'അഭീഷ്ടകാര്യ സിദ്ധി..., മൊത്തത്തിൽ രക്ഷപെട്ടെന്ന് കരുതണ്ട'; നിറചിരിയുമായി നിൽക്കുന്ന അമൃത സുരേഷിനോട് ആരാധകർ!
നടൻ ബാലയുടെ നാലാം വിവാഹത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത്. മുറപ്പെണ്ണ് കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. തീർത്തും ലളിതമായി നടന്ന വിവാഹത്തിൽ കസവ് മുണ്ടും വെളുത്ത ഷർട്ടും ധരിച്ചാണ് ബാല എത്തിയത്. വധു കോകില ഓറഞ്ച് നിറത്തിലുള്ള പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി സിംപിൾ ലുക്കിലായിരുന്നു എത്തിയത്.
ഇത് ബാലയുടെ നാലാം വിവാഹമാണ്. കാരണം അമൃതയെ വിവാഹം ചെയ്യും മുമ്പ് കന്നഡക്കാരിയായ ഒരു പെൺകുട്ടിയെ കൂടി ബാല വിവാഹം ചെയ്തിട്ടുണ്ടത്രെ. അമൃതയുമായി വേർപിരിഞ്ഞശേഷം എലിസബത്ത് ഉദയനേയും ബാല വിവാഹം ചെയ്തിരുന്നു. അങ്ങനെ നോക്കുമ്പോൾ കോകിലയുമായി നടന്നത് ബാലയുടെ നാലാം വിവാഹമാണ്.

നടന്റെ മാമന്റെ മകളാണ് കോകില. ചെറുപ്പം മുതൽ ബാലയെ കോകില സ്നേഹിക്കുന്നുണ്ടത്രെ. കോകിലയുടെ ഡയറി വായിച്ചപ്പോഴാണ് താൻ അത് മനസിലാക്കിയതെന്നും അവളുടെ സ്നേഹം മനസിലാക്കിയപ്പോഴാണ് വിവാഹത്തിന് സമ്മതം പറഞ്ഞതെന്നും താലികെട്ടിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞു. ബാലയ്ക്ക് അമൃതയുമായുള്ള വിവാഹത്തിൽ ഒരു പെൺകുഞ്ഞുണ്ട്. അമൃതയ്ക്കാണ് മകളുടെ സംരക്ഷണാവകാശം.
കുഞ്ഞിനെ കാണാൻ തനിക്കും അവസരം തരണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ വരെ ബാലയും അമൃതയും തമ്മിൽ സൈബർ ലോകത്ത് വാക്ക് പോരുണ്ടായിരുന്നു. സംഭവം വലിയ രീതിയിൽ ചർച്ചയായതോടെ ബാലയെ കാണാനോ സംസാരിക്കാനോ താൽപര്യമില്ലെന്ന് മകൾ തന്നെ സോഷ്യൽമീഡിയയിൽ വന്ന് പറഞ്ഞതോടെ അത് അവസാനിച്ചു.
മാത്രമല്ല തന്നേയും കുടുംബത്തേയും അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റിലൂടെയും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് അടുത്തിടെ അമൃത ബാലയ്ക്കെതിരെ പോലീസിൽ പരാതിപ്പെടുകയും നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമൃത പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് ചന്ദനകുറി തൊട്ട് പ്രസാദവുമായി നിറചിരിയുമായി നിൽക്കുന്ന ചിത്രങ്ങൾ സ്വന്തം ഫോട്ടോകൾ പങ്കിട്ട് സ്നേഹവും പ്രാർഥനയും എന്നാണ് അമൃത കുറിച്ചത്. ഒപ്പം കൂപ്പുകൈയുടെ ഇമോജിയും അമൃത ചേർത്തിട്ടുണ്ട്.
ഫോട്ടോ വൈറലായതോടെ വ്യത്യസ്തവും തമാശ നിറഞ്ഞതുമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. അഭീഷ്ടകാര്യ സിദ്ധി ലഭിച്ചതിന്റെ നന്ദി പ്രകാശനമായിരുന്നുവോ ക്ഷേത്ര ദർശനം എന്നായിരുന്നു ഒരാൾ ഗായികയോട് കമന്റിലൂടെ ചോദിച്ചത്.

മൊത്തത്തിൽ രക്ഷപെട്ടെന്ന് കരുതണ്ട. ഇതൊക്കെ ഒരു ടെംപറേറി സെറ്റപ്പാണ്... അണ്ണൻ വീണ്ടും വരും, ഒരു ആശ്വാസത്തിന് വകുപ്പുണ്ടെന്നല്ലേ കേളപ്പേട്ടാ അശരീരി കേട്ടത്..?, ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി അമൃത ചിരിക്കുന്നത് കുറെ കാലങ്ങൾക്ക് ശേഷമാണ് കാണുന്നത്. മറ്റേ തമിഴൻ തലേന്ന് പോയ ഒരാശ്വാസമാണല്ലേ..?,
ഈ ചിരിയും പ്രാർത്ഥനയും ഇഷ്ടായി അമൃത..., കഷ്ടകാലവും ബാധ ഉപദ്രവവുമൊക്കെ പോയി. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ, കുറച്ച് കാലത്തേക്ക് അമൃതയ്ക്ക് ആശ്വാസം കിട്ടിയല്ലേ..., അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു... ഇനി സമാധാനം ഉണ്ടാകട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഗോപി സുന്ദറുമായി ബാലയെ താരതമ്യപ്പെടുത്തിയുള്ള കമന്റുകളും അമൃതയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാല അണ്ണന്റെ ഈ മാസത്തെ വിവാഹത്തിന് മംഗളാശംസകൾ.
ഗോപി സുന്ദർ അണ്ണനും ബാല അണ്ണനും ഇഞ്ചോടിഞ്ച് പോരാട്ടം... മത്സരത്തിൽ കണ്ണുംനട്ട് കേരളവും തമിഴ്നാടും, പുണ്യം ചെയ്ത മാതാപിതാക്കളാണ് ഗോപി സുന്ദറിന്റെയും ബാലയുടെയും. ഓരോ വർഷം കൂടുമ്പോഴും പുതിയ പുതിയ മരുമക്കളെയല്ലേ കിട്ടിക്കൊണ്ടിരിക്കുന്നത് എന്നിങ്ങനെയും കമന്റുകളുണ്ട്. ബാലയുമായി വേർപിരിഞ്ഞ ശേഷം കുറച്ച് കാലം അമൃതയും ഗോപി സുന്ദറും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications