പ്രേമിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് അമ്മ... പിന്നീട് അരുണുമായി പ്രണയവും വിവാഹവും, നിമ്മിക്ക് പിറന്നാൾ
ഗായകനായ അരുണ്‍ ഗോപനും അഭിനേത്രിയും ഇൻഫ്ലൂവൻസറുമെല്ലാമായ നിമ്മിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലിലൂടെയായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവര്‍ ചാനലിലൂടെ പങ്കിടാറുണ്ട്.
ഗര്‍ഭിണിയായതും മകനെത്തിയതും അതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമെല്ലാം നിമ്മി സംസാരിക്കാറുണ്ട്. ഇന്ന് നിമ്മി പിറന്നാൾ ആഘോഷത്തിലാണ്. പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ച് അരുൺ ഗോപനും എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഷൈനിംഗ് സ്റ്റാറാണ് നിമ്മി എന്നാണ് പിറന്നാൾ ആശംസിച്ചുള്ള കുറിപ്പിൽ അരുൺ ഗോപൻ എഴുതിയത്.
എന്റെ ജീവിതത്തിലെ ഷൈനിംഗ് സ്റ്റാറിന് പിറന്നാളാശംസകള്‍... എന്റെ ഹൃദയത്തില്‍ പ്രകാശമായി നിറഞ്ഞുനില്‍ക്കുന്ന ആളാണ്. ഡാന്‍സറാണ്, ഇന്‍ഫ്ലൂവൻസറാണ്, സ്‌നേഹനിധിയായ ഭാര്യയാണ്, നല്ലൊരമ്മയും കൂടിയാണെന്നുമായിരുന്നു അരുണ്‍ നിമ്മിയെക്കുറിച്ച് എഴുതിയത്.

അരുണിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ നിമ്മിക്ക് ആശംസകൾ നേർന്ന് എത്തി. പ്രണയിച്ച് വിവാഹിതരായവരാണ് നിമ്മിയും അരുൺ ഗോപനും. കോളജ് കാലത്ത് പ്രണയവിരോധിയായിരുന്ന നിമ്മിക്ക് ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് അരുണിനോട് ഇഷ്ടം തോന്നിയിരുന്നു ഇക്കാര്യം താരം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാടാണ് നിമ്മിയുടെ സ്വദേശം. 'ഞങ്ങളുടെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ ആദ്യ തവണ കണ്ടപ്പോള്‍ തന്നെ എന്തോ ഒന്ന് തോന്നിയിരുന്നു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ ഞാനൊരു പ്രണയ വിരോധിയായിരുന്നു. എന്റെ ഫ്രണ്ട്സിന്റെയൊക്കെ പ്രണയം ഒറ്റികൊടുക്കുക അവരെ ഉപദേശിച്ച് ശരിയാക്കുക. വല്ലാത്തൊരു മൂരാച്ചി സ്വഭാവമായിരുന്നു എന്റേത്.'
'ഞാന്‍ അങ്ങനെയാകാന്‍ ഒരു കാരണവുമുണ്ട്. അതായത് അക്കാര്യങ്ങളിലൊക്കെ എന്റെ അമ്മ കുറച്ച് സ്ട്രിക്ടായിട്ടുള്ള വ്യക്തിയാണ്. എന്തിനാണ് വീട്ടില്‍ നിന്നും വെറുതെ തല്ല് കൊള്ളുന്നത് എന്ന് വിചാരിച്ചിട്ടായിരിക്കും ഞാന്‍ അങ്ങനെയായി പോയത്.'
'പക്ഷെ ഗോപുവിനെ കണ്ട സമയത്ത് ആ നിയന്ത്രണങ്ങളൊക്കെ ഞാന്‍ അങ്ങോട്ട് മറന്നു. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ചേരുന്ന ഒരാളെ കണ്ടുമുട്ടുമ്പഴാണ് എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മനസിലാവുകയുള്ളു', എന്നാണ് പ്രണയത്തിൽ വീണതിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ നിമ്മി പറഞ്ഞത്.

നിമ്മിയെ പോലെതന്നെ അരുണിനും ആദ്യ കാഴ്ചയിൽ തന്നെ നിമ്മിയോട് പ്രണയം തോന്നിയിരുന്നു. 'ഒരു ഷോയ്ക്കിടയിലായിരുന്നു കണ്ടത്. സംസാരിച്ചപ്പോള്‍ പ്രത്യേകമായൊരു വൈബ് അനുഭവപ്പെട്ടിരുന്നു. വീട്ടില്‍ നിമ്മിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. ഒരു ക്രിസ്മസ് കാലത്താണ് ഇതേക്കുറിച്ച് പറഞ്ഞത്. അവിടെ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.'
'എന്നാല്‍ നിമ്മിയുടെ വീട്ടില്‍ അതായിരുന്നില്ല അവസ്ഥ. പ്രേമിച്ചാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്നായിരുന്നു അമ്മ മകളോട് പറഞ്ഞത്. പ്രണയം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നുവെന്നാണ്', സംഭവബഹുലമായ പ്രണയത്തെ കുറിച്ച് അരുൺ മുമ്പ് പറഞ്ഞത്.
അവതാരകയായി തിളങ്ങി നിൽക്കുന്നതിനിടയിലായിരുന്നു നിമ്മി യുട്യൂബ് ചാനൽ തുടങ്ങിയത്. വിശേഷങ്ങളെല്ലാം പങ്കുവെച്ച് സജീവമായിരുന്നു താരം. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഇടവേളയെടുത്തിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. നിമ്മിയേയും അരുണിനേയും പോലെ ഇരുവരുടെയും മകനും ഒരു കൊച്ച് സെലിബ്രിറ്റിയായി മാറി കഴിഞ്ഞു.
കോഴിക്കോട് സ്വദേശിയായ അരുണ്‍ ഒരു ഡോക്ടർ കൂടെയാണ്. തന്റെ മെഡിക്കൽ പ്രൊഫഷനൊപ്പം തന്നെ സംഗീതവും കൂടെ കൊണ്ടുപോവുകയാണ് അരുൺ. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവുമെല്ലാം അരുൺ ഗോപൻ പാടിയവയാണ്.


Click it and Unblock the Notifications