അവളുടെ കല്യാണത്തിന് ബൊക്ക കൊടുക്കണമെന്ന് കരുതി; തേച്ചിട്ട് പോയ കാമുകിയെക്കുറിച്ച് സിജു വിൽസൺ
മലയാളികൾക്ക് സുപരിചിതനായ നടനാണ് സിജു വിൽസൺ. ഹാപ്പി വെഡ്ഡിംഗ്സ്, പ്രേമം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സിജു വിൽസൺ അടുത്തിടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ആണ് ശക്തമായ തിരിച്ചു വരവ് നടത്തുന്നത്.
വിനയൻ സംവിധാനം ചെയ്ത സിനിമയിൽ വൻ മേക്ക് ഓവറോടെ ആയിരുന്നു സിജു വിൽസൺ എത്തിയത് ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഭേദപ്പെട്ട പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ച വെക്കുകയും ചെയ്തു. സംവിധായകൻ വിനയന്റെ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവുമായിരുന്നു സിനിമ.
ഇപ്പോഴിതാ തന്റെ പ്രണയം തകർന്ന ഓർമ്മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിജു വിൽസൺ. അമൃത ടിവിയോടാണ് പ്രതികരണം. 'ഹാപ്പി വെഡ്ഡിംഗിലും കട്ടപ്പനയിലെ ഹൃതിക് റോഷനിലെയും സീനുകൾ എനിക്ക് കണക്ട് ചെയ്യാൻ പറ്റിയതാണ്. അത് കൊണ്ടാണ് നല്ല രീതിയിൽ ഇമോട്ട് ചെയ്യാൻ പറ്റിയത്. നല്ല ബ്രേക്ക് അപ്പ് കിട്ടിയിട്ടുണ്ട്'
'കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ക്ലെെമാക്സ് പോലെ ചെയ്യണമെന്ന് ഞാൻ യഥാർത്ഥ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് കാമുകൻമാർ അത് ആഗ്രഹിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവിടെ കൈയടി വീണത്. കാമുകിയുടെ കല്യാണ സമയത്ത് ബൊക്ക കൊടുത്തിട്ട് ഗുഡ് ബൈ പറയണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു'

'പിന്നെ കരുതി ബോർ ആവും ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട എന്ന്. പക്ഷെ സിനിമയിൽ ചെയ്യാൻ സാധിച്ചു. ജീവിതത്തിൽ ചെയ്യാൻ പറ്റാത്ത ഒരുപാട് കാര്യം സിനിമയിൽ ചെയ്യാൻ പറ്റും'
തേച്ചിട്ട് പോയ കുട്ടിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സിജു വിൽസണിന്റെ മറുപടി. അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചും സിജു വിൽസൺ സംസാരിച്ചിരുന്നു. ജസ്റ്റ് ഫൺ ചുമ്മാ എന്നൊരി ടിവി സീരീസ് ഞാൻ ചെയ്തിരുന്നു. ഇത് കണ്ട് ശ്രുതി എനിക്ക് നന്നായിരിക്കുന്നു എന്ന് ഫേസ്ബുക്കിൽ മെസേജ് അയച്ചു.
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ശ്രുതിയുടെ മെസേജ് വരും. അന്ന് വീട്ടിൽ കമ്പ്യൂട്ടർ ഉണ്ടായിരുന്നില്ല. കഫെയിൽ പോയാണ് മെസേജിന് മറുപടി കൊടുക്കുന്നത്. അങ്ങനെ നല്ല സുഹൃത്തുക്കൾ ആയി. പിന്നീട് ലാപ്ടോപ്പ് വാങ്ങിച്ച് സ്ഥിരം മെസേജ് അയക്കൽ തുടങ്ങി.
പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. മുംബൈയിൽ ആയിരുന്നു ശ്രുതി. അൽഫോൻസ് പുത്രനൊപ്പം മുംബൈയിൽ പോയപ്പോൾ നേരിട്ട് കണ്ടു. അന്ന് തന്നെ പ്രൊപ്പോസ് ചെയ്തെന്നുമാണ് സിജു വിൽസൺ പറഞ്ഞത്. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹം കഴിച്ചത്. ഇരുവർക്കും മെഹർ എന്ന മകളുമുണ്ട്.

രണ്ട് മതസ്ഥർ ആയതിനാൽ ആദ്യം വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം സാറ്റർഡേ നൈറ്റ് ആണ് സിജു വിൽസന്റേതായി പുറത്തിറങ്ങിയ സിനിമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയിൽ നിവിൻ പോളി, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ആയിരുന്നു പ്രധാന താരങ്ങൾ.
സിനിമയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം സിജു വിൽസണിന്റെ കരിയർ ഗ്രാഫ് ഉയർന്നിരിക്കുകയാണ്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











