'ആളത്രവെടിപ്പല്ല, കൂട്ടത്തിൽ കൂട്ടരുത്, അനുഭവം ഉണ്ട്'; കൊറോണ ബാധിച്ചതിനെ കുറിച്ച് വിധുപ്രതാപ്!
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ച മലയാളി പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുത്ത് വിധു കഴിവ് തെളിയിച്ചിരുന്നു. നാലാം തരത്തിൽ പഠിക്കുമ്പോൾ പാദമുദ്ര എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചു. പിന്നീട് പതിനേഴാം വയസിൽ ഏഷ്യാനെറ്റിന്റെ വോയ്സ് ഒഫ് ദി ഇയർ എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.
പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി എന്ന ചിത്രത്തിലെ പൊൻ വസന്തം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിന് ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ശുക്‌രിയ എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി. 2008 ഓഗസ്റ്റ് 20നാണ് നടിയും നർത്തകിയുമായ ദീപ്തിയെ വിധു പ്രതാപ് വിവാഹം ചെയ്തത്. ഇരുവരും ലോക്ക് ഡൗൺ കാലത്ത് പോലും നുറുങ്ങ് തമാശകൾ അടങ്ങിയ വീഡിയോകളും മറ്റുമായി സജീവമായിരുന്നു. ദീപ്തി വിധു പ്രതാപ് ജോഡി എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് വിധുപ്രതാപ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളെ കുറിച്ച് വിധു പ്രതാപ് പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. തനിക്ക് ആണ് ആദ്യം രോഗം പിടിപെട്ടത് എന്നും പിന്നീട് താനത് ഭാര്യയ്ക്ക് കൈമാറുകയായിരുന്നു എന്നും താരം പറയുന്നു. വളരെ രസകരം ആയിട്ടാണ് താരം ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. നിരവധി മികച്ച കമൻറുകൾ ആണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. താൻ ഒരാഴ്ച വീട്ടിൽ ഹോം ഐസോലേഷനിൽ ആയിരുന്നു എന്നാണ് വിധു പറയുന്നത്. എന്നാൽ ദീപ്തി അസുഖം വന്ന ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറിയെന്നും അവിടെയായിരുന്നു ഒരാഴ്ച ദീപ്തിയെന്നും വിധു പറഞ്ഞു.

പിന്നീട് ഇരുവരും വീഡിയോ കോൾ വഴി മാത്രമായിരുന്നു ഒരാഴ്ച പരസ്പരം തമ്മിൽ കണ്ടത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കൊവിഡ് മാറി വീണ്ടും ഒരുമിച്ച് കൂടിയതിന്റെ സന്തോഷമാണ് വിധുപ്രതാപ് ഇപ്പോൾ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിധുവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളും പ്രാർഥനകളും നേരുന്നത്. 'റീയൂണിറ്റഡ്... അങ്ങനെ ഞങ്ങളെ തേടിയും വന്നു ആ വില്ലൻ. ആദ്യം ഉപഹാരം ഏറ്റ് വാങ്ങിയത് ഞാൻ ആയിരുന്നെങ്കിലും പിന്നീട് ആ താലം ഞാൻ കൈമാറിയത് ദീപ്തി ഗന്ധർവ്വന് ആയിരുന്നു. പണ്ടേ എന്ത് കാര്യം ഏൽപ്പിച്ചാലും ആത്മാർഥത കൂടുതൽ ഉള്ള അവൾ ആ താലവും പിടിച്ച് നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പിന്നീടുള്ള നീണ്ട ഒരാഴ്ച്ച ഞാൻ വീട്ടിലും അവൾ ആശുപത്രിയിലും ഒറ്റയ്ക്ക്. ഐസൊലേഷൻ എന്ന വൺമാൻഷോയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ... ഒന്നിക്കുകയാണ്... ഈ കൊറോണ ആളത്ര വെടിപ്പല്ല... കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാ. അതുകൊണ്ട് അകറ്റി നിറുത്തുന്നതാ നല്ലത്' എന്നാണ് കൊവിഡ് ബാധിച്ച വിവരം പങ്കുവെച്ച് വിധുപ്രതാപ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
Recommended Video

ദീപ്തി ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ഇതിന് പുറമേ നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് താരം. അതുകൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്കും വിധുവിനെപ്പോലെ തന്നെ ദീപ്തിയും ഏറെ സുപരിചിതയാണ്. മഴവിൽ മനോരമയിലെ മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ജഡ്ജാണ് ഇപ്പോൾ വിധു പ്രതാപ്. അപാര കോമഡി സെൻസും തഗ്ഗും പറയാനുള്ള കഴിവുള്ള വ്യക്തി കൂടിയാണ് വിധു പ്രതാപ്. റിമിക്കും സിത്താരയ്ക്കും ജ്യോത്സനയ്ക്കും ഒപ്പം ചേർന്ന് വിധു പറുന്ന കൗണ്ടറുകളെല്ലാം നിമിഷനേരം കൊണ്ട് വൈറലാകുന്നത്.


Click it and Unblock the Notifications