'അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേയായുള്ളൂ... അപ്പോഴേക്കും ഓണം ആഘോഷിക്കുന്നു'; കേസിനുള്ള കാരണം പറഞ്ഞ് അഭിരാമി!
സെലിബ്രിറ്റികൾക്ക് നേരെ സോഷ്യൽമീഡിയ ബുള്ളിയിങ് നടക്കുന്നത് സ്വഭാവികമാണ്. പലരും അവയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എത്ര പ്രതികരിച്ചാലും ചിലരുടെ ചിന്താഗതികളിൽ മാറ്റം വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പലരും പ്രതികരിക്കാൻ നിൽക്കാത്തത്.
അത്തരത്തിൽ ഗായികയും സംഗീത സംവിധായികയുമെല്ലാമായ അമൃത സുരേഷ് സോഷ്യൽമീഡിയ ബുള്ളിയിങ് നടത്തുന്നവരോട് പ്രതികരിക്കാതെ മുന്നോട്ടുള്ള ജീവിതം നോക്കി പോവുകയായിരുന്നു. എന്നാൽ മിണ്ടാതിരുന്നാലും വീണ്ടും തങ്ങളെ കുറിച്ച് കഴമ്പില്ലാത്ത ആരോപണങ്ങൽ നടത്തുന്നതിനാൽ ചിലർ ആനന്ദം കണ്ടെത്തുന്നതായി അമൃത സുരേഷ് മനസിലാക്കിയതോടെ ശക്തമായ രീതിയിൽ പ്രതികരിക്കാനും തീരുമാനിച്ചു.
അതിന്റെ ഭാഗമായി ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ദയ അശ്വതിക്കെതിരെ അമൃത സുരേഷ് കേസ് ഫയൽ ചെയ്തു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ് ഇക്കാര്യം താരം ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്.

പെട്ടെന്നൊരു സുപ്രഭാതത്തിൽ എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്തത് എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. പലരും അത് കമന്റിലൂടെ ചോദിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടിയുമായി ഇപ്പോൾ അമൃതയുടെ സഹോദരിയും ഗായികയും യുട്യൂബറുമായ അഭിരാമി സുരേഷ് എത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ദയ അശ്വതിക്ക് എതിരെ കേസ് കൊടുക്കാനുള്ള കാരണം അഭിരാമി വിശദീകരിച്ചത്.
'ബിഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി ഞങ്ങള്‍ക്ക് എതിരെ വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി.'
'പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം വളരെ മോശമായ രീതിയില്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല. ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താൽപര്യമില്ല.'
'അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോയുെട അടിസ്ഥാനത്തിലാണ്. അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ... അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു... കഷ്ടം എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് അവരുടെ പുതിയ വീഡിയോ.'

'വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി ഇത് പാടില്ലെന്ന് പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവരത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്. അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസിലാക്കാം.'
'ഒരു എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ലെന്നാണ്', കേസിന് ആസ്പദമായ സംഭവം വിശദീകരിച്ച് അഭിരാമി പറഞ്ഞത്.
ഇനിയും സഹിക്കാന്‍ പറ്റില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ നിരന്തരം അപമാനിക്കുന്ന തരത്തില്‍ വീഡിയോ ഇടുന്ന ദയ അശ്വതിയോട് ഇതിലൂടെ മാത്രമെ പ്രതികരിക്കാന്‍ സാധിയ്ക്കുകയുള്ളൂ. ഇനി മൗനം പാലിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കേസ് കൊടുത്തതായി അറിയിച്ച് അമൃത സുരേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ്.
കൂടാതെ തന്റെ ചിത്രം ഉപയോഗപ്പെടുത്തി വ്യാജ വാർത്ത കൊടുത്ത ഒരു യുട്യൂബ് ചാനലിന് എതിരെയും അമൃത പരാതി നൽകിയിട്ടുണ്ട്. മിസ്റ്ററി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെയാണ് അമൃതയുടെ പരാതി.
ഏതാനും ദിവസങ്ങൾക്കു മുമ്പ് അന്യഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകൾ മരണപ്പെട്ട വാർത്ത കൊടുത്തപ്പോൾ തെറ്റിദ്ധരിപ്പിക്കാനും കൂടുതൽ പ്രേക്ഷകരെ ലഭിക്കാനുമായി തന്റെയും അമൃത എന്ന പേരുള്ള മറ്റ് ചില പ്രശസ്തരുടെയും കരയുന്ന ചിത്രം ഉപയോഗിച്ചുവെന്നാണ് അമൃത പരാതിയിൽ പറഞ്ഞത്.


Click it and Unblock the Notifications