ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം, ഭയങ്കര സർപ്രൈസ് ആയിരുന്നു അത്, സുജാത പറയുന്നു
കഴിഞ്ഞ നാൽപ്പത് വർഷമായി മലയാളി പ്രേക്ഷകരുടെ കാതുകളിലും മനസ്സുകളിലും സംഗീതത്തിന്റെ തേൻമഴ പൊഴിയിക്കുന്ന ഗായികയാണ് സുജാത മോഹൻ. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും പ്രിയ ഗായികയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. ഇന്നും എല്ലാവരും അസൂയയോടെ ചോദിക്കാറുള്ളത് ഈ ശബ്ദത്തിന്റേയും രൂപത്തിന്റേയും യുവത്വത്തിന്റെ രഹസ്യത്തെ കുറിച്ചാണ്. ജീവിതത്തിൽ ഇപ്പോഴിത പുതിയാരു റോളിലേയ്ക്ക് കടന്നിരിക്കുകയാണ് പ്രിയ ഗായിക. ലോക്ക് ഡൗൺ കാലത്തെ അമ്മൂമ്മ ജീവിതം ശരിയ്ക്കും ആസ്വദിക്കുകയാണ് സുജാത
ഇത്തവണത്തെ മദേഴ്സ് ഡേ സുജാതയ്ക്ക് അൽപം സ്പെഷ്യൽ ആയിരുന്നു അമ്മയും മകളും ചെറുമകളും ഒപ്പമുണ്ടായിരുന്നു. തനിയ്ക്ക് എന്നും മദേഴ്സ് ഡേയാണ്. അമ്മയാകുന്ന നിമിഷം മുതൽ എല്ലാവർക്കും അങ്ങനെയായിരിക്കുമെന്നാണ് തേന്നുന്നതെന്ന് സുജാത പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഗായിക ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും മാതൃദിനത്തെ കുറിച്ചും വാചാലയായത്.

മകൾ വിവാഹിതായായി ഒരു കുഞ്ഞിന്റെ അമ്മയായെങ്കിലും അവൾ എനിയ്ക്ക് ഇപ്പോഴും കുഞ്ഞാണ്. എവിടെ പോയാലും എനിയ്ക്ക് ആധിയാണ്. അവളുടെ ഫോൺ വരാതെ എനിയ്ക്ക് സാമാധാനം ഉണ്ടാകില്ല. അവൾ സുഖമായി ഇരിക്കുന്നോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്നിങ്ങനെ എന്തെല്ലാം തരം ടെൻഷനാണ്. അവൾ തിരിച്ചും അങ്ങനെയാണ്. എവിടെ പോയാലും തിരികെ ചെന്നൈയിൽ എത്തിയാൽ ഉടൻ വിളിക്കും. അവൾ വിളിക്കാതെ ഞാൻ ഉറങ്ങില്ലെന്ന് അവൾക്ക് അറിയാം. എനിയ്ക്ക് തോന്നുന്നത് എല്ലാ അമ്മമാരും അങ്ങനെയാണെന്നാണ്. ശ്വേത ഒരു അമ്മയായ ശേഷം അവൾക്കും അത് മനസ്സിലാകുന്നുണ്ട്. അവളും ഇത്തരം ഒരു അവസ്ഥയിലാണ്.

തനിയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു മദേഴ്സ് ഡേയെ കുറിച്ചും സുജാത ഓർമിച്ചെടുത്തു. നാലഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു മദേഴ്സ് ഡേയ്ക്ക് ശ്വേത ഒരു ഭാരതീയാർ കവിത പാടി എനിയ്ക്ക് ഡെഡിക്കേറ്റ് ചെയ്ത് അയച്ചു. ഞാൻ അറിയാതെയായിരുന്നു അവൾ അയച്ചു തന്നത്. എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു അത്. മനസ് നിറഞ്ഞു തൂവിയ ഭയങ്കര സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു. '

എല്ലാവരും ഒന്നിച്ച് ചെന്നൈയിലാണ് താമസം. ശ്വേതക്കു കുഞ്ഞുണ്ടായപ്പോൾ അവരുടെ വീടിന്റെ ഫസ്റ്റ് ഫ്ലോറിലേക്കു ഞങ്ങൾ മാറി.ശ്വേതയ്ക്ക് കുഞ്ഞുണ്ട്, പിന്നെ എന്റെ വയസായ അമ്മയുണ്ട് അതുകൊണ്ടു ഇങ്ങനെ താമസിച്ചപ്പോൾ സൗകര്യമായി. അതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞു. ലോക്ക് ഡൗൺ ആയതിന് ശേഷം ആരും പുറത്തേയ്ക്ക് പോയിട്ടില്ല.കുഞ്ഞുവാവ ഉള്ളതുകൊണ്ട് ആർക്കും ബോർ അടിക്കില്ല അവൾ എല്ലായിടത്തും തുള്ളിച്ചാടി നടക്കും, ഞങ്ങളെയെല്ലാം ഒരുമിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് മോൾ.

ഇപ്പോൾ ശരിയ്ക്കും ഒരു വീട്ടമ്മയുടെ റോളിലാണ്. എപ്പോഴും ബിസി ആയിരുന്നതുകൊണ്ടു വീട്ടുജോലി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ എല്ലാം ചെയ്യുന്നുണ്ട്. കുക്കിങ് മുതൽ വീട് ക്ലീനിങ് വരെയുണ്ട്. വീട്ടിന്റെ ഫ്രണ്ടിൽ തന്നെ അത്യാവശ്യ സാധനങ്ങൾ എല്ലാം കൊണ്ട് വരും. ഒരുപാട് പേർ ദുരിതം അനുഭവിക്കുന്നത് ഓർക്കുമ്പേൾ സങ്കടമാണ്. അപ്പോൾ കുറച്ച് നേരം പാടും. എല്ലാ വേദനയും ശമിപ്പിക്കുന്ന ഔഷധമാണല്ലോ സംഗീതം.കുറച്ചു നേരം പാടും അപ്പോൾ ഒരു സമാധാനം കിട്ടും. അതാണ് ലോക്ക് ഡൗണിലും മുന്നോട്ടു നയിക്കുന്നത്- സുജാത മനോരമ ഓൺലൈനോട് പറഞ്ഞു


Click it and Unblock the Notifications











