'എന്ത‍് കണ്ടിട്ടാണ് മ്യൂസിക്ക് പ്രൊഫഷനാക്കി വെച്ചിരിക്കുന്നത്?, ഇവനൊക്കെ എന്ത് ആവാനാണ്?, അന്ന് ഞാൻ ചിരിച്ചു'
പൂമുത്തോളെ എന്ന ഒറ്റ ഗാനത്തിലൂടെ തരംഗമായി മാറി ആരാധകരെ സമ്പാദിച്ച സംഗീത സംവിധായകനും ഗായകനുമാണ് രഞ്ജിൻ രാജ്. കുട്ടിക്കാലം മുതൽ സംഗീതത്തോട് പ്രത്യേക താൽപര്യമുണ്ടായിരുന്നതിനാൽ സംഗീതം ഭാവിയിൽ പ്രൊഫഷനായി കൊണ്ടുപോകണമെന്ന ആഗ്രഹം വിദ്യാർത്ഥിയായിരിക്കുമ്പോഴെ രഞ്ജിൻ രാജിന്റെ മനസിൽ ഉണ്ടായിരുന്നു. ഐഡിയ സ്റ്റാർ സിങറാണ് സിനിമയിലേക്കുള്ള വഴി രഞ്ജിന് എളുപ്പമാക്കി കൊടുത്തത്.
ഇപ്പോഴിതാ സംഗീതം സീരിയസായി കണ്ട് തുടങ്ങിയശേഷം അനുഭവിച്ചിട്ടുള്ള അപമാനങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ഗായകൻ. ഇൻഫൈൻ എന്റർടെയ്ൻമെന്റിന് രഞ്ജിൻ നൽകിയ അഭിമുഖത്തിലൂടെ തുടർന്ന് വായിക്കാം... എല്ലാവർക്കും എന്തായി തീരണമെന്ന ഒരു തിരിച്ചറിവ് ചൈൽഡ് ഹുഡ്ഡിൽ തന്നെ കിട്ടുമെന്ന് തോന്നുന്നു. ചെറുപ്പം മുതൽ സ്റ്റേജ് ഷോകളിലും ആനിവേഴ്സറി പോലുളള പരിപാടികളിലും ചെറുപ്പം മുതൽ കേറുന്നയാളാണ് ഞാൻ.

അന്നേ പാട്ടിനോട് ഒരു ഇഷ്ടമുണ്ട്. ഏറെയും ഭക്തി ഗാനങ്ങളാണ് പാടിയിരുന്നത്. ആനിവേഴ്സറി വരാൻ കാത്തിരിക്കും പാട്ട് പാടാൻ അവസരം കിട്ടാൻ. അഞ്ചാം ക്ലാസ് മുതൽ പാട്ടിന് വരികളെഴുതി കംപോസ് ചെയ്ത് കാസ്റ്റിൽ പാടി സൂക്ഷിക്കുമായിരുന്നു. സഭാകമ്പം മാറാൻ സഹായിച്ചത് ഐഡിയ സ്റ്റാർ സിങർ എന്ന പരിപാടിയാണ്. എന്നെ മോനെപ്പോലെ കാണുന്ന ഒരുപാട് ആളുകളുണ്ട്.
പുറത്ത് വെച്ചൊക്കെ കാണുമ്പോൾ കെട്ടിപിടിച്ച് അവർ സംസാരിക്കും. എന്റെ പാട്ടുകളെ കുറിച്ച് കണ്ണ് നിറഞ്ഞ് സംസാരിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പലർക്കും ജോസഫിലെ പൂമുത്തോളെ പാട്ടിനോട് വരുന്ന സ്നേഹത്തിൽ നിന്നുണ്ടായതാണ്. അതുപോലെ ഒരുപാട് റിജക്ഷൻസും നേരിട്ടയാളാണ്. സ്റ്റാർ സിങറിൽ പാടി കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഒരു സംഭവം നടന്നു.
സ്റ്റാർ സിങറിന്റെ പുതിയ സീസണിലേക്ക് വരുന്ന പിള്ളേരേ സ്വീകരിക്കാനായി പഴയ സ്റ്റാർ സിങറിലെ മത്സരാർത്ഥികൾ എല്ലാം കൂടിപ്പോകും. ആ സമയത്ത് നടന്നൊരു സംഭവം എനിക്കിപ്പോഴും ഓർമയുണ്ട്. തൃശൂർ ഒരു ഹോട്ടലുണ്ട്. അവിടെ ഞങ്ങൾ എല്ലാവരും ഇരിക്കുകയാണ്. അന്ന് എന്റെ കൂടെയുള്ളതിൽ ഒരാൾ ഭയങ്കരമായി പബ്ലിസിറ്റിയൊക്കെയുള്ള ഒരു പാട്ടുകാരൻ തന്നെ എന്നോട് പറഞ്ഞു.... ഞാനൊക്കെ മ്യൂസിക്ക് പ്രൊഫഷനായി വെച്ചാൽ മനസിലാക്കാം.
ഈ രഞ്ജിൻ രാജിനെപ്പോലുള്ള ആൾക്കാരൊക്കെ എന്ത‍് കണ്ടിട്ടാണ് മ്യൂസിക്ക് പ്രൊഫഷനാക്കി വെച്ചിരിക്കുന്നത്?. ഇവനൊക്കെ എന്ത് ആവാനാണ് എന്ന് ചോദിച്ചു. അത് കേട്ടിട്ടും ഞാൻ ചിരിച്ചുകൊണ്ടിരുന്നു. എനിക്ക് അതേ അറിയുള്ളു. എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. അത് കേട്ടപ്പോൾ വൈരാഗ്യമല്ല.

മനസിൽ വിഷമമാണ് വന്നത്. അതിനുശേഷം എന്റെ ആദ്യ പാട്ട് ഞാൻ കംപോസ് ചെയ്തു. അതിനുശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യം എന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത്. സ്നേഹത്തോടെ ആ പാട്ട് അദ്ദേഹത്തിന് കേൾപ്പിച്ച് കൊടുത്തു. പുള്ളി അത് കേട്ട് വളരെ സ്നേഹത്തോടെ കെട്ടിപിടിച്ച് എനിക്ക് ഉമ്മയൊക്കെ തന്നു. ഇതൊന്നും പുള്ളിയുടെ മിസ്റ്റേക്കായി ഞാൻ പറയില്ല.
ആ സമയത്ത് നമ്മൾ ഭാവിയിൽ എന്താകുമെന്ന് അവർക്കും അറിയില്ലായിരിക്കും. ഞാൻ കംപോസിങ്ങിലേക്ക് വരുമെന്നോ ആ ടാലന്റ് എന്റെ ഉള്ളിൽ ഉണ്ടെന്നോ അന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കാം. പക്ഷെ അങ്ങനൊരു കമന്റ് പറയാൻ പാടില്ലായിരുന്നു. കാരണം ആരെയും അണ്ടർസ്റ്റിമേറ്റ് ചെയ്യരുത്. ഒരാളെപറ്റി പരിധിവിട്ട് ഒന്നും അറിയാതെ കമന്റ് ചെയ്യരുത്.
വിവാദമാക്കാൻ പറഞ്ഞതല്ല. ഇക്കാര്യം പറഞ്ഞ് പോയിയെന്ന് മാത്രം രഞ്ജിൻ രാജ് പറയുന്നു. രഞ്ജിൻ രാജ് ജോസഫിനുശേഷം നിരവധി മലയാള സിനിമയ്ക്ക് ഈണം പകർന്നു. മാളികപ്പുറം, കാണെക്കാണെ, സുമതി വളവ് തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ട ചില സിനിമകൾ.


Click it and Unblock the Notifications











