സീറോ ബാലന്‍സുള്ള അക്കൗണ്ടും മകളും മാത്രമാണ് കൂടെ ഉണ്ടായിരുന്നത്! ആ ജീവിതം അവസാനിപ്പിച്ചതിനെ പറ്റി അമൃത
സംഗീത റിയാലിറ്റി ഷോ യില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ന് മലയാളത്തിലെ പിന്നണി ഗായികയായി വളര്‍ന്നിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ബിഗ് ബോസില്‍ പങ്കെടുക്കുകയും സിനിമയില്‍ അഭിനയിക്കാനുള്ള മുന്നൊരുക്കം എടുത്തതുമടക്കം കരിയറില്‍ ഉയരങ്ങളിലേക്കാണ് അമൃതയുടെ യാത്ര. എന്നാല്‍ അവിടുന്നും പിടിച്ച് താഴേക്കിടുന്നത് പലവിധത്തിലുള്ള ആരോപണങ്ങളാണ്.
നടന്‍ ബാലയുമായിട്ടുണ്ടായിരുന്ന ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തിയത് മുതലാണ് അമൃതയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. കഴിഞ്ഞ ദിവസം മുന്‍ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി ഗായിക രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്റെ ജീവിതത്തെ കുറിച്ച് മുന്‍പൊരിക്കല്‍ ജോഷ് ടോക്‌സില്‍ അമൃത സംസാരിച്ച കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

'എന്റെ പാഷന്‍, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കില്‍ കരഞ്ഞെന്റെ ലൈഫ് തീര്‍ക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. എല്ലാവരും ചിന്തിക്കുന്നത് പോലെയുള്ള ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും വലിയൊരു ദിനമെന്നാണ്', അമൃത പറയുന്നത്.
ആ സ്വപ്ന ജീവിതത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എന്റെ ആകെ കൈയ്യില്‍ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലന്‍സ് അക്കൗണ്ടും. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവര്‍ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോള്‍ ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു.
ഞാനെന്നല്ല എന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഏതൊരു പെണ്‍കുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകില്‍ ഒന്നിനും കൊള്ളാത്തവള്‍ അല്ലെങ്കില്‍ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ചത് ഫാമിലി ആയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു', അമൃത പറയുന്നു.
'ഒരു സ്‌പെല്ലിംഗ് കറക്ഷനാണ് എന്റെ ലൈഫ് മൊത്തത്തില്‍ മാറ്റിയത്. How എന്ന് ചിന്തിച്ച ഞാന്‍ Who എന്ന് ചിന്തിച്ച് തുടങ്ങി. ആരാണ് ഞാനെന്ന ചോദ്യത്തില്‍ ഫോക്കസ് ചെയ്തു. എന്റെ കഴിഞ്ഞ കാര്യങ്ങളെല്ലാം തിരിഞ്ഞ് നോക്കിയപ്പോള്‍, ഇത്രയും പ്രശ്‌നങ്ങള്‍ അതിജീവിച്ച്, എന്റെ മകളെയും കയ്യില്‍ പിടിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരു ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയല്ല ഇപ്പോള്‍. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാന്‍ ആരാണെന്ന് മനസിലാക്കിയ അമൃതയാണിപ്പോള്‍. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകള്‍ ചെയ്തിട്ട് പരാജയം ഉണ്ടായാല്‍ അതൊരിക്കലും പരാജയം ആകില്ല.
പക്ഷേ തെറ്റാണെന്ന് മനസിലാക്കിയതിന് ശേഷം അത് ശരിയാക്കാതെ പരാജയം വരികയാണെങ്കില്‍ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാന്‍ എന്റെ ലൈഫില്‍ നിന്നും പഠിച്ചൊരു കാര്യമാണത്. അതാര്‍ക്കും സംഭവിക്കാതിരിക്കട്ടെ' എന്നുമാണ് അമൃത സുരേഷ് തുറന്ന് പറഞ്ഞത്.
മകളെ അമൃത സുരേഷ് തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അച്ഛനായ തന്നെ കാണിക്കുന്നില്ലെന്നുമൊക്കെ ആരോപിച്ച് കൊണ്ടായിരുന്നു നടന്‍ ബാല രംഗത്ത് വന്നിരുന്നത്. അമൃതയ്‌ക്കെതിരെ ചില ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇതിനെതിരെ നിയമവശങ്ങള്‍ കൂടി ചേര്‍ത്ത് പിടിച്ചായിരുന്നു അമൃത മറുപടിയുമായി എത്തിയത്. ഇതോടെ സത്യങ്ങള്‍ ആരുടെ ഭാഗത്താണെന്നുള്ള കാര്യം വ്യക്തമാവുകയും ചെയ്തു.


Click it and Unblock the Notifications











