'അമ്മൂമ്മ ഞങ്ങളുടെ കെടാവിളക്കായിരുന്നു, സമാധാനത്തോടെ കടന്നുപോയി, അമ്മൂമ്മയെ ഓർത്ത് ദുഖമില്ല'; ജ്യോത്സ്ന
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഗായികയാണ് ജ്യോത്സ്‌ന. വ്യത്യസ്തമായ ഗാനങ്ങളാണ് ജ്യോത്സനയുടേതായി പുറത്തുവന്നിട്ടുള്ളത്. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്തി പ്രേക്ഷക ഹൃദയം കവർന്ന ഗായികയാണ് ജ്യോത്സന.
ആല്‍ബം ഗാനങ്ങളുമായും എത്താറുണ്ട് ഈ ഗായിക. ഇന്‍സ്റ്റഗ്രാമിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ജ്യോത്സ്‌ന. ജ്യോത്സ്‌നയ്ക്ക് ആരാധകർ കൂടിയത് റിയാലിറ്റി ഷോയിൽ മെന്ററായി വന്നശേഷമാണ്.
പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായി 2002ലായിരുന്നു ജ്യോത്സ്‌ന പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച അവസരങ്ങളായിരുന്നു ജ്യോത്സ്‌നയ്ക്ക് ലഭിച്ചത്.
മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് ഈ ഗായിക. സോഷ്യൽമീഡിയയിൽ സജീവമായ ജ്യോത്സ്നയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

അടുത്തിടെ തന്നെ വിട്ടുപിരിഞ്ഞ് അമ്മൂമ്മയെ കുറിച്ചാണ് ഹൃദയസ്പർശിയായ കുറിപ്പ് ജ്യോത്സ്ന പങ്കുവെച്ചിരിക്കുന്നത്. എന്നും അമ്മൂമ്മയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമെ കണ്ടിട്ടുള്ളൂവെന്നും കൊച്ചു മക്കളോട് ഏറെ സ്നേഹമായിരുന്നുവെന്നും ജ്യോത്സ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ 97 വയസുവരെ ജീവിച്ച് സമാധാനത്തോടെ കടന്നുപോയ അമ്മൂമ്മയെക്കുറിച്ചോർക്കുമ്പോൾ തങ്ങൾക്ക് ദുഖമില്ലെന്നും പകരം അമ്മൂമ്മയെ തങ്ങൾ ആഘോഷിക്കുകയാണെന്നും ജ്യോത്സ്ന പറഞ്ഞു.

'എനിക്കേറ്റവും വിലപ്പെട്ട എന്റെ അമ്മൂമ്മ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞങ്ങളെ വിട്ടുപോയി. അമ്മൂമ്മയെ ഓർക്കുമ്പോഴെല്ലാം വീടും ഓർമ വരും. അമ്മൂമ്മയുടെ സ്നേഹവും ആർദ്രതയും പരിശുദ്ധിയും ഓർമ വരുന്നു.'
'അമ്മൂമ്മ പാകം ചെയ്ത് തരുന്ന മാമ്പഴ പുളിശേരിയും പാവക്കയും പുളി ഇഞ്ചിയും കിട്ടാൻ കൊതിയോടെ നോക്കിയിരുന്ന കാലം ഇപ്പോഴും മനസിലുണ്ട്. 97 വയസുവരെ അമ്മൂമ്മ ജീവിച്ചു. കഴിഞ്ഞ ഒരു വർഷമായി ചെറിയ ഓർമക്കുറവ് ഉണ്ടായിരുന്നു.'

'പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളെല്ലാം അമ്മൂമ്മ പതിവായി കണ്ടു. വലിയൊരു ക്രിക്കറ്റ് പ്രേമി കൂടിയായിരുന്നു. അമ്മൂമ്മ ഒരു കെടാവിളക്കാണ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം മാത്രമെ കണ്ടിട്ടുള്ളു.'
'കൊച്ചുമക്കളേയും അവരുടെ മക്കളേയും കുറിച്ചെല്ലാം അമ്മൂമ്മ എപ്പോഴും ചോദിക്കുമായിരുന്നു. ജീവിതത്തിൽ ഞാൻ മുത്തശ്ശിയുടെ സ്നേഹം അറിഞ്ഞത് എന്റെ അമ്മൂമ്മയിലൂടെ മാത്രമാണ്. അമ്മൂമ്മയെ ഓർത്ത് ദുഖിക്കുകയല്ല മറിച്ച് അമ്മൂമ്മയെ ആഘോഷിക്കുകയാണ് ഞങ്ങള്‍ ഇപ്പോൾ.'

'ചുറ്റുമുള്ള എല്ലാവരുടേയും സ്നേഹത്തോടെ അനുഗ്രഹീതമായ ജീവിതം നയിച്ച അമ്മൂമ്മ കഷ്ടപ്പാടുകളില്ലാതെ സമാധാനത്തോടെ കടന്നുപോയി. ജീവിതത്തിലും മരണത്തിലും ദൈവത്തോടൊപ്പമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട തങ്കമണി മുത്തശ്ശി' എന്നായിരുന്നു ജ്യോത്സ്നയുടെ കുറിപ്പ്.
ജ്യോത്സ്നയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ജ്യോത്സ്നയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തി. ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്ന വ്യക്തി കൂടിയാണ് ജ്യോത്സ്ന. താരത്തിന്റെ സുഹൃത്ത് ബന്ധങ്ങളിൽ നിന്ന് തന്നെ അത് വ്യക്തമാണ്.

മുപ്പത്തിയാറുകാരിയായ ജ്യോത്സ്ന പാടിയതിൽ ഏറെയും ഗാനങ്ങൾ വമ്പൻ ഹിറ്റായി മാറിയവയാണ്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി 2020 ജ്യോത്സന പാടിയ ഗാനമാണ് ഏറ്റവും അവസാനം ഹിറ്റായത്. റഫ്താര എന്ന് തുടങ്ങുന്ന ഗാനത്തിന് ഇപ്പോഴും വലിയൊരു ആരാധക വൃന്ദമുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. അമ്മാവന്റെ മകനായ ശീകാന്തായിരുന്നു ജ്യോത്സ്‌നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇന്നൊരു മകനുണ്ട്.
അടുത്തിടെ ഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപ്തിയുമായി ചേർന്ന് ജ്യോത്സ്ന ഒരുക്കിയ മായിക എന്ന മ്യൂസിക്ക് വീഡിയോ വൈറലായിരുന്നു. ഫാന്റസിയും മാജിക്കൽ റിയലിസവും ചേർന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











