ഭർത്താവുമായി പ്രശ്നങ്ങളില്ല, അദ്ദേഹം കാരണമാണ് എനിക്ക് ജീവനുള്ളത്, വ്യാജ വാർത്ത പ്രചരിപ്പിക്കരുത്; കൽപ്പന
പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ഗായിക ശ്രമിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. ഒപ്പം സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ ഗായികയെ അലട്ടിയിരുന്നതായും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ അത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കുടുംബജീവിതത്തിൽ പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കി കൽപ്പന തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ചികിത്സയിൽ കഴിയുന്ന കൽപ്പന പങ്കുവെച്ച വീഡിയോ വൈറലാണ്. പഠനവും സംഗീതവുമെല്ലാം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള സ്ട്രെസ് തന്നെ അലട്ടിയിരുന്നുവെന്നും മരുന്ന് കഴിച്ചപ്പോൾ ഡോസ് കൂടിയതാണ് താൻ അബോധാവസ്ഥയിലാകാൻ കാരണമെന്നും കൽപ്പന വിശദമാക്കി.

കൽപ്പന രാഘവേന്ദറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്നേയും എന്റെ ഭർത്താവിനേയും കുറിച്ച് തെറ്റായ പ്രചാരണങ്ങൾ വാർത്തകളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്നത‍് ശ്രദ്ധയിൽപ്പെട്ടു. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തത നൽകാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്.
ഞാൻ പിഎച്ച്ഡി, എൽഎൽബി തുടങ്ങിയ നിരവധി വിഷയങ്ങൾ പഠിക്കുന്നുണ്ട്. അതുപോലെ എന്റെ മ്യൂസിക്ക് കരിയറിലും ഫോക്കസ് കൊടുത്ത് മുന്നോട്ട് പോവുകയാണ്. അതിനാൽ ഉണ്ടായ സ്ട്രസ്സിന്റെ അളവ് അധികമായി. മാത്രമല്ല കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃത്യമായ ഉറക്കം എനിക്ക് ഇല്ല. ഉറക്കമില്ലായ്മയുടെ പ്രശ്നത്തിന് ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്.
ഇൻസോമീനിയയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അതിന്റെ മരുന്നുകളും ഞാൻ കഴിക്കുന്നുണ്ട്. അതിൽ ഒരു മരുന്നിന്റെ ഡോസേജ് അന്നേ ദിവസം കഴിച്ചപ്പോൾ അധികമായി അതുകൊണ്ട് തന്നെ ശ്വാസകോശത്തിൽ ഇൻഫക്ഷനായി. മാത്രമല്ല ഞാൻ അൺകോൺഷ്യസായി. ഇന്ന് ഞാൻ ജീവനോടെ തിരിച്ച് വന്ന് നിങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം എന്റെ ഭർത്താവ് അന്നേ ദിവസം നടത്തിയ പ്രയത്നമാണ്.
എന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമം അത്ര വലുതായിരുന്നു. പോലീസ്, മീഡിയ, മെഡിക്കൽ, ആംബുലൻസ് എല്ലാം അവരാണ് കോർഡിനേറ്റ് ചെയ്തത്. കൃത്യ സമയത്ത് ഇതെല്ലാം നടന്നതുകൊണ്ടാണ് എന്റെ ജീവൻ രക്ഷിക്കാനായത്.

അതുകൊണ്ട് ദയവ് ചെയ്ത് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കരുത്. അത്തരം വാർത്തകൾ ആരും വിശ്വസിക്കരുത്. എനിക്ക് പേഴ്സണൽ പ്രോബ്ലങ്ങളൊന്നും ഇല്ല. ദൈവത്തിന്റെ കൃപയാൽ എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം പ്രസാദ് പ്രഭാകറിനെ എനിക്ക് ഭർത്താവായി ലഭിച്ചതാണ്. അതുപോലെ സ്നേഹമുള്ള ഒരു മകൾ ദയ പ്രസാദിനേയും എനിക്ക് ലഭിച്ചു എന്നതുമാണെന്നാണ് ഗായിക പറഞ്ഞത്.
കൽപ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വാർത്ത പ്രചരിച്ചപ്പോൾ മകളും വാർത്ത നിഷേധിച്ചിരുന്നു. എന്റെ അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അവർ പൂർണ്ണമായും സുഖമായിരിക്കുന്നു. അവർ സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവർ ഒരു ഗായികയാണ്. പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നതിനാൽ ഇത് ഉറക്കമില്ലായ്മയ്ക്ക് കാരണമായി.
ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദ്ദേശിച്ച ഗുളികകൾ അവർ കഴിച്ചു. സമ്മർദ്ദം കാരണം കഴിച്ച മരുന്നിന്റെ അളവ് അൽപ്പം കൂടിപ്പോയി. ദയവായി ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുത് എന്നായിരുന്നു കഴിഞ്ഞ ദിവസം മകൾ ദയ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.
ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള കൽപ്പന ഐഡിയ സ്റ്റാർ സിങറിൽ മത്സരാർത്ഥിയായിരുന്നു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമാണ്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട കല്‍പ്പനയെ അയൽക്കാർ കൂടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications