'സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല, എല്ലാം കടന്നുപോകുമെന്ന് ഓർക്കുക'; അഞ്ജുവിന്റെ വീഡിയോ
ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റിഷോയിലൂടെയാണ് മലയാളികൾക്ക് ഗായിക അഞ്ജു ജോസഫ് സുപരിചിതയാകുന്നത്. ഐഡിയ സ്റ്റാർ സിങർ നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു. ഷോയ്ക്കുശേഷം ഏതാനും ചില സിനിമകളിലലും ഗാനമാലപിച്ച് അഞ്ജു ജോസഫ് ശ്രദ്ധ നേടി. പിന്നെ മലയാളികൾ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജു ജോസഫിനെ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്.
കൂടാതെ ചില സിനിമകളിലും അഞ്ജു ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. സംഗീതം തന്നെയാണ് ഇപ്പോഴും അഞ്ജുവിന്റെ ജീവവായു. സ്റ്റേജ് ഷോകളും കവർ സോങ്ങുകളുമെല്ലാമായി അഞ്ജു തിരക്കിലാണ്. ഇപ്പോഴിതാ ഗായിക സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

പൊട്ടിക്കരയുന്ന അഞ്ജുവാണ് വീഡിയോയിലുള്ളത്. താൻ കടന്നുവന്ന ഒരു വിഷമഘട്ടത്തിന്റെ സമയത്ത് പകർത്തിയ വീഡിയോയാണ് അഞ്ജു ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. രണ്ടുവട്ടം ക്ലിനിക്കല്‍ ഡിപ്രഷന്‍ അഞ്ജുവിന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ കുറിച്ച് മാസങ്ങൾക്ക് മുമ്പ് അഞ്ജു വെളിപ്പെടുത്തിയിരുന്നു.
വർഷങ്ങളായുള്ള ട്രോമയിൽ നിന്നും സൗഖ്യം നേടുന്നത് ഇങ്ങനെയാണ് എന്ന് കുറിച്ചുകൊണ്ടാണ് അഞ്ജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഞാൻ ഇപ്പോൾ ഡബിൾ ഓക്കെയാണ്. നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ലെന്ന് പറയാൻ വേണ്ടിയാണ് എൻ്റെ ജേർണിക്കിടയിൽ ഇത്തരം ചില കാര്യങ്ങൾ ഞാൻ റെക്കോർഡ് ചെയ്തത്. നിങ്ങൾ കരയുക കരയുക കരയുക. നിങ്ങൾക്ക് സഹായം ലഭിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും.
നിങ്ങൾ അടിമുടി തകർന്നാലും വീണ്ടും വീണ്ടും എഴുന്നേൽക്കുക. എല്ലാം കടന്നുപോകുമെന്ന് ഓർക്കുക. നിങ്ങളുടെ സന്തോഷ നിമിഷങ്ങൾ പോലും എന്നാണ് അഞ്ജു കുറിച്ചത്. പൊട്ടിക്കരയുന്ന അഞ്ജുവിന്റെ വീഡിയോ കണ്ട് ആരാധകർ അടക്കം എന്ത് പറ്റിയെന്ന് ആശങ്ക പ്രകടിപ്പിച്ച് എത്തി. ആളുകൾ തെറ്റിദ്ധരിക്കാതിരിക്കാൻ കരയുന്ന വീഡിയോ ഇപ്പോൾ പങ്കുവെക്കാനുള്ള കാരണം കമന്റായും അഞ്ജു കുറിച്ചു. ഗയ്സ്... എനിക്ക് കുഴപ്പമൊന്നുമില്ല.
രോഗശാന്തിക്ക് സമയമെടുക്കുമെന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പോസ്റ്റ് ചെയ്‌തത്. പിന്നെ കരച്ചിൽ മോശമല്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു. ആര്യ ബഡായി, രചന നാരായൺകുട്ടി, അഭിരാമി സുരേഷ് തുടങ്ങിയ താരങ്ങളെല്ലാം അഞ്ജുവിനെ ആശ്വസിപ്പിച്ചും പിന്തുണ അറിയിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.

വഴിയില്‍ വെച്ച് പോലും വെറുതെ കരച്ചില്‍ വരുമായിരുന്നു. അങ്ങനെ ഒരിക്കല്‍ വണ്ടിയോടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ നിര്‍ത്താതെ കരച്ചില്‍ വന്നു. വണ്ടിയോടിക്കുന്നത് തുടര്‍ന്നാല്‍ അതെവിടെയെങ്കിലും ഇടിക്കും.
അങ്ങനെയാണ് നിര്‍ത്തിയിട്ട് കരഞ്ഞ് തീര്‍ക്കാമെന്ന് വിചാരിച്ചു. ഓരോ ദിവസവും ഞാന്‍ കരഞ്ഞുകൊണ്ടാണ് തുടങ്ങിയിരുന്നത്. ആ ഘട്ടം കടന്നതോടെ പിന്നെ അതോര്‍ത്ത് ഞാന്‍ കരഞ്ഞിട്ടേയില്ല. കരയുമ്പോള്‍ അവര്‍ക്ക് മനസമാധാനം കിട്ടുമെങ്കില്‍ അവരെ അതിന് അനുവദിക്കൂ എന്നാണ് പറയാനുള്ളത്.
ചിരിക്കുന്നവരോട് ഒരിക്കലും നമ്മള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെടാറില്ലല്ലോ. ഒരു സമയം വരെ കരയുന്നതിനെ ഞാനും ബലഹീനതയായാണ് കണ്ടിരുന്നത്. ഇപ്പോള്‍ ഞാനതിനെ പുല്‍കാന്‍ പഠിച്ചു. ഞാന്‍ സെന്‍സിറ്റീവ് ആയ ഒരു വ്യക്തി തന്നെയാണ്. അതിലെന്താണ് കുഴപ്പം എന്ന് ചിന്തിക്കാന്‍ തുടങ്ങി എന്നാണ് വിഷാദ രോഗസമയത്തെ അനുഭവങ്ങൾ വിവരിച്ച് അഞ്ജു പറഞ്ഞത്.


Click it and Unblock the Notifications