'പ്രതീക്ഷിച്ചത്ര ബോറായിരുന്നില്ല, എന്റെ വീഡിയോകൾ കാണാൻ ചമ്മലാണ്'; നടിയായതിനെ കുറിച്ച് അഞ്ജു ജോസഫ്!
വർഷങ്ങൾ എത്ര കഴിഞ്ഞാലും അഞ്ജു ജോസഫ് മലയാളികൾക്ക് സ്റ്റാർ സിങിറിലെ കുട്ടിയാണ്. ഷോയുടെ നാലാം സീസണിൽ പങ്കെടുത്ത താരം കവർ സോങ്ങുകളും മറ്റുമായി പ്രേക്ഷകർക്കിടയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നുണ്ട്. സ്റ്റാർ സിങറിൽ പങ്കെടുക്കും മുമ്പ് വേറെയും ചില ഷോകളിൽ അഞ്ജു പങ്കെടുത്തിരുന്നു. ശേഷമാണ് സ്റ്റാർ സിങറിന്റെ നാലം സീസണിലേക്ക് അഞ്ജുവിന് സെലക്ഷൻ ലഭിച്ചത്. പതിനെട്ടാം വയസിലാണ് സ്റ്റാർ സിങറിൽ മത്സരിക്കാൻ അഞ്ജു എത്തിയത്. സ്റ്റാർ സിങറിൽ പങ്കെടുത്ത ശേഷമാണ് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നതെന്നും ആത്മവിശ്വാസമുള്ള പെൺകുട്ടിയായി താൻ മാറിയതെന്നും അഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഷോ കഴിഞ്ഞ ശേഷം ഒരുപാട് വേദികളിൽ ഒരുപാട് പ്രഗത്ഭരായ ഗായകർക്കൊപ്പം അഞ്ജുവിന് പാടാൻ കഴിഞ്ഞു. ഇപ്പോഴും സ്റ്റാർ സിംഗറിലെ അഞ്ജുവെന്ന ലേബലിൽ തന്നെയാണ് എല്ലാരും താരത്തെ തിരിച്ചറിയുന്നത് തന്നെ. 2011ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജു ജോസഫ് സിനിമ പിന്നണി ഗാന രംഗത്ത് എത്തുന്നത്. നിരവധി ഭക്തി ഗാന ആൽബങ്ങളിലും മറ്റും അഞ്ജു പാടിയിട്ടുണ്ട്. ബാഹുബലി എന്ന സിനിമയിലെ ദീവര എന്ന പാട്ടിന്റെ അക്കാപെല്ല വേർഷൻ അഞ്ജുവും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെടുകയും വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു.

സ്വന്തമായി ആൽബങ്ങൾ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അഞ്ജു അറിയപ്പെടുന്ന ഒരു വ്ലോഗ്ഗർ കൂടി ആണ്. തൃശ്ശൂർ സ്വദേശിയും ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്ക് ഷോയുടെ ഡയറക്ടറുമായ അനൂപ് ജോണിനെയാണ് അഞ്ജു വിവാഹം ചെയ്തത്. അഞ്ച് വർഷത്തിലധികം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗായിക അഞ്ജു ജോസഫ് മലേഷ്യയിലേക്ക് ഒളിച്ചോടി, അഞ്ജു ജോസഫ് മതം മാറി എന്നുള്ള തരത്തിലെല്ലാം മുമ്പ് പലതവണ താരത്തെ കുറിച്ച് സത്യമല്ലാത്ത വാർത്തകൾ അച്ചടിച്ച് വന്നിരുന്നു. തന്നെ കുറിച്ച് അടിസ്ഥാനമില്ലാതെ പുറത്തിറങ്ങുന്ന വാർത്തകളിലെ അതൃപ്തി പലതവണ സോഷ്യൽമീഡിയ വഴി അഞ്ജു പങ്കുവെക്കുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിലെ മ്യൂസിക്ക് പരിപാടിയിലെ അവതാരികയും കൂടിയാണ് ഇപ്പോൾ അഞ്ജു.

വർത്തമാനം പറയാൻ ഇഷ്ടമായതിനാൽ അവതാരകയായി എന്നും അഭിമുഖങ്ങൾ അതിനോടുള്ള താൽപര്യം കൊണ്ട് ചെയ്യുന്നതാണെന്നും അഞ്ജു പറഞ്ഞിരുന്നു. ഇപ്പോൾ ഗായിക, അവതാരക, വ്ലോഗർ എന്നിവയ്ക്ക് പുറമെ നടിയായും അഞ്ജു അറിയപ്പെടാൻ പോകുകയാണ്. അഞ്ജു അഭിനയിച്ച ആദ്യ സിനിമ അർച്ച 31 നോട്ട് ഔട്ട് റിലീസിനത്തിയിട്ടുണ്ട്. നടിയായതിന്റെ സന്തോഷം പങ്കുവെച്ച് അഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് റോയ് എന്ന ചിത്രത്തിൽ നിന്നാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഓക്കെ പറഞ്ഞതാണ്. പിന്നീടാണ് അർച്ചനയിൽ അവസരം ലഭിച്ചത്. റോയ് സിനിമയുടെ ഭാഗമായപ്പോൾ സിനിമ നല്ല അനുഭവം ആയി തോന്നിയിരുന്നു. അതുകൊണ്ടാണ് അർച്ചനയുടെ ഓഡീഷനും പോയത്.'

'ആദ്യം അഭിനയിച്ച സിനിമ റോയ് ആണ്. റിലീസിനെത്തിയത് അർച്ചന ആണ്. അഭിനയിക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയേറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം. അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം' അഞ്ജു പറയുന്നു. ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തിയ സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications