ബുള്‍ഗാന്‍ താടിയും ആക്ഷന്‍ ഹീറോ ലുക്കും, ചിത്രത്തിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് ജയചന്ദ്രൻ
താരങ്ങളുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഗായകൻ പി ജയചന്ദ്രന്റെ ചിത്രം പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു.മസില്‍ പിടിച്ച് ബുള്‍ഗാന്‍ താടിയും മീശയും പിരിച്ച് നിൽക്കുന്ന പ്രിയഗായകന്റെ ചിത്രം ആദ്യം എല്ലാവരും സംശയ ദൃഷ്ടിയോടെയായിരുന്നു നേക്കിയത്. ഇത് അദ്ദേഹം തന്നെയാണോ യഥാർഥ ചിത്രം തന്നെയാണോ ഇങ്ങനെ ആയിരം സംശയമായിരുന്നു ആ ഒരൊറ്റ ചിത്രം കൊണ്ട് സൃഷ്ടിച്ചത്. എന്നാൽ പിന്നീട് ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തു വരുകയായിരുന്നു.
ജയചന്ദ്രന്റെ പുതിയ ലുക്കിനെ പുകഴ്ത്തി സിനിമ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഹോളിവുഡ് താരത്തിന്റെ ഛായയുണ്ടെന്നായിരുന്നു ഭൂരിഭാഗം പേരുടേയും കണ്ടെത്തൽ. 76ാം വയസ്സിലും ഫിറ്റ്നസ്സിന്റെ രഹസ്യം എന്താണെന്ന് അറിയാനുമായിരുന്നു എല്ലാവർക്കും താൽപര്യം. ഇപ്പോഴിത ആ ചിത്രത്തിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിരിക്കുകയാണ് ഭാവ ഗായകൻ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

എന്റെ സുഹൃത്ത് എടുത്ത ചിത്രമാണിത്. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ? നടക്കാനൊക്കെ പോകുമായിരുന്നു. കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം. ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണല്ലോ.

ലോക്ക് ഡൗൺ അല്ലേ വേറെ പരിപാടികൾ ലോക്ക്ഡൗൺ അല്ലേ? വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വെെറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യമറിയാൻ ഒരുപാട് പേർ വിളിക്കുന്നുണ്ട്.ഇപ്പോൾ ഞാൻ ബിജിബാലിന്റെ അടക്കം ഏതൊക്കെയോ സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്തെ പാട്ടുകളൊന്നും മനസ്സിൽ നിൽക്കുന്നില്ല.''- ജയചന്ദ്രൻ പ റയുന്നു.

ഫോട്ടോ കണ്ട് മോഹന്‍ലാല്‍ വിളിച്ചിട്ട്, ജയേട്ടാ അടിപൊളിയായിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. പിന്നെ മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു. അങ്ങനെ കുറേപ്പേര്‍ വിളിച്ച് ചോദിച്ചപ്പോഴാണ് ഇത് ഫേയ്മസായതായി ഞാനും അറിയുന്നത്.. ക്യൂവന് നൽകിയ അഭിമുഖത്തിൽ പ്രിയ ഗായകൻ പറഞ്ഞു.മീശയിലും താടിയിലുമെല്ലാം എപ്പോഴും പരീക്ഷണം നടത്താറുണ്ടെന്നും ലോക്ഡൗണ്‍ കാലത്ത് പുറത്തുപോയി മുടിവെട്ടാന്‍ സാധിക്കാത്തതിനാലാണ് മൊട്ടയടിച്ചതെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മനോഹരന്‍ നായര്‍ പറഞ്ഞു. ചിത്രത്തിലെ സ്‌റ്റൈലും അദ്ദേഹത്തിന്റെ സ്വന്തം ക്രിയേഷന്‍ ആണത്രേ. ഈ ചിത്രം ആദ്യം സുഹൃത്തുക്കളുടെ ഇടയിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വന്നതെന്നും പിന്നീട് പലരും ഫെയ്സ്ബുക്കിലൊക്കെ ഷെയര്‍ ചെയ്തപ്പോള്‍ വൈറലായി മാറിയെന്നും തന്റെ മകള്‍ വരെ വിളിച്ച് ഇത് ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചതായും മനോഹരന്‍നായര്‍ പറഞ്ഞു.

വർഷം തോറു ചെറുപ്പമാകുന്ന ശബ്ദമാണ് പി ജയചന്ദ്രന്റേതെന്നാണ് അദ്ദേഹത്തിന്റെആരാധകർ പറയുന്നത്.എന്നാൽ ഇപ്പോൾ ശബ്ദം മാത്രമല്ല അദ്ദേഹത്തിന്റെ ലുക്കും ചെറുപ്പമയിരിക്കുകയാണ്. ഒരു സിനിമ ഗ്രൂപ്പിലാണ് ആദ്യമായി ഭാവഗായകന്റെ ചിത്രം പുറത്തു വരുന്നത്. ആരും തെറ്റിധരിക്കരുത്.. ഇത് മലയാള സിനിമയിലെ വില്ലൻ കഥാപാത്രമല്ല. നമ്മുടെ ഗായകൻ ജയചന്ദ്രനാണ്.. എന്ന കുറിപ്പോടെയായിരുന്നു ചിത്രം പുറത്തു വന്നത്. ഗായകന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രം ഷെയർ ചെയ്യപ്പെടുകയും ചെയ്തു,


Click it and Unblock the Notifications