ഭാര്യയുടെയും കാമുകിയുടെയും പേരിൽ പാട്ടുകള്‍ ഉണ്ടാക്കേണ്ടി വന്നു! പൈങ്കിളി പാട്ടുകാരനെന്ന് വിളിച്ചുവെന്ന് ഷാഫി
ഒരു കാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ നിരവധി ആല്‍ബം സോംഗുകളുണ്ട്. ഇന്ന് പൈങ്കിളി പാട്ടുകളാണെന്ന് പലരും പറയുമെങ്കിലും അക്കാലത്തെ തരംഗം ഇത്തരം ആല്‍ബങ്ങളായിരുന്നു. അങ്ങനെ സ്വന്തമായി പാട്ടെഴുതി ട്യൂണ്‍ ചെയ്ത് പ്രശസ്തിയിലേക്ക് എത്തിയ താരമാണ് കൊല്ലം ഷാഫി.
അക്കാലത്ത് സ്വന്തം ഭാര്യയുടെയും കാമുകിയുടെയുമൊക്കെ പേര് വച്ചിട്ടും നഷ്ടപ്രണയത്തെ പറ്റിയുമൊക്കെയാണ് പാട്ടുകള്‍ എഴുതിയിരുന്നതെന്ന് പറയുകയാണ് ഷാഫിയിപ്പോള്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ കരിയറിനെ പറ്റി ഗായകന്‍ മനസ് തുറന്നത്.

പണ്ട് ഏതെങ്കിലും പാട്ടിന്റെ ട്യൂണിന് വരികളെഴുതിയിട്ട് എന്റെ ട്യൂണിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്. അത് പ്രയാസമാണെന്ന് മനസിലാക്കിയപ്പോള്‍ സ്വന്തമായി ഈണം ചേര്‍ത്ത് തുടങ്ങി. ആദ്യമൊക്കെ വോക്ക് മാനില്‍ റെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ഫോണിലാണ് റെക്കോര്‍ഡ് ചെയ്യുന്നത്.
താജുക്കാ ഉണ്ടാക്കിയ ട്രെന്‍ഡാണ് ഭാര്യമാരുടെയും കാമുകിമാരുടെയും പേരില്‍ പാട്ട് ഉണ്ടാക്കുന്നത്. അതോടെ പലരും നഷ്ടപ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ചുമൊക്കെയുള്ള പാട്ടുകള്‍ എഴുതാനാണ് പറയുക. അതുകൊണ്ട് തന്നെ പൈങ്കിളി പാട്ടുകാരാണെന്ന ആക്ഷേപം ഉണ്ടായി. ഞാനൊരു സൂഫി സ്റ്റുഡന്റ് ആയത് കൊണ്ട് താത്വികമായ കുറച്ച് കാര്യങ്ങളൊക്കെ എഴുതി. അതിനും എതിരഭിപ്രായവുമായി ചിലര്‍ ചോദിക്കാനായി വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നു.
ഞാനൊരു ദൈവ വിശ്വാസിയാണ്. പക്ഷേ മതഭ്രാന്തില്ല. മതത്തില്‍ അതുപാടില്ല, ഇത് പാടില്ല എന്ന് പല സ്ഥലത്തും പറയുമ്പോള്‍ അത് അവര്‍ പഠിച്ചതിന് അനുസരിച്ചു പറയുമായിരിക്കും. പക്ഷെ എല്ലാവരും അത് അനുസരിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മള്‍ ജീവിച്ചുവരുന്ന ചുറ്റുപാടുകളില്‍ നമ്മള്‍ക്ക് ബോധ്യമാകുന്ന ചില സത്യങ്ങള്‍ ഉണ്ടല്ലോ. ആ സത്യങ്ങള്‍ക്ക് അനുസരിച്ച് പോകുന്നതിനോടാണ് ഇഷ്ടം.
പ്രപഞ്ചത്തിന്റെ സൃഷ്ടാവാണ് ദൈവമെന്ന് പറയുകയാണെങ്കില്‍ ഇവിടെയുള്ള എല്ലാവരെയും ഒരുപോലെ കാണാന്‍ പറ്റുക എന്നതാണ് സൂഫിസത്തില്‍ ഉള്ളത്. ഞാനും അതങ്ങ് ഫോളോ ചെയ്യുന്നു എന്നേയുള്ളു. ഇന്നും അറിയാത്ത കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ആത്മീയതയും കച്ചവടമായത് കൊണ്ട് ഇതിലും കച്ചവടവത്കരിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ട്. അതൊക്കെ തിരിച്ചറിയാനുള്ള പഠിത്തമാണ് ഇപ്പോഴും നടത്തുന്നത്.

പാചകക്കാരനും ഓട്ടോക്കാരനുമൊക്കെയായിരുന്നു ഞാന്‍. പിന്നീടാണ് കലാകാരനായത്. അതിന് ശേഷം പഴയ ജീവിതത്തിലേക്ക് പോകേണ്ടി വന്നിട്ടില്ല. പക്ഷേ കോവിഡ് സമയത്ത് കുറച്ചുപ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി. എന്ത് ദുരന്തം ഉണ്ടായാലും ആദ്യം അടച്ച് പൂട്ടുന്നതും അവസാനം തുറക്കുന്നതും കലാമേഖലയാണ്.
ആ സമയത്താണ് വീടുപണി പൂര്‍ത്തിയാക്കിയത്. ബാധ്യതകള്‍ ഇല്ലാതെയാണ് വീട് നിര്‍മ്മിക്കുന്നത്. എന്നാല്‍ ബാങ്ക് ബാലന്‍സ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇനി എന്ത് ചെയ്യുമെന്ന നിലയില്‍ നിന്നുപോയപ്പോഴാണ് സുഹൃത്തിന്റെ കടയില്‍ ഡെയ്ലി എണ്ണൂറ് രൂപയ്ക്ക് ജോലി ചെയ്യാന്‍ പോകുന്നത്. അന്ന് കുറെ ആളുകളും സുഹൃത്തുക്കളുമൊക്കെ എന്നെ കുറ്റപ്പെടുത്തി. നീ എന്തിന്റെ പേരിലാണ് ഈ ജോലിക്ക് പോകുന്നത്, ഞങ്ങള്‍ തരില്ലേ എന്നൊക്കെയാണ് സുഹൃത്തുക്കള്‍ ചോദിച്ചത്.
ഞാന്‍ രോഗി ഒന്നുമല്ല, എനിക്ക് ആരോഗ്യമുണ്ട്, നിങ്ങള്‍ എത്ര കാലം സഹായിക്കും എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ആ സമയത്ത് എന്തുജോലി ചെയ്യാനും ഞാന്‍ തയ്യാറായിരുന്നു. പല കലാകാരന്മാര്‍ക്കും അതൊക്കെ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിങ്ങനെ മുടങ്ങി പോവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് വിളിച്ച് പറഞ്ഞ ആളുകള്‍ വരെ ഉണ്ടായിരുന്നുവെന്നും ഷാഫി പറയുന്നു.


Click it and Unblock the Notifications











