twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്ത് നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു, കരിയറിൽ സംഭവിച്ചത്, ജി വേണുഗോപാൽ പറയുന്നു

    |

    ശബ്ദത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഗായകനാണ് ജി വേണു ഗോപാൽ. അസാധ്യ ഗായകനാണെങ്കിലും ഉയർച്ച താഴ്ചകളിലൂടെ നീങ്ങുന്നതാണ് അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ്. ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, കാണാനഴകുള്ള , ഒന്നാരാഗം പാടി എന്നീ ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. പാട്ടുകൾ ഹിറ്റാണെങ്കിലും ആദ്യ കാലത്ത വേണു ഗേപാലിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത ജീവിതത്തിലെ അതിജീവനഘട്ടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയഗായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്ന് എഴുതിയത്. തന്റെ കരിയറിലെ രണ്ടാം വരവിനെ കുറിച്ചാണ് വേണുഗോപാൽ പറയുന്നത്. ജീവിതം മാറ്റി മറിച്ച തിരിച്ച് വരവായിരുന്നു അത്.

    വേണു ഗോപാൽ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെ.തൊണ്ണൂറ്റിമൂന്ന് മുതല്‍ തൊണ്ണൂറ്റി ഒന്‍പത് വരെ സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂര്‍ണ്ണമായും ഫീല്‍ഡ് ഔട്ടായ സമയം! എന്ത്, എവിടെയാണ് കാല്‍ പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകള്‍. ജീവിതം കയറ്റിറക്കങ്ങളാല്‍ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വര്‍ഷങ്ങളും ഞാന്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്ന് സംശയം ജനിപ്പിച്ച ഒരു കെട്ട സമയം. ആകാശവാണിയിലെ ജോലി മനസ്സ് കൊണ്ട് വിട്ട് കഴിഞ്ഞിരുന്നു, തൊണ്ണൂറ്റി അഞ്ചില്‍ത്തന്നെ. ശമ്പളമില്ലാത്ത ലീവിലും അണ്‍ ഓതറൈസ്ഡ് ആബ്‌സന്‍സിലും ചെന്നെയില്‍ത്തന്നെ തുടരുകയായിരുന്നു, ഒരു ഗാനാഗ്രഹിയും സംഗീത അന്വേഷിയുമായിട്ട്. തൊടുന്നതെല്ലാം പൊട്ടിത്തകരുന്നു. മനസ്സിലെ കാര്‍മേഘങ്ങള്‍ക്ക് ഇരുട്ടും വ്യാപ്തിയും കൂടിക്കൊണ്ടിരുന്നു.

    വേണുവിന്റെ ഫോൺ

    ബെസന്റ് നഗറില്‍ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന അടുത്ത കുടുംബ സുഹൃത്തുക്കളായ വേണുവും പത്മജയും അഡ്വര്‍ട്ടൈസിംഗ് ഫീല്‍ഡിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഒരു ദിവസം വേണു വിളിക്കുന്നു... ‘ നമുക്കൊരാളെ പരിചയപ്പെടാനുണ്ട്... ഗുണമുള്ള കേസാ .. ഇയാളുടെ പാട്ട് വലിയ പിടുത്തമാണ്. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിനടുത്തുള്ള ഒരു ഹോട്ടലില്‍ വേണുവിന്റെ കാറില്‍ ഞങ്ങളെത്തുന്നു. റൂം തുറന്ന് അകത്തേക്ക് ക്ഷണിച്ച ആള്‍ ‘ഏതോ വാര്‍മുകിലില്‍ ‘ പാടിക്കൊണ്ടെന്നെ എതിരേറ്റു. പരിചയപ്പെടുത്താനും പരിചയപ്പെടുവാനുമുള്ള സാവകാശം നിഷേധിച്ച് കൊണ്ടയാള്‍ പാടിക്കൊണ്ടേയിരുന്നു, മുഴുവനും എന്റെ പാട്ടുകള്‍. ഉണരുമീ ഗാനം, താനേ പൂവിട്ട മോഹം, കാണാനഴകുള്ള, അങ്ങനെ ഓരോരോ ഗാനങ്ങളായി, എല്ലാം സ്വന്തം ടൂണിലും. പക്ഷേ അയാള്‍ക്ക് ചുറ്റും ഒരൂര്‍ജ്ജ വലയം ഉണ്ടായിരുന്നു. ഇന്‍ഫിക്ഷിയസ് എനര്‍ജി എന്ന് പറയാം. സുസ്‌മേരവദനനായി, സ്വന്തം ട്യൂണില്‍ ഒരു ഒന്‍പത് പാട്ട്കള്‍ പാടിയതിന് ശേഷം അയാള്‍ കൈ നീട്ടി. ‘ഞാന്‍ വി.കെ. പ്രകാശ്. ട്രെന്‍ഡ്‌സ് അഡൈ്വര്‍ട്ടൈസിങ് ‘. കിട്ടിയ ഗ്യാപ്പില്‍ വേണു എന്നെ പരിചയപ്പെടുത്തി, ‘ആളൊരു പുലിയാ, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏറ്റവും നല്ല ആഡ് കാംപൈനുള്ള അവാര്‍ഡ് ലഭിച്ച പുള്ളിയാ'. വി.കെ.പി. അപ്പോഴേക്കും ജയേട്ടന്റെ ഗാനങ്ങളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അങ്ങനെ രണ്ട് മണിക്കൂര്‍ നീണ്ട ഗാനസദിരിന് ശേഷം വെളിയിലിറങ്ങി ഞാന്‍ വേണുവിനോട് ചോദിച്ചു..... ‘ വട്ടാണോ?' വേണു പറഞ്ഞ് മനസ്സിലാക്കിത്തന്നു, വളരെ ക്രിയേറ്റീവ് ആയ വ്യക്തിയാണ്. പുള്ളിക്കാരന്‍ ഒരു സിനിമ ചെയ്യാനുള്ള പുറപ്പാടിലാണ്.
    എന്തായാലും അടുത്ത രണ്ട് മാസങ്ങള്‍ പഴയതുപോലെത്തന്നെ സംഭവരഹിതവും വിരസങ്ങളുമായി അടര്‍ന്നുവീണു.

    ഗിരീഷ്  പുത്തഞ്ചേരിയുടെ ഫോൺ വിളി

    ഒരു പകല്‍ ഗിരീഷ് (പുത്തന്‍ചേരി) വിളിക്കുന്നു. ഞാനിവിടെ ഹോട്ടല്‍ ‘ആദിത്യ ‘യില്‍ ഉണ്ട്. വേണുവേട്ടനൊന്നിവിടംവരെ വരണം. ഒരു കവിതയുണ്ട്. മനസ്സ് പ്രത്യേകിച്ച് സന്തോഷത്താല്‍ തുള്ളിച്ചാടിയൊന്നുമില്ല. ഓ... പാട്ടുകളൊക്കെ മറ്റുള്ളവര്‍ക്ക് കൊടുത്തിട്ട് ഇതാ കവിതയില്‍ തളച്ചിടാന്‍ എന്നെ വിളിക്കുന്നു, ഇതായിരുന്നു എന്റെ സംശയം. മാത്രമല്ല കുറച്ച് പരിഭവങ്ങളും ഗിരീഷിനോടുണ്ടായിരുന്നു. മനസ്സില്‍ കുത്തുവാക്കുകളുടെ കത്തിയുമൊളിപ്പിച്ചാണ് ഞാന്‍ ആദിത്യയിലെത്തുന്നത്. എന്റെയും ഗിരീഷിന്റെയും സമാഗമങ്ങള്‍ പലതും കലഹത്തില്‍ തുടങ്ങുകയോ അല്ലെങ്കില്‍ കലഹത്തിലവസാനിക്കുകയോ ആയിരുന്നു പതിവ്. അതൊക്കെ വേറൊരവസരത്തില്‍ പറയാം.

    വികെപി-ശിവമണി- ലൂയി ബാങ്ക്‌സ്

    വേണുവേട്ടാ ഇത് മലയാളം അടുത്തുകൂടി പോകാത്ത രണ്ടാശാന്മാനാരാണ് സംഗീതം നല്‍കുന്നത്. ലൂയി ബാങ്ക്‌സും ശിവമണിയും. ഈ കവിത അവര്‍ക്ക് വായിച്ചെടുക്കുവാന്‍ പറ്റില്ല. നമുക്കിത് സംഗീതം നല്‍കാം.' ഞാന്‍ ചോദിച്ചു, ‘ ആരാ സിനിമാ ഡയറക്ടര്‍? ‘
    ‘ഒരു പ്രകാശാ, വി.കെ.പി. എന്ന് പറയും.' പെട്ടെന്നെനിക്ക് കത്തി, ഒരു രാത്രി മുഴുവന്‍ സര്‍വ്വ സുപരിചിതമായ സിനിമാ പാട്ടുകളെല്ലാം സ്വന്തം ഈണത്തിലാക്കി നിറച്ച വ്യക്തി. ‘ അപ്പോള്‍ പുള്ളിക്ക് വട്ടില്ലല്ലേ' എന്റെ ആത്മഗതം ഒരല്‍പ്പം ഉറക്കെയായിപ്പോയോ എന്ന് ഞാന്‍ പേടിച്ചു. ഗിരീഷ് കവിതയുടെ സന്ദര്‍ഭം വിശദീകരിച്ചു. നിരാശയിലാണ് തുടക്കം. പോകെപ്പോകെ പ്രത്യാശയിലേക്കും ഗൂഢപ്രണയത്തിലേക്കും വാതില്‍ തുറക്കുന്ന ഈരടികള്‍. ശുഭപന്തുവരാളിയില്‍ തുടങ്ങി ഹംസനാദത്തിലൂടെ സഞ്ചരിച്ച് കര്‍ണ്ണാടിക്ക് കാപ്പി രാഗത്തില്‍ ആ കവിത അവസാനിക്കും. മുപ്പത് മിനിറ്റ് പോലുമെടുത്തില്ല കമ്പോസിങ്ങിന് . അങ്ങനെ ആ ഒരു കവിത പാടുവാന്‍ മൌണ്ട് റോഡിലെ വിജിപി സ്റ്റുഡിയോയിലെത്തിയ എന്നെ വി.കെ.പി. എന്ന പുതുമുഖ ഡയറക്ടര്‍, ‘പുനരധിവാസം' എന്ന തന്റെ സിനിമയിലെ ഗാന വിഭാഗം മുഴുവന്‍ ഏല്‍പ്പിച്ചു.

    വികെപിയുമായുള്ള സൗഹൃദം

    ആദ്യമായാണ് സ്ഥിരം സിനിമാ മാമൂലുകളില്‍ നിന്നും, ജാടകളില്‍ നിന്നുമെല്ലാം മാറി നില്‍ക്കുന്ന വ്യക്തിത്വമുള്ള ഒരു സിനിമാക്കാരനെ പരിചയപ്പെടുന്നത്. സിനിമക്ക് സാധാരണ പറഞ്ഞിട്ടില്ലാത്ത സത്യസന്ധതയും ആര്‍ജ്ജവവും കൈമുതലായുള്ള വി.കെ.പി.യോട് ഞാന്‍ പെട്ടെന്നടുത്തു. റിക്കാര്‍ഡിങ്ങും സംഗീത ചര്‍ച്ചകളും നിറഞ്ഞ് നിന്ന ആ മൂന്ന് നാളുകളില്‍ ഞങ്ങള്‍ ആത്മമിത്രങ്ങളായിത്തീര്‍ന്നു. പിയാനോയില്‍ മിന്നല്‍പ്പിണര്‍ പോലെ വിരലുകള്‍ ചലിപ്പിച്ചിരുന്ന ലൂയി ബാങ്ക്‌സിന്റെ പ്രതിഭ എന്നെ വളരെയേറെ ആകര്‍ഷിച്ചു.ഇതിനിടയില്‍ അത്യാവശ്യം ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും അണിയറക്ക് പിന്നില്‍ എന്നെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

    ഒഴിവാക്കാൻ ശ്രമിച്ചു

    ഒരു നീണ്ട ഗ്യാപ്പിന് ശേഷം പ്രധാനപ്പെട്ട ഒരു സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടുന്ന മുഖ്യധാരയിലില്ലാത്ത ഒരു ഗായകനെ തുടര്‍ന്നും ഫീല്‍ഡിന് പുറത്ത് നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. വി കെ പി യുടെ കടുംപിടിത്തമില്ലായിരുന്നെങ്കില്‍ ഇവിടെയും, സാധാരണ സിനിമാരംഗത്ത് സംഭവിക്കുന്നതെല്ലാം സംഭവിച്ചേനേ. പല ഗാനങ്ങളുമെന്ന പോലെ പുനരധിവാസത്തിലെ ഗാനങ്ങളും എനിക്ക് നഷ്ടപ്പെട്ടേനെ .2000ത്തിലെ നാഷണല്‍ ഫിലിംസ് അവാര്‍ഡ് സാധ്യതാ ലിസ്റ്റില്‍ പുനരരധിവാസത്തിലെ ഗാനങ്ങള്‍ എന്നെ ലാസ്റ്റ് റൗണ്ട് വരെ കൊണ്ട് ചെന്നെത്തിച്ചു. വി കെ പി അല്ലായിരുന്നു ആ സിനിമയുടെ സംവിധായകനെങ്കില്‍ ഒരു പക്ഷേ സിനിമാ സംഗീത രംഗത്തേക്ക് ഞാന്‍ ഒരിക്കലും തിരിച്ച് വരില്ലായിരുന്നു.

       നാഷണൽ അവാർഡ്

    വി കെ പി യുടെ ഒട്ടനവധി സിനിമകള്‍ക്ക്, ഹിന്ദിയുള്‍പ്പെടെ, ഞാന്‍ പിന്നീട് ശബ്ദം പകരുകയുണ്ടായി.രണ്ടായിരമാണ്ടിലെ ഏറ്റവും നല്ല പിന്നണിഗായകനുള്ള നാഷണല്‍ അവാര്‍ഡ് എന്നെ കൈവിട്ടെങ്കിലും രണ്ടായിരത്തിലെ ആദ്യ ദിനങ്ങളില്‍ മറെറാരവാര്‍ഡ് എന്നെത്തേടി വന്നു. അതെന്നെ വിട്ടു പോയിട്ടുമില്ല ഇന്നേവരെ.ഒത്തിരി വാശിയും, ഇത്തിരി സ്‌നേഹവും, അത്യാവശ്യം കുശുമ്പും കുന്നായ്മയും, മലര്‍ക്കെ ചിരിയും, മിണ്ടുമ്പോള്‍ കണ്ണീരുമൊക്കെയുള്ള ഒരു മകം നക്ഷത്രക്കാരി. ദേഷ്യക്കാരി. സുന്ദരി. എന്റെ മോള്‍ അമ്മുക്കുട്ടി.

    Read more about: g venugopal
    English summary
    Singer G venugopal About His Re-entry To Playback Singing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X