സഹോദരിയുടെ സംസ്കാര ചടങ്ങിന് ഞാൻ പോയില്ല; വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് കാരണം: സിമ്രാൻ
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് താരറാണിയായിരുന്നു സിമ്രാൻ. മുംബെെക്കാരിയായി സിമ്രാനെ തെന്നിന്ത്യൻ സിനിമാ ലോകം ഇരുകെെയും നീട്ടി സ്വീകരിച്ചു. തമിഴ് സിനിമകളിലാണ് സിമ്രാന് വലിയ അവസരങ്ങൾ ലഭിച്ചത്. നേര്ക്ക് നേർ, തുള്ളാത മനവും തുള്ളും, വാലി, ജോഡി, കണ്ണത്തിൽ മുട്ടമിട്ടാൽ തുടങ്ങി സിമ്രാന് കരിയറിൽ ഹിറ്റുകൾ ഏറെയാണ്. 2003 ലായിരുന്നു സിമ്രാന്റെ വിവാഹം. വിവാഹ ശേഷം പഴയത് പോലെ തുടരെ സിനിമകൾ സിമ്രാൻ ചെയ്തില്ല. ഇന്ന് മികച്ച അവസരങ്ങൾ സിമ്രാന് ലഭിക്കു പുതിയ ചിത്രം ടൂറിസ്റ്റ് ഫാമിലി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ദീപക് ബഗ എന്നാണ് സിമ്രാന്റെ ഭർത്താവിന്റെ പേര്. രണ്ട് ആൺ മക്കളും ദമ്പതികൾക്കുണ്ട്.
വിവാഹമെന്ന തീരുമാനമെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സിമ്രാനിപ്പോൾ. ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വിവാഹം കരിയറിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടില്ല. വിവാഹമെന്ന തീരുമാനം എടുക്കുക കഠിനമായിരുന്നില്ല. കുട്ടിക്കാലം മുതൽ ദീപക്കിനെ എനിക്ക് അറിയാം. ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു. ദീപക് പ്രൊപ്പോസ് ചെയ്തപ്പോൾ വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു. വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു.

ആ കാലത്ത് 23 ആയാൽ പ്രായമായെന്ന് തോന്നും. ഓക്കെ, വിവാഹം ചെയ്യാമെന്ന് കരുതി. ദീപക് നല്ല വ്യക്തിയാണ്. അദ്ദേഹത്തെ നഷ്ടപ്പെടുത്തരുന്നെന്നുണ്ടായിരുന്നു. വിവാഹം ചെയ്ത ശേഷം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു. പക്ഷെ പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. വീട്ടിൽ വെറുതെ ഇരിക്കുന്നു. ഭർത്താവ് എന്റെ കഴിവ് തിരിച്ചറിഞ്ഞു. നിനക്ക് നിന്റെ കരിയറിൽ ഉത്തരവാദിത്വമുണ്ട്, നിനക്ക് അഭിനയിക്കണമെന്നുണ്ടെങ്കിൽ ചെയ്തോളൂ എന്ന് പറഞ്ഞു. അങ്ങനെയാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്.
എന്റെ ആന്റിയുടെ വീടിനടുത്തായിരുന്നു ദീപക്കിന്റെ വീട്. കുട്ടിക്കാലത്തേ ഞാനവിടെ പോകും. പിന്നീട് ദീപക് എയർലെെൻസിൽ ചേർന്നു. ചെന്നെെയിൽ വരുമ്പോഴെല്ലാം ഞങ്ങൾ കാണുമായിരുന്നു. അപ്പോൾ സുഹൃത്തുക്കളാണ്. 2002 ൽ എന്റെ സഹോദരി മാെണാൽ മരിച്ചു. അവളെ എന്റെ ആന്റി അഡോപ്ട് ചെയ്തതായിരുന്നു. സമ്മർ വെക്കേഷൻ സമയത്ത് അവളെ കാണാൻ ഞാൻ പോകും. അവിടെ വെച്ചാണ് ദീപക്കിനെ കാണുന്നത്. മൊണാൽ മരിച്ച ശേഷം ഞാനും ദീപക്കും സംസാരിച്ചു. ആ സമയത്താണ് ഞാൻ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത്.

മൊണാലിന്റെ സംസ്കാര ചടങ്ങിന് പോലും പോയിട്ടില്ല. കാരണം എനിക്കവളെ അങ്ങനെ കാണാൻ പറ്റില്ലായിരുന്നു. ഞാൻ സംസ്കാരത്തിന് പോകാത്തതിനെക്കുറിച്ച് പലരും സംസാരിച്ചു. എനിക്ക് എങ്ങനെ എന്റെ സഹോദരിയെ അങ്ങനെ കാണാൻ പറ്റും, മോർച്ചറിയിലേക്ക് കൊണ്ട് പോകുന്ന ഫോട്ടോകൾ മീഡിയയിൽ വന്നു. അച്ഛനും അമ്മയും എത്തി മൃതദേഹം മുംബെെയിലേക്ക് കൊണ്ട് പോയി. ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും സിമ്രാൻ ഓർത്തു.
സിനിമാ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു സിമ്രാന്റെ സഹോദരി നടി മാെണാലിന്റെ മരണം. പ്രണയ നൈരാശ്യമായിരുന്നു ആത്മഹത്യക്ക് കാരണം. കൊറിയോഗ്രാഫർ പ്രസന്ന സുജിത്തുമായുള്ള പ്രണയം തകർന്നതായിരിക്കാം മൊണാലിന്റെ ആത്മഹത്യക്ക് കാരണമെന്ന് സിമ്രാൻ ഇന്ന് പറഞ്ഞിരുന്നു. സിമ്രാൻ മാനസികമായ തകര്‌ന്ന നാളുകളായിരുന്നു ഇത്.


Click it and Unblock the Notifications











