ചടങ്ങിനെത്തിയവർക്ക് ഭക്ഷണവും നാരങ്ങയും, കഴുത്ത് നിറയെ പൊന്ന്, 29 വർഷം മുമ്പുള്ള വിവാഹ വീഡിയോയുമായി സിന്ധു!
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അഭിപ്രായങ്ങളുമൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളികൾ ഏറെ ആകാംക്ഷയോടെ കുടുംബവിശേഷങ്ങൾ ഏറ്റെടുക്കുന്ന ഒരു താര കുടുംബം കൃഷ്ണകുമാറിൻ്റെ കുടുംബമാണെന്ന് ആരാധകർ പറയാറുണ്ട്. ആറ് യുട്യൂബ് ചാനലുകളാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം കൂടി ഉള്ളത്.
വ്യത്യസ്തമായ കണ്ടന്റുകൾ പങ്കുവെക്കുന്ന കാര്യത്തിലും മുന്നിലാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ അംഗങ്ങൾ. യുട്യൂബിൽ ഏറ്റവും ആക്ടീവായി നിൽക്കുകയും വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നൊരാൾ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവാണ്. സിന്ധുവിന്റെ സരസവും കുസൃതി നിറഞ്ഞതുമായ സംസാരം കേൾക്കാനാണ് ഭൂരിഭാഗം ആളുകളും വീഡിയോ കാണുന്നത്.

കൊറോണ കാലത്ത് എല്ലാവരുടെയും നിർബന്ധം കൊണ്ടാണ് സിന്ധു കൃഷ്ണ യുട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ ഇന്ന് വ്ലോഗിങ് സിന്ധുവിന്റെ ഇഷ്ട ഹോബിയാണ്. ഇന്ന് സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും വിവാഹ വാർഷികമാണ്. ഇരുപത്തിയൊമ്പതാം വിവാഹ വാർഷിക ദിനത്തിൽ സിന്ധു പങ്കിട്ട ഒരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ വിവാഹവീഡിയോയാണ് സിന്ധു യുട്യൂബിലൂടെ പങ്കിട്ടത്. തൊണ്ണൂറുകളിൽ നടന്നിരുന്ന വിവാഹങ്ങൾ എത്തരത്തിലായിരുന്നുവെന്ന് സിന്ധു പങ്കിട്ട വീഡിയോയിലൂടെ പുതുതലമുറയ്ക്ക് മനസിലാക്കാം. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ഡെക്കറേഷൻ ഒന്നും ആരും ഓർക്കുക പോലുമില്ല. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികൾ ഒന്നും തന്നെ അക്കാലത്ത് ആരും ചിന്തിച്ചിരുന്നുപോലുമില്ല. നല്ല സാരി, ആഭരണങ്ങൾ എന്നിവയാണ് വിവാഹത്തിന്റെ ഏറ്റവും വലിയ മോടി.
വളരെ ക്ഷീണിച്ച ദിവസമായിരുന്നു വിവാഹത്തലേന്ന്. വരുന്നവർക്ക് ഭക്ഷണവും നാരങ്ങയും കൊടുത്ത് പിറ്റേന്ന് വരണമെന്ന് എല്ലാവരെയും ചിരിച്ച മുഖത്തോടെ ക്ഷണിക്കും. ഹസീന, അർച്ചന തുടങ്ങിയ സുഹൃത്തുക്കൾ എന്റെ പങ്കെടുത്തു. കൂട്ടുകാരി സുലു നേരത്തെ കല്യാണം കഴിച്ച് വിദേശത്തായിരുന്നു. തിരുവനന്തപുരത്തെ മുന്തിയ വേദിയായ വഴുതക്കാട് സുബ്രമണ്യം ഹാൾ ആയിരുന്നു കല്യാണമണ്ഡപമെന്നും സിന്ധു വീഡിയോയിലൂടെ പറഞ്ഞു.
പട്ടുസാരിയും മുല്ലപ്പൂവും ചൂടി കഴുത്തിൽ നിറയെ ആഭരണങ്ങളും അണിഞ്ഞാണ് വധു സിന്ധു വിവാഹത്തിന് എത്തിയത്. ക്രീം നിറത്തിലുള്ള സിൽക്ക് ജുബയും മുണ്ടുമായിരുന്നു കൃഷ്ണകുമാറിന്റെ വേഷം.

കാറിൽ വധുവും വരാനും എത്തിച്ചേർന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി വിവാഹവേദി നിറഞ്ഞു. ചടങ്ങുകൾക്ക് ശേഷം വധുവും വരനും ഒരുമിച്ച് വീട്ടിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ വരെ സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും വിവാഹ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം ഇന്ന് തിരക്കുകൾക്കിടയിൽ കൃഷ്ണകുമാർ ഓർക്കുന്നുപോലുമുണ്ടാവില്ലെന്നും സിന്ധു വീഡിയോയിൽ പറഞ്ഞിരുന്നു.
പക്ഷെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു കുറിപ്പ് കൃഷ്ണകുമാർ പങ്കിട്ടിരുന്നു. ഡൽഹിയിലാണ് കൃഷ്ണകുമാർ ഇപ്പോഴുള്ളത്. 1994 ഡിസംബർ 12നായിരുന്നു കൃഷ്ണകുമാർ-സിന്ധു വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കൃഷ്ണകുമാർ സിനിമാ ജീവിതം തുടങ്ങിയ കാലത്താണ് ഇവരുടെ പ്രണയം ശക്തമായത്.
കൃഷ്ണകുമാറിന്റെ വിവാഹത്തിൽ പങ്കെടുത്ത സെലിബ്രിറ്റികളിൽ ഒരാൾ ഇൻ ഹരിഹർ നഗറിൽ അടക്കം അഭിനയിച്ച അപ്പ ഹാജയാണ്. ബൈജു, മധുപാൽ, വേണു തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അപ്പ ഹാജയാണ് കൃഷ്ണ കുമാറിന്റെ ഏറ്റവും നല്ല സുഹൃത്ത്.
സിന്ധുവിന്റെ വിവാഹ വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. രണ്ടുപേരും അന്നും ഇന്നും സുന്ദരിയും സുന്ദരനുമാണെന്നാണ് ഒരാൾ കുറിച്ചത്. വിവാഹവേഷത്തിൽ സിന്ധുവിനെ കാണുമ്പോൾ ഇഷാനിയെ ഓർമ വരുന്നുവെന്നാണ് മറ്റ് ചിലർ കുറിച്ചത്.


Click it and Unblock the Notifications