അഹാനയ്ക്ക് ഒന്നര വയസ് കഴിഞ്ഞപ്പോഴേക്കും വീണ്ടും ഗർഭിണി; ഉറക്കമില്ലാതാതിരുന്ന നാളുകൾ: സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കൃഷ്ണ കുമാർ കുടുംബം. യൂട്യൂബ് ചാനലുകളിലൂടെ വലിയ ജനപ്രീതി നേടിയ താര കുടുംബത്തിന് ഇന്ന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയ തങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ടെന്ന് ഇവർ തുറന്ന് പറഞ്ഞിട്ടുണ്ട്. അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും മക്കൾ. മൂത്ത മകൾ അഹാന മാത്രമാണ് ഇതുവരെ സിനിമ കരിയറായി തെരഞ്ഞെടുത്തത്.
ബാക്കി മൂന്ന് പേരും ഇൻഫ്ലുവൻസേർസാണ്. ദിയ കൃഷ്ണയ്ക്ക് ബിസിനസുമുണ്ട്. മക്കൾ നാല് പേരുടെയും കാര്യങ്ങൾക്ക് പിറകെയാണ് സിന്ധു കൃഷ്ണ എപ്പോഴും. വീട്ടിലെ ജോലികളെല്ലാം ചെയ്യുകയും മക്കളുടെ കാര്യങ്ങൾ നോക്കുകയും ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ലേ എന്ന ചോദ്യത്തിന് യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയിരിക്കുകയാണ് സിന്ധു കൃഷ്ണയിപ്പോൾ.
തനിക്ക് പലപ്പോഴും ക്ഷീണം തോന്നാറുണ്ടെന്ന് സിന്ധു കൃഷ്ണ പറയുന്നു. ക്ഷീണം തോന്നും. എപ്പോഴും ക്ഷീണിക്കും. പക്ഷെ എവിടെ നിന്നോ എനിക്കൊരു എനർജി വരും. ചിലപ്പോൾ ഇവർ എവിടെയെങ്കിലും ട്രാവൽ ചെയ്യുകയാണെങ്കിൽ ഞാൻ നാലര മണിക്കും അഞ്ച് മണിക്കുമായിരിക്കും എണീക്കുന്നത്. പിന്നെ ഞാൻ പോയി കിടക്കില്ല. എന്തെങ്കിലുമൊക്കെ ചെയ്യും. ആ ദിവസം രാത്രി ഉറങ്ങുന്നത് ഒരുപക്ഷെ 12 മണിക്കായിരിക്കും. എന്നാലും പകലൊന്നും കിടന്നിട്ടുണ്ടാകില്ല. പക്ഷെ ഞാൻ അത്ര ക്ഷീണിക്കില്ല. എനിക്ക് തോന്നുന്നത് ബോഡി അങ്ങനെ ട്യൂൺ ആയെന്നാണ്.
നാല് മണിക്കൂർ, അഞ്ച് മണിക്കൂർ ഉറക്കം കിട്ടിയാലും നമ്മുടെ വണ്ടി ഓടിക്കൊണ്ടിരിക്കും. അതെങ്ങനെയാണെന്ന് അറിയില്ല. ഒരുപക്ഷെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ടാകും. കുഞ്ഞുങ്ങൾ ജനിക്കുകയും അവർക്ക് രണ്ട് വയസ് ആകുന്നത് വരെയും ഉറക്കം ശരിയാകില്ല. അമ്മുവിന് ഒന്നര വയസ് കഴിഞ്ഞപ്പോഴേക്കും ഞാൻ ഓസിയെ ഗർഭം ധരിച്ചു. ഓസിക്ക് ഒന്നര വയസ് കഴിഞ്ഞപ്പോൾ ഇഷാനിയെ പ്രഗ്നന്റായി. ഇഷാനി ജനിച്ച് കഴിഞ്ഞ ശേഷമാണ് എനിക്കിത്തിരി ഗ്യാപ്പ് ഉണ്ടായിരുന്നത്.
ഇഷാനിക്ക് നാല് വയസ് കഴിഞ്ഞപ്പോൾ ഹൻസുവിനെ ഗർഭം ധരിച്ചു. ആ സമയത്തൊക്കെ എനിക്ക് വിശ്രമം വളരെ കുറവാണ്. എന്റെ ബോഡി അതുമായി പൊരുത്തപ്പെട്ടെന്ന് തോന്നുന്നു. വീട്ടിൽ ഇവരൊക്കെ ഉച്ചയ്ക്ക് ഉറങ്ങും. ഞാൻ വല്ലപ്പോഴും അറിയാതെ ഉറങ്ങിപ്പോകും. എനിക്ക് പകൽ ഉറങ്ങുന്നത് ഇഷ്ടമല്ല.
എല്ലാവരും ഡെലിവറി കഴിഞ്ഞ് കുളിച്ച് ഉറങ്ങും. പക്ഷെ ഞാൻ അഞ്ച് മിനുട്ട് കിടന്ന് എണീറ്റ് എന്തെങ്കിലും പണി ചെയ്യാൻ പോകും. വീട്ടിൽ കൊച്ചു കുട്ടികളുണ്ടല്ലോ. എനിക്ക് റെസ്റ്റ് എടുക്കാൻ വലിയ താൽപര്യമില്ല. ഇപ്പോൾ മൊബെെലിൽ എന്തെങ്കിലും ചെയ്യുമ്പോഴാണ് റെസ്റ്റ് എടുക്കുന്നതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി.

ഇപ്പോൾ എനിക്ക് വീട്ടിൽ ഫുൾ ടെെം സഹായിക്കാൻ ആളുണ്ട്. ടെറസിൽ പോയി തുണിയെടുക്കലൊക്കെ അവർ ചെയ്യും. അതെനിക്ക് ആശ്വാസമാണ്. എങ്ങനെയൊക്കെയോ മാനേജ് ചെയ്യുകയാണെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. പണ്ടത്തെ ഫോട്ടോകളെല്ലാം സൂക്ഷിച്ച് വെച്ചിരിക്കുന്നതിനെക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചു. വിവാഹത്തിന് മുമ്പേ ഞാനൊക്കെ കുഞ്ഞായിരിക്കുമ്പോഴേ എന്റെ വീട്ടിൽ ഒത്തിരി ഫോട്ടോകൾ എടുക്കുമായിരുന്നു.
ലെെഫിലെ നല്ല മിക്ക നിമിഷങ്ങളും ഫോട്ടോകളെടുത്ത് സൂക്ഷിക്കും. പണ്ടൊക്കെ ഡാഡിക്ക് ഫോട്ടോഗ്രാഫിയിൽ വളരെ താൽപര്യമുണ്ടായിരുന്നു. 1980 തൊട്ട് ലേറ്റസ്റ്റ് വരുന്ന ക്യാമറകൾ വാങ്ങാൻ വലിയ ക്രേസായിരുന്നു ഡാഡിക്ക്. ഓരോ പ്രാവശ്യം ഡാഡി നാട്ടിൽ വരുമ്പോഴും പുതിയ ക്യാമറകൾ കാണും. ഒരു വർഷം തന്നെ ധാരാളം ആൽബം ഉണ്ടാകും. ഫോട്ടോകൾ സൂക്ഷിക്കുകയെന്നത് പണ്ട് തൊട്ടേ ഞങ്ങളുടെ വീട്ടിലെ രീതിയാണ്.
അത് തുടർന്ന് വന്നതാണ്. ഞങ്ങളുടെ വീട്ടിലെ ഫോട്ടോകളെല്ലാം ബാബാസ് സ്റ്റുഡിയോയിലായിരുന്നു വാഷ് ചെയ്തത്. ബാബാസ് എന്നെഴുതിയ എത്രയോ ഫോട്ടോകൾ വീട്ടിലുണ്ട്. ഹൻസു ജനിച്ച ശേഷമാണ് എല്ലാം ഡിജിറ്റലായി മാറിയത്. കുറേ വർഷങ്ങൾ കമ്പ്യൂട്ടറിനെയും ലാപ്ടോപ്പിനെയും ആശ്രയിച്ചായിരുന്നു. ഫോട്ടോകൾ സിഡിയിലാക്കി വാങ്ങും. പഴയ ഫോട്ടോകൾ സൂക്ഷിച്ച് വെച്ചതിൽ വലിയ പ്രയത്നമുണ്ടെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി.
ഞാൻ അന്ന് ഫോട്ടോകൾ സൂക്ഷിക്കാൻ കാണിച്ചതിനേക്കാൾ എഫേർട്ട് ഇന്ന് അമ്മു (അഹാന) കാണിക്കാറുണ്ട്. എല്ലാവരും കുട്ടികളുടെയൊക്കെ ഫോട്ടോ എടുത്ത് വെക്കണം. കമിഴ്ന്ന് കിടക്കുന്ന ഫോട്ടോകൾ മാത്രമേ പാരന്റ്സ് എടുത്ത് വെച്ചിട്ടുള്ളൂ എന്ന് ഞങ്ങളുടെ ഫോട്ടോകൾ കാണുമ്പോൾ പലരും കമന്റ് ചെയ്യാറുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
സിന്ധു കൃഷ്ണയുടെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഗർഭിണിയാണ്. മകളുടെ വിശേഷങ്ങളും ഇടയ്ക്ക് സിന്ധു കൃഷ്ണ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെ വിവാഹം. ദിയയുടെ കുഞ്ഞിന് പേരിടുക സിന്ധു കൃഷ്ണയാണ്. നേരത്തെ തന്നെ ഇക്കാര്യം അമ്മയെ ഏൽപ്പിച്ചതാണെന്ന് ദിയ അടുത്തിടെ പറയുകയുണ്ടായി.
ഗർഭിണിയായ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് ദിയ സിന്ധു കൃഷ്ണയുടെ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസം മൂഡ് സ്വിംഗ്സ് ഉണ്ടായിരുന്നു. ഇപ്പോഴില്ല. ഇടയ്ക്ക് നടുവേദനയുണ്ട്. നടക്കാൻ ഇത്തിരി പാടുണ്ട്. എന്റെ സ്വഭാവം പഴയത് പോലെയായി. ഒരു കുഴപ്പവുമില്ല. നല്ല പോലെ തിന്നുന്നുമുണ്ട്. ഹേർട്ട് ബേൺ ഉണ്ട്. പക്ഷെ ആദ്യമത് എന്താണെന്ന് മനസിലാകുന്നില്ലായിരുന്നു. ഇപ്പോൾ എനിക്കത് അറിയാം. അര മണിക്കൂർ കഴിയുമ്പോൾ പോകുമെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

അടുത്തിടെയാണ് അഹാന കൃഷ്ണ വിവാദത്തിൽ അകപ്പെട്ടത്. നാൻസി റാണിയുടെ ടീമാണ് അഹാനയ്ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. അഹാന നായികയായ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്നായിരുന്നു സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നെെന ആരോപിച്ചത്. മനു ജെയിംസുമായി അഹാനയ്ക്ക് പ്രശ്നങ്ങളുണ്ടായിരിക്കാം. എന്നാൽ മനു മരിച്ചു. മാനുഷിക പരിഗണന വെച്ച് അഹാന പ്രൊമോഷനുമായി സഹകരിക്കേണ്ടതായിരുന്നു എന്ന് നെെന പറഞ്ഞു.
പിന്നാലെ അഹാനയ്ക്കെതിരെ വ്യാപക വിമർശനം വന്നു. ഇതോടെ വിശദീകരണവുമായി അഹാന രംഗത്ത് വന്നു. പ്രൊമോഷനുമായി സഹകരിക്കാത്തതിന് കാരണമുണ്ടെന്ന് വ്യക്തമാക്കിയ അഹാന തനിക്കുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്തി. മനു ജെയിംസ് ഷൂട്ടിംഗ് കൃത്യമായി ചെയ്തിരുന്നില്ല. ആർട്ടിസ്റ്റുകളെ കാത്തിരിപ്പിച്ച് സെറ്റിൽ മദ്യപിച്ചു. താൻ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വരെ നെെന പറഞ്ഞിട്ടുണ്ടെന്നും അഹാന കൃഷ്ണ തുറന്ന് പറഞ്ഞു. ഡബ്ബിംഗിൽ നിന്ന് തന്നെ ആദ്യം ഒഴിവാക്കിയിരുന്നെന്നും അഹാന പറഞ്ഞു. ഇതോടെയാണ് വിവാദം അവസാനിച്ചത്. തനിക്ക് പിന്തുണ നൽകിയവരോട് പിന്നീട് അഹാന നന്ദി പറയുകയും ചെയ്തു.
അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷൈൻ ടോം ചാക്കോയായിരുന്നു നായകൻ. ചിത്രം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അഹാനയെ തുടരെ സിനിമകളിൽ പ്രേക്ഷകർ കാണുന്നില്ല. തനിക്ക് അവസരങ്ങൾ കുറവാണെന്ന് അഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. അഹാന പ്രൊമോഷനുമായി സഹകരിച്ചില്ലെങ്കിലും നാൻസി റാണിയുടെ റിലീസുമായി മുന്നോട്ട് പോകാനാണ് നൈനയുടെ തീരുമാനം. അഹാനയുടെ വെളിപ്പെടുത്തലിൽ ഇതുവരെ നെെന പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











