'വധുവായി ഒരുങ്ങിയപ്പോൾ രാധിക തന്നെ... സുജാതയിലൂടെ രാധിക ചടങ്ങുകൾ കാണുന്നതുപോലെ'; ഗായികയുടെ കുറിപ്പ്!
പാതിവഴിയിൽ നിലച്ചുപോയ ഒരു പാട്ടുപോലെയാണ് രാധിക തിലക് എന്ന ഗായികയുടെ ജീവിതം ആരാധകർക്ക്. എന്നെന്നും മലയാളികൾ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ച് അകാലത്തിൽ രാധിക തിലക് വിടപറഞ്ഞെങ്കിലും ആ മുഖവും ആ സ്വരവും സംഗീതപ്രേമികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പിന്നണി ഗായിക സുജാത മോഹൻ, ജി.വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധുകൂടിയായിരുന്നു രാധിക. മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേയ്ക്ക് ചുവടുവെച്ചത്. എഴുപതുകളിലാണ് രാധിക തിലക് സംഗീതലോകത്തേക്ക് എത്തുന്നത്. 1989ൽ ഇറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തെത്തി. ദൂരദർശനിലെ ലളിത ഗാനങ്ങളിലൂടെയാണ് രാധിക തിലക് എന്ന ഗായിക ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതയാകുന്നത്.

ഗുരു എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ, നന്ദനത്തിലെ മനസിൽ മിഥുനമഴ, ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ, ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെ ഉള്ളുടുക്കും കൊട്ടി എന്നിങ്ങനെ രാധിക തിലകിന്റെ ശബ്ദമാധുരിയിൽ ഓർത്തുവെയ്ക്കാവുന്ന പാട്ടുകൾ നിരവധിയാണ്. എഴുപതോളം സിനിമകൾകൾക്കുവേണ്ടി രാധിക ഗാനങ്ങൾ ആലപിച്ചു.
ഇതിനുപുറമെ ഇരുന്നൂറിലധികം ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും രാധിക തിലക് ശബ്ദം നൽകി. എങ്കിലും അർഹിച്ചതുപോലെയുള്ള അംഗീകാരങ്ങൾ ഈ ഗായികയെ തേടിയെത്തിയില്ല. പലപ്പോഴും സിനിമയക്കുവേണ്ടി പാടിയിരുന്നെങ്കിലും അവയൊന്നും പുറത്തുവന്നില്ല. രാധികയുടെ ഗാനങ്ങളിൽ പലതും കാസറ്റുകളിൽ ഒതുങ്ങി. അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം.
അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടില്ലെങ്കിലും പാടിയതെല്ലാം മലയാളികളുടെ മനസിൽ കൊരുത്തുവച്ചിട്ടാണ് രാധിക തിലക് കടന്നുപോയത്. ആ പാട്ടുകൾ മാത്രം മതി രാധിക തിലക് എന്ന ഗായികയെ അനശ്വരയാക്കാൻ. ഒരു മകൾ മാത്രമാണ് രാധികയ്ക്കുള്ളത്. ദേവികയും അമ്മയെപ്പോലെ പാട്ടിന്റെ വഴിയെ തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു ദേവികയുടെ വിവാഹം.
വരൻ ബെംഗളൂരു സ്വദേശിയായതുകൊണ്ട് തന്നെ വിവാഹവും ബെംഗളൂരുവിൽ വെച്ചാണ് നടന്നത്. ആനന്ദ് എന്നാണ് വരന്റെ പേര്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വരൻ അരവിന്ദ് അഭിഭാഷകനാണെന്നും റിപ്പോർട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായി നിമിഷങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച സന്തോഷത്തിലാണ് സുജാത മോഹൻ. ശ്വേത എങ്ങനെയാണോ തനിക്ക് അതുപോലെ തന്നെയാണ് സുജാതയ്ക്ക് രാധികയുടെ മകൾ ദേവികയും.

രാധികയുടെ വേർപാട് സംഭവിച്ച് ഒമ്പത് വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും രാധികയെ കുറിച്ച് സംസാരിക്കുമ്പോൾ സുജാതയുടെ മിഴികൾ നിറയും. 'ഞങ്ങളുടെ പ്രിയപ്പെട്ട ദേവികയുടെ (രാധികയുടെ മകൾ) വിവാഹ ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ... ദയവുചെയ്ത് യുവ ദമ്പതികളെ അനുഗ്രഹിക്കൂ...', എന്നാണ് ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് സുജാത കുറിച്ചത്.
ഫോട്ടോകൾ കണ്ടതോടെ വധുവായി ഒരുങ്ങിയപ്പോൾ രാധിക തന്നെയാണ് ദേവിക എന്നാണ് ഗായകൻ ശ്രീനിവാസ് കുറിച്ചത്. സുജാതയിലൂടെ രാധിക ചടങ്ങുകൾ കാണുന്നതുപോലെയും അനുഗ്രഹിക്കുന്നതുപോലെയും തോന്നുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ഒരിക്കൽ അമ്മയുടെ ഓർമ്മ ദിനത്തിൽ പാട്ടുകള്‍ പാടി അമ്മയെ കുറിച്ചുള്ള ഓർമ്മകളുമായി മകള്‍ ദേവിക സുരേഷ് എത്തിയിരുന്നു.
രാധിക പാടി ഏറെ പ്രശസ്തമായതും തനിക്കേറെ ഇഷ്ടമുള്ളതുമായ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങൾ പുനരാവിഷ്കരിച്ചായിരുന്നു ദേവിക എത്തിയിരുന്നത്. മരിക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു രാധികയുടെ പ്രായം. വിവാഹത്തോടനുബന്ധിച്ച മറ്റ് ചടങ്ങുകൾ ഈ മാസം 25ന് എറണാകുളത്ത് നടക്കും.


Click it and Unblock the Notifications











