'കല്യാണം താൽപര്യമില്ല, ലിവിങ് ടുഗെതര്‍ മതി, മടുക്കുമ്പോള്‍ അടുത്തതിലേക്ക് പോകാം'; ശ്രേയയെ കുറിച്ച് അമ്മ!
സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ ഉയരങ്ങൾ കീഴടക്കിയ ഗായികയാണ് ശ്രേയ ജയദീപ്. വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ മനോഹരമായ ഹിറ്റ് ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരം ശ്രേയയ്ക്ക് ലഭിച്ചു.
ഈ കൊച്ചുമിടുക്കിയുടെ സ്വരമാധുരി ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുമുണ്ട്. ശ്രേയക്കുട്ടിയെന്ന് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് ഓടി വരുന്നത് കുഞ്ഞ് മീനാക്ഷിയുടെ മുഖമാണ്.
'എന്നോ ഞാനെന്റെ മുറ്റത്ത്' എന്നുള്ള അമർ അക്ബർ ആന്റണിയിലെ ഗാനം പുറത്തിറങ്ങിയപ്പോൾ ഹിറ്റായത് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മീനാക്ഷിയും പാട്ട് പാടിയ ശ്രേയക്കുട്ടിയുമാണ്. മീനാക്ഷിയുടെ മിക്ക സിനിമകളിലും മീനാക്ഷിക്കായി പാടാറുള്ളത് ശ്രേയ തന്നെയാണ്.
പ്ലസ് ടു പൂർത്തിയാക്കിയ ശ്രേയ ഉപരി പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മ്യൂസിക്കുമായി ബന്ധപ്പെട്ടുള്ള കോഴ്സാണ് കണ്ടെത്തി വെച്ചിരിക്കുന്നതെന്നും പതിനെട്ട് വയസാകുമ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങുമെന്നും അതിനായി നാളുകൾ എണ്ണി കാത്തിരിക്കുകയാണെന്നുമാണ് ശ്രേയ പറയുന്നത്.

ഇപ്പോഴിത കുടുംബസമേതം ശ്രേയ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ താരത്തെ കുറിച്ച് അമ്മയും സഹോദരനും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ശ്രേയയുടെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും കുറിച്ചാണ് അമ്മ സംസാരിച്ചത്. പല ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും കേട്ട് അമ്പരപ്പ് തോന്നിയെന്നാണ് ശ്രേയയുടെ അമ്മ പറയുന്നത്.
അവള്‍ക്ക് വീട്ടില്‍ നില്‍ക്കനൊന്നും താൽപര്യമില്ലെന്നും ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതേ കുറിച്ച് പറഞ്ഞപ്പോൾ തന്റെ ഭയത്തെ കുറിച്ച് പറഞ്ഞെന്നും പക്ഷെ ഒപ്പം ആരും വരേണ്ടതില്ലെന്ന നിലപാടിലാണ് ശ്രേയയെന്നും അമ്മ പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട ശ്രേയയുടെ കാഴ്ചപ്പാടുകളെ കുറിച്ചും അമ്മ സംസാരിച്ചു.

കല്യാണം താൽപര്യമില്ലെന്നും ലിവിങ് ടുഗെതര്‍ മതിയെന്നാണ് പറയാറുള്ളതെന്നും അമ്മ പറയുന്നു. 'ശ്രേയയ്ക്ക് കല്യാണം കഴിക്കാനൊന്നും താൽപര്യമില്ലത്രേ. ലിവിങ് ടുഗെതര്‍ മതിയെന്നാണ് പറഞ്ഞത്. അതാവുമ്പോള്‍ നമുക്ക് മടുക്കുമ്പോള്‍ അടുത്തതിലേക്ക് പോകാമല്ലോ എന്നാണ് ചോദിച്ചപ്പോള്‍ ശ്രേയ പറഞ്ഞ മറുപടി. ഞാന്‍ കരുതിയത് ഇവള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്നാണ്.'
'പക്ഷെ മറ്റുള്ളവരോട് പറയുമ്പോഴാണ്.... ഇപ്പോഴത്തെ കുട്ടികള്‍ ചിന്തിയ്ക്കുന്ന രീതിയെ കുറിച്ച് മനസിലാവുന്നത്. ശ്രേയയെ സംബന്ധിച്ച് അവള്‍ക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാനും യാത്ര പോകാനുമൊക്കെയാണ് താൽപര്യം. ശ്രേയയുടെ ബെസ്റ്റ് ഫ്രണ്ട് അനിയനാണ്. അവര്‍ രണ്ട് പേരും പരസ്പരം പങ്കുവെയ്ക്കാത്ത രഹസ്യങ്ങള്‍ ഇല്ല. അനിയന്റെ വായിനോട്ടം പോലും ശ്രേയയ്ക്ക് അറിയാമെന്ന് തോന്നുന്നു.'
'അവര്‍ രണ്ട് പേരും വഴക്കിടും. പക്ഷെ അതൊരു അര മണിക്കൂര്‍ പോലും നീളില്ല. അത് പോലെ ഒന്നിച്ച് വീണ്ടും ചേരും. പരസ്പരം അവര്‍ സംസാരിക്കുമ്പോള്‍ അമ്മയായ ഞാൻ പുറത്തായത് പോലെ തോന്നാറുണ്ടെന്നും', ശ്രേയയുടെ അമ്മ പറയുന്നു. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന ശ്രേയ താൻ ഇനി പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സിനെ കുറിച്ചും വാചാലയായി.
'പ്ലസ് ടു കഴിഞ്ഞതേയുള്ളൂ. പരീക്ഷയ്ക്ക് മുമ്പുള്ള മൂന്ന് മാസം കൃത്യമായി പഠിച്ചാണ് പരീക്ഷ എഴുതിയത്. ഇനി മ്യൂസിക് പ്രൊഡ്യൂസിങിനെ കുറിച്ച് പഠിക്കാനാണ് ഇഷ്ടം. അതിന് വിദേശത്ത് പോകാന്‍ നില്‍ക്കുകയാണ്. അപേക്ഷിക്കണമെങ്കിൽ പതിനെട്ട് വയസാകണം. അതിന് വേണ്ടി കാത്തിരിക്കുകയാണ്', ശ്രേയ പറയുന്നു.
വിദേശത്ത് പോകുന്നതൊക്കെ കൊള്ളാം തിരിച്ച് ഇങ്ങ് വരണം എന്നായിരുന്നു ശ്രേയയുടെ മറുപടി കേട്ട് അമ്മയുടെ കമന്റ്. ശ്രേയ പാട്ട് പാടി സമ്പാദിച്ച് സ്വന്തമായി വാങ്ങിയ ഫ്ലാറ്റിൽ വെച്ചാണ് അഭിമുഖം നടന്നത്.


Click it and Unblock the Notifications