'എനിക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നും, പീഡനങ്ങൾ എല്ലാ സ്ഥലത്തും നടക്കുന്നുണ്ട്'
തട്ടീം മുട്ടീം എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും വാസവദത്തയെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ സുബ്രഹ്‍മണ്യൻ മലയാളികള്‍ക്ക് സുപരിചിതയാക്കി. പൂക്കാലം വരവായി എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിധ്യമാക്കി. കലാലോകത്ത് ഗായികയായും നടിയായുമെല്ലാം വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഇപ്പോൾ മധുരനൊമ്പരക്കാറ്റ് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മനീഷയെ പ്രേക്ഷകർ അടുത്തറിഞ്ഞത് താരം ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്.
സോഷ്യൽമീഡിയയിലും സജീവമായ മനീഷ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും തനിക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളും പങ്കുവെക്കുകയാണിപ്പോൾ ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ. അഭിനേത്രിയാണെങ്കിൽ കൂടിയും തനിക്ക് ഏറ്റവും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നുമാണെന്ന് മനീഷ പറയുന്നു.

കലാകാരൻ എന്നല്ല ഒരു മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ഏത് സാഹചര്യത്തേയും അതിജീവിക്കാനുള്ള കരുത്താണ്. ഞാൻ എന്റെ മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതും അത് തന്നെയാണ്. ഇമോഷണലായതുകൊണ്ട് സ്ട്രോങ്ങല്ലെന്ന് അർത്ഥമില്ല. സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും. അതാണ് നമ്മുടെ ഈ കാലഘട്ടം.
പ്രതികരണങ്ങൾ അപ്പോൾ തന്നെ പറയണമെന്ന നിലപാടുകാരിയാണ് ഞാൻ. നമ്മളെ കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും നമ്മൾ മാത്രമെയുള്ളുവെന്ന ബോധ്യം വേണം. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് പ്രതികരിച്ചിട്ടുമുണ്ട്. അങ്ങനെ പ്രതികരിക്കുന്നയാളായതുകൊണ്ട് തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുമുണ്ട്. എന്റെ കഴിവിലാണ് എനിക്ക് കോൺഫിഡൻസ്. അതുപോലെ എന്റെ കുറവുകളും എനിക്ക് അറിയാം.
മാത്രമല്ല ഒരാളുടെ കയ്യും കാലും പിടിച്ച് അവസരങ്ങൾ നേടാൻ താൽപര്യമില്ലാത്ത ഒരാളുമാണ് ഞാൻ. തെറ്റ് ചെയ്യാത്ത മനുഷ്യന്മാരില്ല. ഞാനും തെറ്റുകൾ ചെയ്തിട്ടുണ്ട്. അതൊന്നും വേറൊരാളുടെ ജീവിതത്തെ ബാധിക്കുന്നതോ എന്റെ ജീവിതത്തെ കുഴിയിൽ അകപ്പെടുത്തുന്ന രീതിയിലുള്ളതോവല്ല. എന്തുണ്ടായാലും ആ സമയത്ത് പ്രതികരിക്കുന്നയാളാണ് ഞാൻ. പട്ടിണി കിടന്നാലും അന്തസോടെ പട്ടിണി കിടന്ന് മരിക്കുക.
പെൺകുട്ടികൾ സ്വന്തം കുടുംബത്തിൽ പോലും സുരക്ഷിതരല്ല. പെൺകുട്ടികളെ വസ്ത്രം ധരിക്കാനും മറ്റും പഠിപ്പിക്കുന്നതിന് പകരം പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കുക. എനിക്ക് ഏറ്റവും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നുമാണ്. ശരീരത്തിൽ തൊടുന്നത് മാത്രമല്ല പീഡനമെന്ന് പറയുന്നത്. മാനസീകമായിട്ടുള്ളതും പീഡനം തന്നെയാണ്. സീരിയലിൽ മനീഷ സപ്ലൈ ചെയ്ത് നടക്കുകയല്ലേ എന്നൊക്കെയുള്ള രീതിയിൽ സംസാരിക്കുന്ന എത്രയോ ആൺ സുഹൃത്തുക്കളുണ്ടെന്ന് അറിയാമോ.

ക്യാരക്ടർ അസാസിനേഷൻ നടത്തുന്ന ഒരുപാട് പേരുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ നിന്നാണ് എനിക്ക് മാനസീക പീഡനം ഏൽക്കേണ്ടി വന്നിട്ടുള്ളത്. എവിടെ പോയാലും പ്രതികരിക്കുന്നയാളാണ് ഞാൻ. അതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞാലും അഭിമാനത്തോടെ നിലനിൽക്കാൻ പറ്റും. ദുരനുഭവങ്ങളുള്ള ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. ഇനിയെങ്കിലും ഇതെല്ലാം ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു. പീഡനങ്ങൾ എല്ലാ സ്ഥലത്തും നടക്കുന്നുണ്ട്.
ഒരു സ്ത്രീ പിഴക്കണമെന്നുണ്ടെങ്കിൽ നാല് ചുവരുകൾക്ക് ഉള്ളിൽ നിന്നുകൊണ്ടാകാം അല്ലാതെ ഒരു മേഖലയിലേക്ക് പോയാൽ പിഴക്കും എന്നില്ലെന്നും മനീഷ പറയുന്നു. വിവാഹമോചിതയായ മനീഷ രണ്ട് കുട്ടികളുടെ അമ്മയുമാണ്. സംഗീതമായിരുന്നു മനീഷയുടെ ആദ്യ തട്ടകം. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ മനീഷ റേഡിയോ മാധ്യമരംഗത്തും തിളങ്ങി. സംഗീതമായിരുന്നു അതിനും വഴി തെളിയിച്ചത്.
മനീഷ സീരിയലിന് പുറമെ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മനീഷ മോഹൻലാല്‍ ചിത്രമായ തന്മാത്രയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. രസതന്ത്രം, എന്നും എപ്പോഴും, ജനമൈത്രി തുടങ്ങി പതിനേഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല പന്ത്രണ്ടോളം സിനിമകളില്‍ ഡബ് ചെയ്‍തിട്ടുമുണ്ട്.


Click it and Unblock the Notifications