'പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചു, വനിതയുടെ റെക്കോർഡ് വിൽപ്പനയായിരുന്നു, ദാസേട്ടനെ കണ്ടാണ് പഠിച്ചത്'
സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. എം.ജിയുടെ പാട്ടുകൾ ഒരിക്കലെങ്കിലും മൂളുകയെങ്കിലും ചെയ്യാതെ ഒരു മലയാളിയുടെ ജീവിതവും കടന്നുപോകില്ല. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെ ലേഖ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. രുചികരമായ വിഭവങ്ങളുടെയും യാത്രകളുടെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞാണ് ലേഖ സോഷ്യൽമീഡിയയിൽ എത്താറുള്ളത്. ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു.
ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ലേഖയ്ക്കുണ്ടായിരുന്നു. ലേഖ വിവാഹിതയാണ്, മകളുണ്ട് എന്നെല്ലാം അറിഞ്ഞ് തന്നെയാണ് എതിർപ്പ് മറികടന്ന് എം.ജി ശ്രീകുമാർ ലേഖയെ ജീവിതത്തിലേക്ക് കൂട്ടിയത്.

ഇപ്പോഴിതാ എം.ജി ശ്രീകുമാറും ലേഖയും സിനിമാ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പ്രണയകാലത്തെ കുറിച്ച് വീണ്ടും ഓർത്തെടുത്തിരിക്കുകയാണ്. വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചതിന്റെ പേരിൽ പലരും തങ്ങളെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചുവെന്നും എം.ജി ശ്രീകുമാറും ലേഖയും പറയുന്നു. ഇരുവരുടെയും വാക്കുകളിലേക്ക്... 'ചിത്രം സിനിമയുടെ സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്.'
'ആ സമയത്ത് ലേഖ യുഎസ്സിൽ നിന്നും വന്ന സമയമായിരുന്നു. കവടിയാർ വഴി കാറിൽ യാത്ര ചെയ്യുകയായിരുന്ന ഞാൻ ചിത്രത്തിന്റെ കാസറ്റ് സുന്ദരിയായ ലേഖയ്ക്ക് നൽകി. അന്ന് എം.ജി ശ്രീകുമാർ എം.ജി ശ്രീകുമാറായിട്ടില്ല. അന്ന് എം.ജി ശ്രീകുമാറാണെന്ന് ലേഖയ്ക്ക് അറിയില്ലായിരുന്നു. കാർ സൈഡിൽ വന്ന് നിർത്തിയപ്പോൾ ലേഖ ഭയന്നു. നേരത്തെ തന്നെ ഫോളോ ചെയ്താണ് ലേഖയുടെ സ്ഥലം ഞാൻ മനസിലാക്കിയത്.'
'അന്ന് ഒരുപാട് മുടിയൊക്കെയായി വേറൊരു ലുക്കായിരുന്നു ലേഖയ്ക്ക്. ആ സമയത്ത് ലേഖയെ വർണിച്ച് കൈതപ്രം സാറിനെ കൊണ്ട് പാട്ട് എഴുതി വാങ്ങിപ്പിച്ചിട്ടുണ്ട് ഞാൻ. ഇഷ്ടമാണെന്ന് ലേഖ പറഞ്ഞിട്ടില്ല. പതിനാല് വർഷം വരെ നമുക്ക് കല്യാണം കഴിക്കാമെന്ന് ലേഖ പറഞ്ഞിട്ടില്ല. ആ സമയത്ത് ലേഖ വിവാഹിതയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് മൊബൈൽ ഒന്നും ഇല്ലല്ലോ. ലേഖ അമേരിക്കയിൽ നിന്നും നാട്ടിൽ വന്നശേഷം ഞങ്ങൾ ഒരുമിച്ച് പതിനാല് വർഷം ജവഹർനഗറിൽ ഫ്ലാറ്റെടുത്ത് താമസിച്ചു.'
'ഞാൻ എന്റെ വീട്ടിൽ പോകാറില്ലായിരുന്നു. ഭയങ്കര വഴക്കായിരുന്നു. ലേഖയുടെ പേരും പറഞ്ഞ് കൂട്ടുകാരും എന്നോട് വഴക്കിട്ടു. പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ഇവിടുത്തെ വലിയ വലിയ ആൾക്കാർ ശ്രമം നടത്തി. സദാചാര ഗുണ്ടകൾ ഭീഷണിപ്പെടുത്തി. ശേഷമാണ് ഞങ്ങൾ മനോരമയ്ക്ക് ഒരു അഭിമുഖം കൊടുത്തത്. ആ അഭിമുഖം വനിതയിൽ എം.ജി ശ്രീകുമാർ വിവാഹിതനായിയെന്ന തലക്കെട്ടോടെ വന്നു.'

'അന്ന് ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അന്ന് കടകളിൽ ആ ലക്കം വനിത വാങ്ങിക്കാൻ വൻ തിരക്കായിരുന്നു. ഞങ്ങളുടെ അഭിമുഖം വന്ന വനിതയാണ് റോക്കർഡ് സൃഷ്ടിച്ച് വിറ്റുപോയത്. ആ കണക്ക് ഇന്നും വനിതയുടെ ഓഫീസിലുണ്ട്. പിന്നെ ഞങ്ങൾ മൂകാംബികയിൽ പോയി വിവാഹം ചെയ്തു. അവിടുത്തെ ബൂത്തിൽ വെച്ചാണ് അമ്മയോട് വിവാഹമാണെന്ന് ഞാൻ വിളിച്ച് പറഞ്ഞത്.'
'വിവാഹം വേണ്ടെന്നായിരുന്നു തീരുമാനിച്ചത്. പക്ഷെ അന്ന് വിവാഹിതരാകാതെ വേറെ രക്ഷയില്ല. അതുകൊണ്ട് വിവാഹം ചെയ്തു. ഞാൻ എവിടെ പോയാലും ഭാര്യയെ കൊണ്ടുപോകുന്നതിന് പലരും കുറ്റം പറയുമായിരുന്നു. പക്ഷെ ഈ പറഞ്ഞവരെല്ലാം ഇപ്പോൾ ഏത് ഫങ്ഷന് പോയാലും മുന്നിൽ ഭാര്യ കാണും പിറകിലായിരിക്കും ഇവര് പോകുന്നത്. ഞാൻ ദാസേട്ടനെ കണ്ടാണ് പഠിച്ചത്. കാരണം ദാസേട്ടൻ എവിടെ പോയാലും പ്രഭ ചേച്ചി ഒപ്പം കാണുമെന്നാണ്', എം.ജി ശ്രീകുമാർ പറഞ്ഞത്.
തന്റെ ആദ്യ വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞാണ് എം.ജി ശ്രീകുമാറിനെ കാണുന്നതെന്നും താൻ നേരത്തെ തന്നെ വിവാഹിതയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും പറഞ്ഞിരുന്നുവെന്നും പക്ഷെ എം.ജി ശ്രീകുമാർ ഗൗനിച്ചില്ലെന്നും ലേഖയും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications