അങ്ങനെയാെരു തീരുമാനം എടുക്കാൻ ചിലർ ഭയക്കുന്നു; ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ച് മഞ്ജരി
ഗാന രംഗത്ത് തന്റെതായ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ ഗായികയാണ് മഞ്ജരി. തുടക്കകാലത്ത് തന്നെ ശ്രദ്ധേയ ഗാനങ്ങൾ പാടാൻ മഞ്ജരിക്ക് സാധിച്ചു. ഇളയരാജയാണ് മഞ്ജരിയെ പിന്നണി ഗാനരംഗത്തേക്ക് കൊണ്ട് വരുന്നത്. അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളിലൂടെയായിരുന്നു മഞ്ജരിയുടെ തുടക്കം. കരിയറിലെ തുടക്കകാലത്ത് തന്നെ പ്രഗൽഭരായ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജരിക്ക് കഴിഞ്ഞു. കരിയറിനൊപ്പം മഞ്ജരിയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
രണ്ട് വിവാഹങ്ങളാണ് മഞ്ജരിയുടെ ജീവിതത്തിൽ നടന്നത്. വിവേക് പ്രസാദ് എന്നാണ് ഗായികയുടെ ആദ്യ ഭർത്താവിന്റെ പേര്. 2009 ൽ വിവാഹിതരായ ഇരുവരും കുറച്ച് വർഷങ്ങൾക്കുള്ളിൽ വേർപിരിഞ്ഞു. 2022 ലാണ് മഞ്ജരി മറ്റൊരു വിവാഹത്തിന് മഞ്ജരി തയ്യാറായത്. ബാല്യകാല സുഹൃത്തായ ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായിക. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് മഞ്ജരി മനസ് തുറന്നത്.

ജീവിതത്തിൽ എടുത്ത തീരുമാനങ്ങളിൽ പരാജയം ഉണ്ടായി എന്ന് ഞാൻ പറയില്ല. എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. ചില തീരുമാനങ്ങൾ എടുക്കുമ്പോഴും എന്റെ കാഴ്ചപ്പാട് അത്രയും ശക്തമായിരുന്നു. പക്ഷെ അതിൽ വിഷമം ഇല്ല. ആദ്യ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തിൽ സങ്കടപ്പെടുന്നില്ലെന്നും മഞ്ജരി വ്യക്തമാക്കി.
ഒരു ജീവിത രീതി തെരഞ്ഞെടുത്ത് കഴിഞ്ഞ് അതിൽ യോജിച്ച് പോകാൻ പറ്റാത്തപ്പോൾ അടുത്തൊരു തീരുമാനം എടുക്കാൻ പാകത്തിന് മനസ് നിൽക്കും. ചില ആളുകൾക്ക് അങ്ങനെയൊരു തീരുമാനം എടുക്കാൻ ഭയം ഉണ്ടാകും. സ്വയം കുറ്റപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടില്ല. അതേസമയം തീരുമാനങ്ങൾ സാവകാശം എടുക്കണമെന്ന് തിരിച്ചറിഞ്ഞെന്നും എടുത്ത് ചാട്ടം മാറിയെന്നും മഞ്ജരി വ്യക്തമാക്കി.

രണ്ടാം വിവാഹത്തിന് ശേഷം ജീവിതത്തിൽ മാറ്റം വന്നിട്ടില്ലെന്നും മഞ്ജരി വ്യക്തമാക്കി. മുമ്പത്തെ പോലെ തന്നെ കരിയർ മുന്നോട്ട് കൊണ്ട് പോകുന്നു. ഒരുപാട് പേർ അഭിമുഖീകരിക്കുന്ന പ്രശ്നമാണത്. പക്ഷെ തനിക്ക് അങ്ങനെയൊരു തടസം വന്നിട്ടില്ലെന്നും മഞ്ജരി വ്യക്തമാക്കി. വിവാഹം മാജിക് പ്ലാനറ്റിലെ കുട്ടികളോടൊപ്പം ആഘോഷിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല. വാർത്തയായപ്പോൾ എല്ലാവരും അവിടെ വന്നതാണെന്നും മഞ്ജരി ചൂണ്ടിക്കാട്ടി. അമ്മയോടാണ് താൻ ഏറ്റവും കൂടുതൽ മനസ് തുറക്കാറെന്നും ഗായിക പറയുന്നു.
എല്ലാം തുറന്ന് സംസാരിക്കുന്നത് അമ്മയോടാണ്. ഏതൊരു വ്യക്തിക്കും സ്വന്തം മനസിനോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് സ്വന്തം അമ്മയായിരിക്കും. അമ്മയോട് പറയുമ്പോഴുള്ള ആശ്വാസം വേറെ ആരോട് പറഞ്ഞാലും കിട്ടില്ല. ഭർത്താവായാലും അനിയത്തിയായാലും അച്ഛനായാലും. ഞാൻ ഇൻഡിപെൻഡന്റ് ആകാൻ ശ്രമിച്ച ആളാണ്. അങ്ങനെ ജീവിച്ച് തുടങ്ങിയപ്പോൾ വളരെ ഇൻഡിപെന്റ് ആയിപ്പോയി. പിന്നീടാണ് നമ്മൾ ഇമോഷണലി ഡിപന്റ്ഡ് ആകണം. എന്നാലേ നമ്മൾ ആളുകളുമായി കണക്ട് ചെയ്യാൻ പറ്റൂ. അധികം സംസാരിക്കാത്ത പ്രകൃതമായതിനാൽ കരിയറിൽ താൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് മഞ്ജരി പറയുന്നു.
ചെറുപ്പം തൊട്ടേയുള്ള ചട്ടക്കൂടുകൾ തന്റെ ഈ പ്രകൃതത്തിന് കാരണമാണ്. എന്നാൽ താൻ അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ വന്നത് ആദ്യമാെക്കെ വിഷമമുണ്ടാക്കിയെന്നും മഞ്ജരി തുറന്ന് പറഞ്ഞു. കരിയറിൽ മികച്ച തുടക്കം ലഭിച്ച മഞ്ജരിക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇതിന് തന്നെക്കുറിച്ചുള്ള മുൻ ധാരണകളും കാരണമാണെന്ന് ഗായിക അഭിമുഖത്തിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











