പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ ഭർത്താവിനോട് ഇഷ്ടം പറഞ്ഞു, കാത്തിരിക്കാൻ വയ്യായിരുന്നു; അനുരാധ പറയുന്നു
തെന്നിന്ത്യയിലെ ജനപ്രിയ ഗായിക ആണ് അനുരാധ ശ്രീറാം. കറുപ്പ് താൻ എനക്ക് പുടിച്ച കളറ് എന്ന പാട്ടിലൂടെ വൻ തരംഗം സൃഷ്ടിച്ച അനുരാധ ഇന്ന് റിയാലിറ്റി ഷോ ജഡ്ജ് ആയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ബോബെ എന്ന സിനിമയിലെ പാട്ടിലൂടെ ആണ് അനുരാധ പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക ആയിരുന്ന രേണുകയുടെ മകളാണ് അനുരാധ. കർണാടിക് സംഗീതഞ്ജനായ ശ്രീറാം പരശുറാമാണ് അനുരാധയുടെ ഭർത്താവ്. ലോകേഷ്, ജയന്ത് എന്നിങ്ങനെ രണ്ട് മക്കളും ഇരുവർക്കും ഉണ്ട്.

ഇപ്പോഴിതാ വികടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് അനുരാധ. ഭർത്താവിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും അനുരാധ സംസാരിച്ചു.
പുതു തലമുറയിലെ കുട്ടികൾക്ക് തന്നെ റിയാലിറ്റി ഷോ ജഡ്ജ് ആയാണ് അറിയുന്നതെന്ന് അനുരാധ പറയുന്നു. 'ഞാൻ പിന്നണി ഗായിക ആണെന്ന് പകുതി പേർക്കും അറിയില്ല. നിങ്ങൾ ആ ജഡ്ജ് അല്ലേ എന്നാണ് ചോദിക്കുന്നത്. കണ്ടതേ കോലം എന്ന് വിചാരിക്കുന്നത് പോലെ. ഞാൻ ഗായിക ആയിരുന്നോ എന്ന് എനിക്ക് തന്നെ ഇടയ്ക്ക് സംശയം വരും,' അനുരാധ തമാശയോടെ പറഞ്ഞു.

അനുരാധയെ പരിചയപ്പെട്ടതിനെക്കുറിച്ച് ഭർത്താവും സംസാരിച്ചു. 'യുഎസിൽ വെസ്ലിയിൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഞാൻ പിഎച്ച്ഡി ചെയ്യുമ്പോൾ ഇവൾ വേൾഡ് മ്യൂസിക്കിൽ മാസ്റ്റേഴ്സ് ചെയ്യുന്നുണ്ടായിരുന്നു. ഒരുമിച്ച് പ്രൊജക്ടുകളും മറ്റുമുണ്ടായിരുന്നു. അങ്ങനെയാണ് പരസ്പരം അറിയുന്നത്,' ശ്രീറാം പരശുറാം പറഞ്ഞു.
'അന്ന് നമ്മളെ സഹായിക്കാൻ വേണ്ടി അവിടെ ഒരു ഇന്ത്യൻ സ്റ്റുഡന്റിനെ നിയോഗിക്കും. എന്റെ ഇന്ത്യൻ സ്റ്റുഡന്റ് കോൺടാക്ട് ഇവർ ആയിരുന്നു,' അനുരാധ പറഞ്ഞു. പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ അനുരാധ തന്നോട് ഇഷ്ടം പറഞ്ഞെന്നും ശ്രീറാം വ്യക്തമാക്കി.

അനുരാധ വളരെ സിംപിൾ ആണ്. മനസ്സിൽ ഒന്ന് വിചാരിച്ചാൽ പെട്ടെന്ന് തന്നെ പറയും. പരിചയപ്പെട്ട് മൂന്നാം മാസത്തിൽ ഞങ്ങൾ ഒരുമിച്ച് കച്ചേരി ചെയ്തിരുന്നു, ശ്രീറാമിനെ ഇഷ്ടപ്പെടാനുള്ള കാരണമെന്തെന്ന് അനുരാധയും വ്യക്തമാക്കി.
'ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും എത്തിയപ്പോൾ ഞാൻ കാണാൻ പോയി. ഇവർ സംഗീത കുടുംബമാണ്. ഞാൻ പോയപ്പോൾ ഇവർ ഒരുമിച്ച് രാഗം പാടുകയായിരുന്നു. ഞാൻ വന്നപ്പോൾ എന്നെയും അവർ അതിൽ ഉൾപ്പെടുത്തി. എന്റെ ഫസ്റ്റ് ഇംപ്രഷൻ അതായിരുന്നു'

അവരാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണമായതെന്ന് കരുതുന്നു. സുഹൃത്ത് ആയിട്ടായിരുന്നു കണ്ടത്. പെട്ടെന്ന് ഇഷ്ടം തോന്നി. പിന്നീട് സുഹൃത്ത് ആയിക്കാണാൻ കഴിയില്ല. എന്തിന് സമയം കളയുന്നു എന്ന് കരുതി ഇഷ്ടം പറഞ്ഞെന്നും അനുരാധ വ്യക്തമാക്കി.
ഒരു പെൺകുട്ടിക്ക് സംഗീതം കരിയറാക്കാൻ കുടുംബത്തിന്റെ സപ്പോർട്ട് അന്ന് വേണമായിരുന്നെന്നും അനുരാധ പറഞ്ഞു. പിന്നണി ഗാന രംഗത്തേക്കാൾ കൂടുതൽ ഇന്ന് ടെലിവിഷൻ ഷോകളിലാണ് അനുരാധ സജീവം. വ്യത്യസ്തമായ ശബ്ദമുള്ള അനുരാധയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്.


Click it and Unblock the Notifications











