'എനിക്ക് പ്രായം കൂടി വരുന്നു, നീ അന്നും ഇന്നും ഒരുപോലെ'; പ്രിയപത്നി അമാലിന് പ്രണയം നിറച്ച കുറിപ്പുമായി ദുൽഖർ!
തന്റെ സിനിമാ ജീവിതത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം യൂത്ത് സ്റ്റാർ ദുൽഖർ സൽമാൻ. 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. ആദ്യ സിനിമ വലിയ വിജയമൊന്നും നേടിയില്ല. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ തിയേറ്ററുകളിൽ വന്ന് പോയൊരു സിനിമ മാത്രമായിരുന്നു ദുൽഖറിന്റെ സെക്കന്റ് ഷോ.
ചിത്രത്തിൽ സണ്ണി വെയ്നായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെക്കന്റ് ഷോ പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിൽ വിമർശനം നേരിട്ടൊരു നടൻ കൂടിയായിരുന്നു ദുൽഖർ സൽമാൻ.
അച്ഛനെ പറയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് മകന്റേത് എന്നാണ് പലരും ദുൽഖറിനെ കളിയാക്കി പറഞ്ഞത്. വളരെ അധികം ടെൻഷനോടെ താൻ ചെയ്ത സിനിമയായിരുന്നു സെക്കന്റ് ഷോയെന്ന് പലപ്പോഴും ദുൽഖർ പറഞ്ഞിട്ടുമുണ്ട്.
ആദ്യ സിനിമ പൊട്ടിയെങ്കിലും പിന്നീട് അങ്ങോട്ട് മികവുറ്റ പ്രകടനമാണ് ഉസ്താദ് ഹോട്ടൽ മുതൽ തുടർന്നങ്ങോട്ട് റിലീസ് ചെയ്ത സിനിമകളിലെല്ലാം ദുൽഖർ കാഴ്ചവെച്ചത്. ഇപ്പോഴിത സിനിമാ ജീവിതത്തിന്റെ പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ദുൽഖർ ബോളിവുഡിൽ വരെ തിരക്കുള്ള നടനായി മാറി കഴിഞ്ഞു.

സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളിയിങ് ഉള്ള മലയാള നടനാണ് ഇന്ന് ദുൽഖർ. സിനിമയിലേക്ക് എത്തും മുമ്പ് തന്നെ ദുൽഖർ വിവാഹം കഴിച്ചിരുന്നു. 2011ലായിരുന്നു ദുൽഖറിന്റെ വിവാഹം. ഇരുപത്തിയഞ്ച് വയസായിരുന്നു അന്ന് ദുൽഖറിന്റെ പ്രായം.
മുപ്പത്തിയാറിൽ എത്തി നിൽക്കുന്ന
ദുൽഖറിന് അഞ്ച് വയസുകാരിയായ ഒരു മകളുണ്ട്. ദുൽഖറിന്റെ ഭാര്യ ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്.
വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുമ്പൊരിക്കൽ പറഞ്ഞത്. ഇപ്പോഴിത ഭാര്യ അമാലിന് പിറന്നാൾ ആശംസിച്ച് ദുൽഖർ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. 'എന്റെ പ്രിയപ്പെട്ട ആമിന്.... ജന്മദിനാശംസകൾ നേരുന്നു...'

'ഞങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങൾ ഒരു ഡസനാകാൻ പോകുന്നു. ഈ സമയമെല്ലാം എവിടേക്കാണ് പോകുന്നത്?. എനിക്ക് പ്രായമാകുകയാണ്.... പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി.'
'മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും.... നിനക്ക് മികച്ച ജന്മദിനമായിതീരട്ടെയെന്ന് ആശംസിക്കുന്നു.'

നിനക്ക് ഇഷ്ടമുള്ളതുപോലെ.... ലളിതവും മധുരവുമായ ആളുകളാൽ ചുറ്റപ്പെട്ടതും സ്നേഹം നിറഞ്ഞതുമാകട്ടെ പിറന്നാൾ..... വീണ്ടും ജന്മദിനാശംസകൾ ബൂ.... ഞാൻ നിന്നെ കാലങ്ങളോളം സ്നേഹിക്കും' അമാലിനൊപ്പമുള്ള യാത്രകളഉടെ ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ കുറിച്ചു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ സിനിമ സീതാരാമമാണ്.
ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രമായ സീതാരാമം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്ന് മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.

തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാരാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. 1965ലെ ഇന്‍ഡോ-പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് സീതാരാമം. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍.


Click it and Unblock the Notifications











