'രണ്ട് ദിവസമായി നിർത്താതെ ഫോൺ കോളാണ്, ആദ്യം നിങ്ങളെ അറിയിക്കണമെന്ന് തോന്നി'; വിവാഹത്തെ കുറിച്ച് റിമി ടോമി
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ഊർജസ്വലതയുടെ പര്യായമെന്ന പോലെയുള്ള അവതാരികയുമായി തിളങ്ങുന്ന പെൺകരുത്താണ് മലയാളികൾക്ക് റിമി ടോമി. റിമി ടോമി സോഷ്യൽമീഡിയയിലും സജീവമാണ്. കൂടാതെ കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് യുട്യൂബ് ചാനലും വ്ലോഗിങും റിമി ആരംഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സെലിബ്രിറ്റി എന്ന നിലയിൽ ഫോളോവേഴ്സും ഏറെയും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റിമി ടോമി. രണ്ട് ദിവസമായി ഓൺലൈൻ മീഡിയകളിലെല്ലാം റിമി ടോമി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന് നിരവധി വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ വൈറലായതോടെ സത്യാവസ്ഥ അന്വേഷിച്ച് രാപ്പകലില്ലാതെ നിരവധിപേരാണ് റിമി ടോമിയെ വിളിക്കുന്നത്. മറുപടി പറഞ്ഞ് മടുത്ത താരം വിവാഹം ഉടനെന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

റിമി ടോമിയുെട തന്നെ യുട്യൂബ് ചാനലിലാണ് റിമി മറുപടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'രണ്ട് ദിവസമായി എനിക്ക് തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം.... കല്യാണം ആയോ റിമി?. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്ന് പറഞ്ഞ് പല വീഡിയോകളും മറ്റും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്ന് മനസിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോട് പറയും.'

'ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ച് പൊയ്ക്കോട്ടെ. നിർത്താതെ ഫോൺ കോളുകൾ വരുന്ന കൊണ്ടാണ് മറുപടി പറയാമെന്ന് വിചാരിച്ചത്. എന്റെ വിശേഷങ്ങൾ അറിയാൻ താൽപര്യമുള്ളവരായിരിക്കുമല്ലോ വിളിക്കുന്നതും ചോദിക്കുന്നതും. അതുകൊണ്ടാണ് സത്യം വിശദമാക്കി വീഡിയോ ചെയ്യാമെന്ന് കരുതിയത്' റിമി പറഞ്ഞു. റിമി വീണ്ടും വിവഹിതയാകാൻ പോകുന്നുവെന്നും ചലച്ചിത്ര രംഗത്തുള്ള വ്യക്തിയാണ് വരനെന്നും വരെ വാർത്തകൾ വന്നിരുന്നു. റിമി വീഡിയോ പങ്കുവെച്ചതോടെ നിരവധി പേർ പിന്തുണച്ച് എത്തി. റിമി തന്നെ വിശദീകരണം നൽകിയതിൽ സന്തോഷമുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും കുറിച്ചത്.

11 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് മുൻ ഭാർത്താവ് റോയ്സും റിമിയും വിവാഹമോചിതരായത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞത്. 2008ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. വിവാഹമോചനം നേടിയ ശേഷം റോയ്സ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പുനർവിവാഹം ചെയ്തിരുന്നു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മുതൽ റിമിയേയും റോയിസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമൻ്റുകളുമായി എത്തിയിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ സോണിയയെയാണ് റോയ്സ് വിവാഹം ചെയ്തത്. ലൈം ലൈറ്റുമായി ബന്ധമില്ലാത്തവരാണ് സോണിയയും റോയിസും എങ്കിലും ഇവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
Recommended Video

തൻ്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും റിമി ടോമി മുമ്പെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി പറഞ്ഞിട്ടുണ്ട്. സൂപ്പർ കുടുംബം എന്ന മഴവിൽ മനോരമയിലെ പരിപാടിയിലൂടെയാണ് റിമി ടോമി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നത്.


Click it and Unblock the Notifications