'എത്ര ക്രൂരമാണ് വിധി... സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ'; ഉറ്റ സുഹൃത്തിന്റെ വേർപാടിൽ തകർന്ന് എം.ജി!
മലയാളത്തിന്റെ നിത്യഹരിത ഗായകനാണ് എം.ജി ശ്രീകുമാർ. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമ പിന്നണി ഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഈ ഗാകന്റെ പാട്ടുകൾ കേൾക്കാതെ ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. മോഹൻലാൽ എന്ന നടനോട് എത്രത്തോളം പ്രിയമുണ്ടോ... അത്രത്തോളം തന്നെ സ്നേഹം എം.ജിയോട് മലയാളികൾക്കുണ്ട്. ഇരുവരും ഒന്നാണായെന്ന് പോലും ചില പാട്ടുകൾക്ക് കേൾക്കുമ്പോൾ ആസ്വാദകന് അറിയാതെ തോന്നിപ്പോകും.
മലയാള സിനിമയുടെ പിന്നണിയിലും മിനിസ്ക്രീൻ സംഗീത റിയാലിറ്റിഷോയിലും യുട്യൂബ് ചാനലുമായും എല്ലാം എം.ജി ശ്രീകുമാർ സജീവമാണ്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ജഡ്ജും എം.ജി ശ്രീകുമാർ തന്നെയാണ്.

ഗായകരായ കുഞ്ഞുങ്ങളെ അത്ര മനോഹരമായാണ് അദ്ദേഹം ഹാന്റിൽ ചെയ്യുന്നതും കാര്യങ്ങൾ പഠിപ്പിക്കുന്നതും. എംജിക്ക് കുട്ടികളോടുള്ള അതേ സ്നേഹം കുട്ടികൾക്ക് എം.ജിയോടുമുണ്ട്. സൗഹൃദങ്ങൾക്കും വലിയ പ്രാധാന്യം ജീവിതത്തിൽ നൽകുന്ന എം.ജി നാല് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെയും ബന്ധങ്ങളുടെയും കഥയെല്ലാം സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കിടാറുണ്ട്.
മോഹൻലാൽ, പ്രിയദർശൻ എന്നിവരുമായെല്ലാം അടുത്ത സൗഹൃദം വർഷങ്ങളായി എം.ജിക്കുണ്ട്. കരിയറിൽ നേട്ടങ്ങൾ കൊയ്യാൻ സൗഹൃദ കൂട്ടായ്മയിൽ ലഭിച്ച ഗാനങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്. പ്രിയദർശൻ-മോഹൻലാൽ-എം.ജി ശ്രീകുമാർ ട്രയോ എപ്പോഴെല്ലാം ബിഗ് സ്ക്രീനിൽ ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വലിയ ഹിറ്റുകളാണ് പിറന്നതും.
ഇപ്പോഴും സൗഹൃദത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് എം.ജിക്ക്. എന്നാൽ ഇപ്പോൾ തന്റെ ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ട വേദനയിലൂടെയാണ് ഗായകൻ കടന്നുപോകുന്നത്. പനി ബാധിച്ച് മരിച്ച പ്രിയ സുഹൃത്തിനെ കുറിച്ച് ഹൃദയ വേദനയോടെ എം.ജി പങ്കിട്ട കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്ന് സഹോദരാ ഈ വേർപാട്... മരണമില്ലാത്ത ഒരുപാട് ഓർമകൾ.
ആന്റണി എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. നിസാരം ഒരു കൊതുക്. ഡെങ്കി. വെറും മൂന്ന് ദിവസം... എത്ര ക്രൂരമാണ് ഈ വിധി. നിമ്മിക്കും മക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശേഷി ദൈവം നൽകട്ടെ എന്നാണ് പ്രിയ സുഹൃത്തിന്റെ വേർപാടിനെ കുറിച്ച് എം.ജി ശ്രീകുമാർ എഴുതിയത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഗായകന്റെ സുഹൃത്ത് ആന്റണി മരിച്ചതെന്നാണ് മനസിലാവുന്നത്.

എം.ജി ശ്രീകുമാറിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേർ ഗായകനെ ആശ്വസിപ്പിച്ച് എത്തുന്നുണ്ട്. മഴക്കാലമായതോടെ ഡെങ്കിപ്പനി അടക്കമുള്ള അസുഖങ്ങൾ അതിവേഗത്തിലാണ് ആളുകളെ ബാധിക്കുന്നത്. പനിയായതുകൊണ്ട് തന്നെ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഗായകൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
മഴയ്ക്കൊപ്പം പകർച്ചവ്യാധികളായ ഡെങ്കിപ്പനി മാത്രമല്ല എച്ച്1എൻ1, എലിപ്പനി എന്നിവയും വ്യാപകമായി പടർന്ന് പിടിക്കുന്നുണ്ട്. പകർച്ചപ്പനി പ്രതിരോധിക്കാൻ മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നത് ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആഹാരവും വെള്ളവും വൃത്തിയായി സൂക്ഷിക്കണം.
കൊതുക് വളരുന്നത് തടയാൻ ആഴ്ച തോറുമുള്ള ഉറവിട നശീകരണം ഫലപ്രദമായി നടത്തിയാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം. മലിനമായ വെള്ളത്തിലും മണ്ണിലുമാണ് എലിപ്പനിയുടെ രോഗാണുക്കളുണ്ടാകുക.
വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ മുൻ കരുതലെടുക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണണെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിലുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം നിപ്പ ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ കർശന നിർദേശങ്ങൾ ആരോഗ്യവകുപ്പ് ജനങ്ങൾക്കായി ഇറക്കിയിട്ടുണ്ട്.


Click it and Unblock the Notifications