എന്റെ വിഷമങ്ങളൊക്കെ ജെറിനോട് പറഞ്ഞിരുന്നു; സുഹൃത്തുക്കൾ മാത്രമായിരുന്ന സമയം; ഭർത്താവിനെക്കുറിച്ച് മഞ്ജരി
പിന്നണി ഗാനരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ഗായിക മഞ്ജരി. മഞ്ജരിയുടെ ഗാനങ്ങൾക്ക് അന്നും ഇന്നും ആരാധകരുണ്ട്. കരിയറിലെ തുടക്ക കാലത്ത് മുതൽ പ്രമുഖരായ സംഗീത സംവിധായകരുടെ ഗാനങ്ങൾ പാടാൻ മഞ്ജരിക്ക് കഴിഞ്ഞു. മഞ്ജരിയുടെ വ്യക്തി ജീവിതവും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. ഗായികയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. വിവേക് പ്രസാദ് എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, 2009 ൽ വിവാഹിതരായ ഇവർ പിന്നീട് വേർപിരിഞ്ഞു. ബാല്യകാല സുഹൃത്തായ ജെറിനെയാണ് മഞ്ജരി പിന്നീട് വിവാഹം ചെയ്തത്.
കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജരി. വിവാഹ ജീവിതത്തിൽ സന്തഷവതിയാണെന്ന് മഞ്ജരി പറയുന്നു. ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഞാനാഗ്രഹിച്ചത് പോലെ എന്റെ കൂടെയുള്ള ആളാണ്. ഇമോഷണലി ഡിപന്റഡ് ആകാൻ പറ്റിയ ആൾ. എന്റെ കൂടെ പഠിച്ചയാളും. കല്യാണത്തിന് മുമ്പ് വെറും സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ എനിക്ക് എന്തെങ്കിലും വിഷമം വരുമ്പോൾ ലാഘവത്തോടെ സംസാരിക്കും.

ഒരു വ്യക്തിക്ക് പല അനുഭവങ്ങളും ഉണ്ടാകാം. പക്ഷെ ഏറ്റവും കൂടുതൽ വിഷമം വരുന്നത് നമ്മളെ അഹങ്കാരിയെന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോഴാണ്. ഇവരെ എനിക്കിഷ്ടമല്ല, ഇവർ അഹങ്കാരിയാണെന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർ മാത്രമല്ല, സാധാരണക്കാരും പറയുന്നത് എത്ര മാത്രം വേദനിപ്പിക്കുമെന്ന് അത് അനുഭവിക്കുമ്പോഴേ മനസിലാവൂ.
എന്റെ ഈ വിഷമങ്ങളൊക്കെ ജെറിനോട് പറഞ്ഞിരുന്നു. ഒരുപാട് ഉപദേശങ്ങളും ആ സമയത്ത് തന്നു. അതൊന്നും സാരമില്ല, കാലക്രമേണ മാറിക്കോളും എന്നൊക്കെ പറഞ്ഞ് പിന്തുണച്ച ആളാണ്. ഇപ്പോൾ കൂടുതൽ സന്തോഷം ജെറിൻ മാത്രമല്ല, ജെറിന്റെ കുടുംബവും സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അത്രയും കെയർ ചെയ്താണ് അവർ തന്നെ കൊണ്ട് നടക്കുന്നതെന്നും മഞ്ജരി വ്യക്തമാക്കി. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പഴയത് പോലെ പിന്നണി ഗാന രംഗത്ത് തിരക്കില്ലാത്തതിനെക്കുറിച്ചും മഞ്ജരി സംസാരിച്ചു. പണ്ടത്തെ സിനിമ പോലെയല്ല ഇപ്പോഴത്തെ ട്രെൻഡ്. ഒരു സിനിമയിൽ അത്രയും പാട്ടുകൾ ഇല്ല. അവസരങ്ങൾ ഒരുപാട് പേർക്ക് കുറഞ്ഞ് തുടങ്ങി. കാരണം പാട്ടുകൾ കുറഞ്ഞു. പാട്ടുകാർ കുറേയുണ്ട്. പിന്നണി ഗാന രംഗത്ത് തനിക്ക് അധികം സൗഹൃദങ്ങൾ ഇല്ലെന്നും മഞ്ജരി പറയുന്നു.
സൗഹൃദത്തേക്കാൾ കൂടുതൽ ബഹുമാനമാണ്. സംഗീത സംവിധായകന്റെ കാല് തൊട്ട് നമസ്കരിക്കുക, പാടുക എന്നേയുള്ളൂ. അവരുടെയടുത്ത് അതിൽ കൂടുതൽ സൗഹൃദം എന്ന് ഞാൻ ചിന്തിക്കുന്നില്ല. ദേവരാജൻ മാഷിനെ കാണുന്നത് പോലെയാണ് ദീപക് ദേവിനെയും ഗോപി സുന്ദറിനെയും കാണുന്നതെന്നും മഞ്ജരി വ്യക്തമാക്കി.
അഹങ്കാരിയാണെന്ന തെറ്റിദ്ധാരണ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും മഞ്ജരി പറയുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായതിനാലാണ് അങ്ങനെയൊരു പ്രതിച്ഛായ വന്നത്. ഇതിന്റെ പേരിൽ അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമാെക്കെ ഇതിൽ വിഷമം തോന്നിയിരുന്നെന്നും മഞ്ജരി വ്യക്തമാക്കി. എല്ലാം തുറന്ന് സംസാരിക്കുന്നത് അമ്മയാേടാണ്. ഏതൊരു വ്യക്തിക്കും മനസിനോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് അമ്മയായിരിക്കും.
അമ്മയോട് പറയുമ്പോഴുള്ള ആശ്വാസം വേറെ ആരോട് പറഞ്ഞാലും കിട്ടില്ലെന്ന് മഞ്ജരി വ്യക്തമാക്കി. മുമ്പ് സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിരുന്നെങ്കിലും നിരസിച്ചു. എന്നാൽ ഇനി അഭിനയത്തോടും മുഖം തിരിക്കില്ലെന്ന് മഞ്ജരി പറഞ്ഞു.


Click it and Unblock the Notifications











