പ്രത്യേകിച്ചൊരു ആസക്തിയും ഒന്നിനോടുമില്ലാത്ത ആളാണ്! സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ പറ്റി ജി വേണുഗോപാല്‍
നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരന്‍ കൂടിയായ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ലോക്‌സഭാ ഇലക്ഷനില്‍ കേരളത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. ചരിത്ര വിജയം നേടിയ നടന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ് സിനിമാ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍.
എന്നാല്‍ സുരേഷ് ഗോപിയുമായി അടുത്ത സൗഹൃദത്തിലുള്ള ഗായകന്‍ ജി വേണുഗോപാല്‍ എഴുതിയ കുറിപ്പും ഇതിനിടയില്‍ ശ്രദ്ധേയമാവുകയാണ്. നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് മുതലിങ്ങോട്ട് നടന്ന സംഭവങ്ങളെ പറ്റി പറഞ്ഞതിന് ശേഷമാണ് ഗായകന്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'തിരക്കുകളെല്ലാമൊഴിയാന്‍ കാത്തു നിന്നു. എന്റെ കണ്‍ഗ്രാറ്റ്‌സ് മെസേജ്, മിസ്ഡ് കോള്‍ കണ്ടിട്ടാകണം സുരേഷിന്റെ ഫോണ്‍. ഞാന്‍ ചോദിച്ചു.
'സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?' 'വേണൂ, എന്റെ മനസില്‍ വേറൊന്നുമില്ല. ഞാന്‍ ജയിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൊള്ളാം. തോറ്റാല്‍ രാധികയ്ക്കും മക്കള്‍ക്കും കൊള്ളാം' ഈ മനുഷ്യന്‍ എന്നുമിങ്ങനെയായിരുന്നു.
പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂര്‍ണ്ണതയോടെ ചെയ്യാന്‍ തന്നെ തന്നെ മെഴുകുതിരി പോല്‍ ഉരുക്കിയൊഴിക്കുന്നൊരുത്തന്‍. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരന്‍ ചെറുപ്പക്കാരനെ ഞാനോര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
ഇഷ്ടപ്പെട്ട ഇടങ്ങളില്‍ നിന്ന് കടുത്ത വാക്കുകള്‍ നേരിടേണ്ടി വന്നാല്‍ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പില്‍ക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോള്‍ ഉള്ളില്‍ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം.
പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാന്‍ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവര്‍ അത് പ്രതീക്ഷിച്ചുമില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകന്‍ സുരേഷിനെ തേടിയെത്തുമ്പോള്‍ സന്ദര്‍ഭവശാല്‍ ഞാന്‍ സുരേഷിനൊപ്പമുണ്ട്.
ഇഷ്ടമുള്ളൊരു നേതാവിനെ കാണാന്‍, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താല്‍പര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോള്‍ ഞാന്‍ വിളിച്ചു. 'ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല' എന്ന് പറഞ്ഞു. പില്‍ക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയില്‍ വച്ചു നീട്ടി അതേ സന്ദേശവാഹകന്‍ എത്തുമ്പോള്‍ സുരേഷ് കൃത്യമായി പറഞ്ഞു. 'ഞാനാദ്യം ഒരു ഇലക്ഷന്‍ ജയിക്കട്ടെ, എന്നിട്ട് മതി'.
'രാഷ്ട്രീയത്തില്‍ ഇത്രയും ഒഴിഞ്ഞു മാറലുകള്‍ സാധ്യമാണോ? മേലാളന്മാര്‍ അത് സമ്മതിക്കുമോ?' ഞാന്‍ ചോദിച്ചു. 'എന്നെ ജനത്തിനും പാര്‍ട്ടിക്കും വേണമെങ്കില്‍ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കില്‍ വേണ്ട' ബി.ജെ.പി. പോലത്തെ ഒരു കാഡര്‍ ബേസ്ഡ് പാര്‍ട്ടിയില്‍ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുള്‍പ്പെടെ പലരും വിശ്വസിച്ചു.

ഇത്തവണത്തെ ഇലക്ഷന് മുന്‍പ് സുരേഷ് പാര്‍ട്ടിക്ക് മുന്‍പില്‍ വച്ച ഒരാവശ്യം, രണ്ട് വര്‍ഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ്. 'എന്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം.' കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാര്‍ട്ടിയും തിരിച്ചറിഞ്ഞു. അത്യപൂര്‍വ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരില്‍ നിന്നെല്ലാം സുരേഷിനെ മാറ്റി നിര്‍ത്തുന്നു.
ഇലക്ഷന്‍ ക്യംപെയിന്‍ കഴിഞ്ഞ് തളര്‍ന്ന് തരിപ്പണമായി വീട്ടില്‍ ചികിത്സയുമായി കഴിയുന്ന സുരേഷിനെ ഞാന്‍ മടിച്ചു മടിച്ചു വിളിച്ചു. 'എനിക്കെത്തിച്ചേരാന്‍ സാധിച്ചില്ല. വിജയം ആശംസിക്കുന്നു'. സുരേഷ് പറഞ്ഞു. 'എന്നോടടുപ്പമുള്ളവരോടെല്ലാം ഞാന്‍ പറഞ്ഞതാണ്. ആരുമെന്റെ ക്യംപെയിനിങ്ങിന് വരണ്ട. സോഷ്യല്‍ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങള്‍ക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തില്‍ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അത് മാറി വരും'
എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ. എതിരാളികള്‍ക്കും. കേരളത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമാറാകട്ടെ സുരേഷേ. ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാന്‍ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട്. ഒരല്‍പ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ക്കും ബാക്കി വയ്ക്കുക! വിജി... എന്നും പറഞ്ഞാണ് ഗായകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications