ഇവർ എന്തിന് എന്നെ കഷ്ടപ്പെടുത്തുന്നു?, ഞാനും ഇതേ ഇന്റസ്ട്രിയിലല്ലേ അഭിനയിക്കുന്നത്?; വികാരഭരിതനായി സിമ്പു
കൈക്കുഞ്ഞായിരുന്ന കാലം മുതൽ അഭിനയിച്ച് തുടങ്ങിയതാണ് സിമ്പു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച താരം അക്കാലത്ത് ലിറ്റിൽ സൂപ്പർ സ്റ്റാർ എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴ് സിനിമയിലെ സകലകലാവല്ലഭന്മാരിൽ ഒരാളായ താരത്തിന് സിനിമയുായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗാഢമായ അറിവുണ്ട്. എന്നാൽ ഒരിടയ്ക്ക് തുടരെ തുടരെ വിവാദങ്ങൾ ഉണ്ടായതോടെ നടന്റെ കരിയർ അവസാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.
പക്ഷെ അതെല്ലാം താരം പതിയെ തിരികെ പിടിച്ചു. ഇന്ന് കൈ നിറയെ പ്രോജക്ടുകളുമായി തിരക്കിലാണ് നടൻ. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ സിനിമ ചെയ്ത് തുടങ്ങിയതിനാൽ ആ പ്രായത്തിലെ കുഞ്ഞുങ്ങൾ ആസ്വദിച്ചിരുന്നതുപോലെ ജീവിതം ആസ്വദിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് നടൻ.

പഠനവും സിനിമ അഭിനയവും ഒരുമിച്ച് കൊണ്ടുപോകേണ്ട സാഹചര്യങ്ങളിൽ മാതാപിതാക്കൾ തന്നെ എന്തിന് ഇങ്ങനെ കഷ്ടപ്പെടുത്തുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും നടൻ പറയുന്നു. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ തഗ് ലൈഫിന്റെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
ചെറിയ പ്രായത്തിൽ കുട്ടികൾക്കെല്ലാം മാതാപിതാക്കൾ ചോക്ലേറ്റ് വാങ്ങി കൊടുക്കും, പാർക്ക് പോലുള്ള സ്ഥലങ്ങളിലും സിനിമയ്ക്കും ബീച്ചിലുമെല്ലാം കൊണ്ടുപോകും, കളിക്കാൻ സമയം അനുവദിക്കും, പഠിക്കാൻ സമയം അനുവദിക്കുകയും എല്ലാം ചെയ്യും. എന്നാൽ ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ മാതാപിതാക്കൾ എനിക്ക് അഭിനയമാണ് പറഞ്ഞ് തന്നത്. അന്നൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു.
എന്തിനാണ് ഇവർ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? മറ്റ് കുട്ടികളെല്ലാം കളിച്ച് ഉല്ലസിച്ച് നടക്കുമ്പോൾ ഞാൻ മാത്രം ദിവസവും ഷൂട്ടിങ്, പഠനം എന്നിവ ഒരുമിച്ച് കൊണ്ടുപോകാൻ കഷ്ടപ്പെടുകയായിരുന്നു. കുട്ടിക്കാലത്ത് ഷൂട്ടിങും പഠനവും ഒരുമിച്ച് കൊണ്ടുപോകേണ്ട സാഹചര്യമായിരുന്നതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടി. എന്തിനാണ് ഇവർ എന്നെ കഷ്ടപ്പെടുത്തുന്നതെന്ന് എനിക്ക് എപ്പോഴും അന്നൊക്കെ തോന്നുമായിരുന്നു.
എന്നാൽ നാൽപ്പത് വർഷങ്ങൾക്കിപ്പുറം എനിക്ക് കമൽ സാറിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. അതുപോലെ സിമ്പു ചെറിയ പ്രായം മുതൽ സിനിമയിലുണ്ട്. അദ്ദേഹത്തിന് ഡാൻസ് കളിക്കാനും പാടാനും അടക്കം എല്ലാ കഴിവുമുണ്ടെന്ന് ആളുകൾ പറഞ്ഞ് കേൾക്കാറുമുണ്ട്. അതിനെല്ലാം കാരണം എന്റെ മാതാപിതാക്കളാണ്.

അവരോടാണ് എനിക്ക് എന്നും നന്ദി പറയാനുള്ളതെന്നും വികാരഭരിതനായി സിമ്പു പറഞ്ഞു. മണിരത്നം സിനിമകളിൽ അഭിനയിക്കാൻ ഒരു കാലത്ത് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും സിമ്പു കൂട്ടിച്ചേർത്തു. അഞ്ജലി സിനിമ കണ്ട് കരഞ്ഞ കഥയും നടൻ വിവരിച്ചു. അഞ്ജലി എന്നൊരു സിനിമ മണി സാർ എടുത്തിരുന്നു. ആ സിനിമയിൽ അഭിനയിച്ചത് മുഴുവൻ ചെറിയ കുട്ടികളാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ അഞ്ജലി എന്ന കുഞ്ഞിന്റെ സഹോദരനായി ഒരു കുട്ടി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു തെലുങ്ക് നടനാണ്.
ആ സിനിമ കണ്ട് ഞാൻ കരച്ചിലായിരുന്നു. എന്തുകൊണ്ട് മണി സാർ എന്നെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തില്ല?. ഞാനും ആ പയ്യനും ഒരേ പ്രായമല്ലേ... ഞാനും ഇതേ ഇന്റസ്ട്രിയിൽ തന്നെയല്ലേ അഭിനയിക്കുന്നത്... പിന്നെ എന്തുകൊണ്ട് അദ്ദേഹം എന്നെ മാത്രം അഭിനയിക്കാൻ വിളിച്ചില്ലെന്ന് ചോദിച്ച് അച്ഛനോട് ഒരുപാട് പരാതി പറഞ്ഞ് കരഞ്ഞു.
ആ കഥാപാത്രത്തിന് യോജിച്ചത് ആ കുട്ടിയായിരിക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കാണുമെന്നും പറഞ്ഞാണ് അന്ന് എന്നെ മാതാപിതാക്കൾ ആശ്വസിപ്പിച്ചത്. മണി സാർ ഇനി ഒരിക്കലും എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ പോകുന്നില്ലെന്നും അദ്ദേഹവും ഞാനും സെറ്റാവില്ലാത്തതുകൊണ്ടാകും വിളിക്കാത്തത് എന്നൊക്കെയാണ് കരുതിയത്. പിന്നീട് നായകനായശേഷം ഞാൻ അഭിനയിച്ച സിനിമകളെല്ലാം നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ... എല്ലാം മാസ് മസാല പടങ്ങളാണെന്നും സിമ്പു പറയുന്നു.


Click it and Unblock the Notifications











