അപ്പ ഹാജ ഒരുമിപ്പിച്ചവർ; നല്ലതും അല്ലാത്തതും സംഭവിച്ചു, മുപ്പത് വർഷങ്ങൾ, കെകെയ്ക്കും സിന്ധുവിനും വിവാഹവാർഷികം
കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. സിനിമയിൽ നിന്നും അൽപ്പം മാറി നിന്ന് രാഷ്ട്രീയപ്രവർത്തനങ്ങളിലാണ് കൃഷ്ണകുമാർ ഇപ്പോൾ സജീവം. മൂത്തമകൾ അഹാന മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ്. കൊവിഡ് കാലത്താണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും സോഷ്യൽമീഡിയയിൽ സജീവമായത്. അതിനുശേഷമാണ് കൃഷ്ണകുമാറിനും കുടുംബത്തിനും ആരാധകർ വർധിച്ചതും. ആറാംഗ കുടുംബം രണ്ടാമത്തെ മകൾ ദിയയുടെ വിവാഹത്തോടെ കുറച്ച് കൂടി വലുതായി.
മരുമകൻ അശ്വിൻ കൂടി ഉൾപ്പെടുന്നതാണ് കൃഷ്ണകുമാർ കുടുംബത്തിന്റെ സന്തോഷവും ആഘോഷവുമെല്ലാം. പ്രണയവിവാഹത്തിലൂടെ ഒന്നായ കൃഷ്ണകുമാറും സിന്ധുവും ഇന്ന് ദാമ്പത്യത്തിന്റെ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ്. രാവിലെ മുതൽ മക്കളും മരുമകനും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നുണ്ട്.

സിന്ധുവിനൊപ്പവും മക്കൾക്കൊപ്പവുമുള്ള ചിത്രവും പങ്കിട്ടായിരുന്നു കൃഷ്ണകുമാർ വിവാഹ വാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവെച്ചത്. 30 വർഷം മുമ്പ് സിന്ധുവിനൊപ്പം ഒരു സുന്ദര യാത്ര തുടങ്ങി. എവിടുന്നോ തുടങ്ങി എവിടെയെക്കെയോ എത്തി. ഏതോ ഒരു അദൃശ്യ ശക്തി നയിച്ചു കൊണ്ടേയിരുന്നു. നല്ലതും അല്ലാത്തതുമായ പലതും സംഭവിച്ചു. പിന്നീട് മനസിലായി എല്ലാം നല്ലതിനായിരുന്നുവെന്ന്. എന്നും സന്തുഷ്ടനായിരുന്നു.. ഇന്നും.
എല്ലാത്തിനും നന്ദി... എല്ലാവർക്കും... എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. വിവാഹ ദിവസം മുതൽ ഇതുവരെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളിലെല്ലാം പകർത്തിയ ചിത്രങ്ങൾ പങ്കിട്ടായിരുന്നു സിന്ധു സന്തോഷം പങ്കിട്ടത്. പൂർണ ഗർഭിണിയായ സിന്ധുവിന്റെ വയറിൽ തലോടുന്ന കൃഷ്ണകുമാറിന്റെ ചിത്രവും നവവധുവായി ഒരുങ്ങിയപ്പോഴുള്ള ഫോട്ടോയുമെല്ലാം അതിൽ ഉൾപ്പെടും.
പെൺമക്കളെക്കാൾ സുന്ദരി അമ്മയാണെന്നാണ് സിന്ധുവിന്റെ ആരാധകരുടെ പക്ഷം. ആ വാദം ശരിവെക്കുന്നതാണ് ചെറുപ്പകാലത്തും വിവാഹദിനത്തിലുമെല്ലാമുള്ള സിന്ധുവിന്റെ ചിത്രങ്ങൾ. കഴുത്ത് നിറയെ പൊന്ന് അണിഞ്ഞ് മുല്ലപ്പൂവ് ചൂടി കേരള സാരിയിൽ അതിമനോഹരിയായാണ് സിന്ധു മുപ്പത് വർഷങ്ങൾക്ക് മുമ്പ് നവവധുവായി കതിർമണ്ഡപത്തിലേക്ക് എത്തിയത്.
സിന്ധുവിന്റെ കോളജ് കാലത്തെ ചിത്രങ്ങൾ കണ്ടാൽ ഇഷാനിയേയും ഹൻസികയേയും പോലെയുണ്ടെന്നാണ് പോസ്റ്റിന് വന്ന കമന്റുകൾ. തിരുവനന്തപുരത്ത അക്കാലത്ത് പ്രശസ്തമായിരുന്ന വഴുതക്കാട് സുബ്രമണ്യം ഹാൾ ആയിരുന്നു സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും വിവാഹത്തിന് വേദിയായത്. ഇന്നത്തെ പോലെ വലിയ ആർഭാടം ഏതുമില്ല. ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ അക്കാലത്ത് ആരും ചെയ്തിരുന്നില്ല. നല്ല സാരി, ആഭരണങ്ങൾ എന്നിവയായിരുന്നു വിവാഹത്തിന്റെ ഏറ്റവും വലിയ മോടി എന്നാണ് ഒരിക്കൽ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഓർമകൾ പങ്കിട്ട് സിന്ധു പറഞ്ഞത്. നടനും സുഹൃത്തുമായ അപ്പ ഹാജയായിരുന്നു സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും പ്രണയത്തിന്റെ ഹംസം. അപ്പ ഹാജയാണ് തങ്ങളുടെ കല്യാണം നടത്താന്‍ മുന്നിലുണ്ടായിരുന്നതെന്ന് കൃഷ്ണകുമാറും എപ്പോഴും പറയാറുണ്ട്.
ദൈവമായിട്ട് ജീവിതത്തിലേക്ക് കൊണ്ട് തന്ന ആളാണ് അപ്പ ഹാജയെന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് നടൻ പറയാറ്. കൃഷ്ണകുമാറിന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കാന്‍ വന്നവരുടെ അടുത്ത ബന്ധുവായിരുന്നു ഹാജ. അങ്ങനെ തുടങ്ങിയ പരിചയമാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലേക്ക് എത്തിച്ചത്.


Click it and Unblock the Notifications