വിജയുടെ മടക്കത്തിന്റെ തിളക്കമില്ലാതാക്കാൻ ശിവകാർത്തികേയൻ; ഇത് തീക്കളി, തോറ്റ് പോയാൽ കാത്തിരിക്കുന്നത്
താരരാജാവില്ലാത്ത സിനിമാ ലോകം തമിഴകത്തിന് ചിന്തിക്കാൻ പറ്റില്ല. വാഴ്ത്താനും ആഘോഷിക്കാനും തമിഴ് പ്രേക്ഷകർക്ക് ഒരു ബിംബം വേണം. രജിനികാന്ത്, വിജയ്, അജിത്ത് എന്നിവരെല്ലാ സൂപ്പർതാരങ്ങളായി ആഘോഷിക്കപ്പെട്ടവരാണ്. ഇനിയാര് ഈ സ്ഥാനത്തേക്ക് വരുമെന്ന ചോദ്യമിപ്പോൾ സജീവ ചർച്ചയാണ്. വിജയ് സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അജിത്തിനും ഏറെക്കുറെ സിനിമയോടുള്ള ഭ്രമം ഇല്ലാതായി. രജിനികാന്തിനാണെങ്കിൽ പ്രായാധിക്യവും. ഇവരുടെ സ്ഥാനത്തേക്ക് ഇനിയാര് എന്ന ചോദ്യം ഉയരുന്നുണ്ട്.
ശിവകാർത്തികേയനാണ് ഈ സാധ്യത തമിഴകത്ത് കൂടുതൽ. സിമ്പു, ധനുഷ് എന്നിവർക്കും വലിയ താരമൂല്യം ഉണ്ടെങ്കിലും ഇവർ സൂപ്പർതാരമായി വളരേണ്ട സമയം ഏറെക്കുറെ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ധനുഷ് തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ വിജയ പരാജയങ്ങൾ ഒരുപോലെയുണ്ട്. സിമ്പുവിന് കരിയറിൽ വലിയ ഗ്യാപ്പ് വരുന്നുണ്ട്. പല പ്രൊജക്ടുകളും പ്രഖ്യാപിച്ചതല്ലാതെ മുന്നോട്ട് നീങ്ങുന്നില്ല.

ഇവിടെയാണ് ശിവകാർത്തികേയന്റെ പ്രസക്തി. വലിയ ഹിറ്റുകൾ ശിവകാർത്തികേയനുണ്ട്. 2024 ലാണ് ശിവകാർത്തികന്റെ കരിയറിലെ വൻ ഹിറ്റുകളിലൊന്നായ അമരൻ റിലീസ് ചെയ്തത്. ഈ ജയം നടന് കരിയറിൽ ഏറെ ഗുണം ചെയ്തു. ആക്ഷൻ, മാസ് രംഗങ്ങളിലുള്ള മികവ് ശിവകാർത്തികേയൻ തെളിയിച്ചു. നിർമാതാക്കൾ കോടികൾ അഡ്വാൻസ് നൽകി ശിവകാർത്തികേയന്റെ ഡേറ്റ് വാങ്ങി.
ഈ വരുന്ന പൊങ്കൽ ദിനത്തിൽ ശിവകാർത്തികേയന്റെ പരാശക്തി എന്ന സിനിമയും വിജയുടെ ജനനായകനും തമ്മിലാണ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടൽ. തമിഴകത്തെ കിരീടം വെക്കാത്ത രാജാവാണ് വിജയ്. സിനിമ വിടാൻ പോകുകയാണെങ്കിലും ഈ താരപ്രഭയ്ക്ക് കുറവില്ല. വിജയോട് ബോക്സ് ഓഫീസിൽ ശിവകാർത്തികേയൻ ഏറ്റുമുട്ടുമ്പോൾ ചർച്ചകൾ പലതാണ്.
ജനനായകനേക്കാളും വലിയ ഹിറ്റാകാൻ പരാശക്തിക്ക് സാധിച്ചാൽ വിജയുടെ പകരക്കാരനായി ശിവകാർത്തികേയൻ ആ സ്ഥാനത്തെത്തും. വിജയ് ആണെങ്കിൽ സിനിമാ രംഗം വിടുകയും ചെയ്യുന്നു. സ്ഥാനമുറപ്പിക്കാൻ ഇതിലും മികച്ചൊരു സമയമില്ല. ഇനി അഥവാ പരാശക്തി പരാജയപ്പെട്ടാൽ ശിവകാർത്തികേയന് ഇത് വലിയ അപകടമാണ്. കാരണം 2015 ൽ മദിരാസി, അയലാൻ എന്നീ രണ്ട് സിനിമകളാണ് ശിവകാർത്തികേയന്റേതായി റിലീസ് ചെയ്തത്.
ഇവ രണ്ടും ഹിറ്റായില്ല. പരാശക്തി കൂടി പരാജയപ്പെട്ടാൽ ശിവകാർത്തികേയന്റെ കുതിച്ചുയർന്ന താരമൂല്യം കുത്തനെ ഇടിയും. മാത്രവുമല്ല അമരന്റെ വിജയം ശിവകാർത്തികേയന് മാത്രം നൽകാൻ ഒരു വിഭാഗം പ്രേക്ഷകർ തയ്യാറല്ല. നായിക സായ് പല്ലവിക്ക് ഈ വിജയത്തിൽ വലിയ പങ്കുണ്ട്. സായ് പല്ലവിയാണ് ചിത്രം മുന്നോട്ട് കൊണ്ട് പോയത്.


Click it and Unblock the Notifications











