'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി
അവതാരക, നടി, വ്ലോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏത് വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവ് തന്നെയുണ്ട് റിമി ടോമിയ്ക്ക്.
എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്.
എന്താണ് മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്ന ചോദ്യത്തിന് റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനുമത് പറയാം എന്നാണ് ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടി മറുപടി നൽകിയത്. കുറച്ച് വർഷം മുമ്പാണ് റിമിയ്ക്ക് പപ്പയെ നഷ്ടപ്പെട്ടത്.
പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിങ് അടുത്തിടെ ഷെയർ ചെയ്ത് റിമി എത്തിയിരുന്നു. റിമിയുടെ പപ്പയായ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014ലാണ് അന്തരിച്ചത്.

തന്റെ കഴിവുകള്‍ക്കെന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്.
റിമിയുടെ ആദ്യ ഗാനം ചിങ്ങമാസം വന്നുചേർന്നാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെയാണ് മലയാളികൾ കണ്ടത്.

കൊവിഡ് കാലത്താണ് റിമിയും യുട്യൂബ് ചാനൽ ആരംഭിച്ചത്. തന്റെ എല്ലാ വിശേഷങ്ങളും റിമി യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ മമ്മി റാണിക്കൊപ്പം ജയ്പൂർ പോയ വിശേഷങ്ങൾ റിമി യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച് എത്തിയിരുന്നു.
റിമിയുടെ സഹോദരങ്ങളുടെ കുട്ടികളും റിമിയും കട്ടകമ്പനിയാണ്. കൊച്ചമ്മയെന്നാണ് റിമിയുടെ സഹോദരങ്ങളുടെ കുട്ടികൾ റിമിയെ വിളിക്കുന്നത്. ഇപ്പോഴിത റിമി തന്റെ കുടുംബത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

വൈകുന്നേരത്തെ കാപ്പി എന്ന പേരിലാണ് വീഡിയോ റിമി പങ്കുവെച്ചിരിക്കുന്നത്. എറണാകുളത്തെ വീടിന്റെ ടെറസിൽ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചപ്പോഴുള്ളതാണ് വീഡിയോ.
റിമിയുടെ അമ്മ റാണി, സഹോദരി റീനു, റീനുവിന്റെ ഭർത്താവ് രാജു, ഇരുവരുടെയും മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവരാണ് വീഡിയോയിൽ ഉള്ളത്. ടെറസ്സിൽ ഒത്തുകൂടി ഇടയ്ക്ക് വിശേഷങ്ങൾ പങ്കുവെക്കാറുണ്ടെന്നും റിമി വീഡിയോയിൽ പറഞ്ഞു.

അമ്മ ധരിച്ചിരിക്കുന്ന ചുരിദാർ കണ്ട് അത് തന്റേതാണോയെന്ന് റിമി ചോദിക്കുന്നതും നിന്റെ ചുരിദാറിൽ എന്റെ കൈ പോലും കേറില്ലെന്ന് അമ്മ റാണി നർമ്മം കലർത്തി പറയുന്നതുമെല്ലാം വീഡിയോയിൽ കാണാം. സഹോദരിയുടെ മകൾ കുട്ടിമണി തന്നെ അമ്മ എന്നാണ് വിളിക്കുന്നതെന്നും റിമി വിഡിയോയിൽ പറഞ്ഞു.
കുട്ടിമണി എന്റെ മകളാണെന്ന് നിനക്ക് അറിയാമോ?. വൈകാതെ നീ അത് അറിയുമെന്ന് റിമി സഹോദരിയോട് തമാശ രൂപേണ പറയുന്നുമുണ്ട്. കുട്ടിമണിയെ നെഞ്ചോട് ചേര്‍ത്തു താലോലിക്കുന്ന റിമിയേയും വീഡിയോയില്‍ കാണാം.

അടുത്തിടെ കുട്ടിമണിയുടെ പിറന്നാൾ കുടുംബാഗങ്ങളെല്ലാം ചേർന്ന് ആഘോഷമാക്കിയിരുന്നു. കുട്ടിമണിയുടെ സഹോദരൻ കുട്ടാപ്പിയും പ്രേക്ഷകർക്ക് റിമിയുടെ വീഡിയോയിലൂടെ സുപരിചിതനാണ്.
റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകൾ കൺമണി എന്ന കിയാരയും സമൂഹമാധ്യമത്തിലെ താരമാണ്. കിയാര സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചില പൊതുവേദികളിലും കൺമണിയും കുട്ടാപ്പിയും റിമിക്കൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്.


Click it and Unblock the Notifications











