിട്ട് വരാന്‍ താമസിച്ചു. അപ്പോഴേക്കും ടിക്കറ്റ് എടുക്കാനുള്ള കൗണ്ടര്‍ അടച്ചുപോയി. ഞാന്‍ പിന്നെ, എമര്‍ജന്‍സിയാണ് എന്റെ അച്ഛന്‍ മരിച്ചുപോയി എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് ശരിയാക്കി. ജെറ്റ് എയര്‍വെയ്‌സിലെ ഒരു സുഹൃത്തും എന്നെ സഹായിച്ചു.

അങ്ങനെ അവസാന നിമിഷമാണ് ഞാന്‍ വിമാനത്തില്‍ കയറിയത്. അതിനുശേഷമാണ് ഞാന്‍ സച്ചിയെ വിളിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്കെത്തും എന്ന് പറഞ്ഞത്. അതുകേട്ട് സച്ചി ശരിക്കും ഞെട്ടിപ്പോയി. ഞാന്‍ വരുന്നത് അറിഞ്ഞ് പിന്നെ തുള്ളിച്ചാടുകയായിരുന്നു.

Recommended Video

Dilsha On Riyas Salim: റോബിനെ പുറത്താക്കിയ റിയാസിനോട് ദേഷ്യമുണ്ടോ?, ദില്‍ഷ പറയുന്നു | *Interview
അഗാധപ്രണയമായിരുന്നു

സച്ചിയും ഞാനും പാടുമായിരുന്നു. ഞാന്‍ ഹിന്ദി ഗാനങ്ങളും സച്ചി മലയാളം പാട്ടുകളുമായിരുന്നു പാടിയിരുന്നത്. ചിലപ്പോള്‍ സംസാരം പോലും പാട്ടിലൂടെയായിരിക്കും. സൗന്ദര്യപ്പിണക്കങ്ങള്‍ പോലും പറഞ്ഞുതീര്‍ക്കുന്നത് പാട്ടിലൂടെയായിരുന്നു.' സിജി സച്ചിയെക്കുറിച്ച് ഓര്‍ക്കുന്നു.

More from Filmibeat

Read more about: sachy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X