'എല്ലാം ജോത്സ്യന്റെ പ്രവചനം പോലെയാണ് നടന്നത്, ഞങ്ങൾ എതിർത്തപ്പോൾ സൂര്യ ശപഥമെടുത്തു'; ശിവകുമാർ പറഞ്ഞത്!
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് സൂര്യ എന്നതില്‍ തർക്കമില്ല. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ചുരുക്കം ചില നടന്‍മാരില്‍ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും.
പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം. അതേസമയം സൂര്യയുടെ ജീവിതത്തിലെ പ്രേക്ഷകരും ആരാധകരും അറിയാത്ത ചില സംഭവങ്ങളെ കുറിച്ച് അടുത്തിടെ താരത്തിന്റെ അച്ഛനും നടനും നിർമാതാവുമായ ശിവകുമാർ വെളിപ്പെടുത്തുകയുണ്ടായി.

സൂര്യയുടെ ജീവിതം പ്രവചിച്ച ഒരു ജ്യോതിഷിയെ കുറിച്ചാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ശിവകുമാർ വെളിപ്പെടുത്തിയത്. 'സൂര്യ ചെറുപ്പത്തിൽ വളരെ നിശബ്ദനായിരുന്നു. അവന് ഒന്നിനോടും താൽപ്പര്യമില്ലായിരുന്നു. ഈ സമയത്താണ് ഞാൻ അവൻ്റെ ജാതകം എടുത്ത് ജ്യോതിഷിയുടെ അടുത്തേക്ക് പോയത്.'
'ജാതകം നോക്കിയ ജ്യോത്സ്യൻ സിനിമയിൽ സൂര്യ ബിസിനസ് ചെയ്യുമെന്ന് പറഞ്ഞു. ഞാൻ വളരെ ആശ്ചര്യപ്പെട്ടു. സൂര്യ ആരോടും അധികം സംസാരിക്കാറില്ല എന്നതാണ് കാരണം. ഇവനെങ്ങനെ ബിസിനസിൽ എത്തുമെന്ന് ഞാൻ ചിന്തിച്ചു. ശേഷം ഞാൻ ജ്യോത്സ്യനോട് സൂര്യ ഭാവിയിൽ എന്തായിത്തീരുമെന്ന് ചോദിച്ചു. മുഖം കൊണ്ട് പണമുണ്ടാക്കുമെന്നാണ് ജ്യോത്സ്യൻ പറഞ്ഞ മറുപടി.'
'ഞാൻ ഉടനെ അവൻ അഭിനയിക്കുമോയെന്ന് ചോദിച്ചു. അദ്ദേഹം അതെ എന്ന് മറുപടി നൽകി. നിങ്ങളെക്കാൾ മികച്ച നടനായി സൂര്യ അറിയപ്പെടും. നിങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കും. നിങ്ങളേക്കാൾ കൂടുതൽ അവാർഡുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞശേഷം മടിച്ച് മടിച്ച് ഒരു കാര്യം കൂടി ആ ജ്യോത്സ്യൻ പറഞ്ഞു. സൂര്യ പ്രണയിച്ച് വിവാഹം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് പ്രവചിച്ചത്.'
'പിന്നീട് ജ്യോത്സ്യൻ പറഞ്ഞതുപോലെ സൂര്യ വലിയ നടനായി. ഉയർന്ന പ്രതിഫലം വാങ്ങി. പ്രണയിച്ച് വിവാഹം കഴിച്ചു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഞങ്ങൾ ആ ജ്യോത്സ്യനെ അന്വേഷിച്ച് പോയി അയാൾക്ക് ഷർട്ട് നൽകി. സൂര്യയും ജ്യോതികയും പ്രണയത്തിലായശേഷം ഞങ്ങളുടെ സമ്മതത്തിനായി അവർ ഏകദേശം നാല് വർഷത്തോളം കാത്തിരുന്നു.'

'ഒരു ഘട്ടത്തിൽ സമ്മതകിട്ടില്ലെന്ന് തോന്നിയപ്പോൾ വിവാഹം കഴിച്ചാൽ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കും ഇല്ലെങ്കിൽ അവസാനം വരെ ഞങ്ങൾ ഇങ്ങനെ തന്നെ ഇരിക്കുമെന്ന് സൂര്യ ഞങ്ങളോട് പറയുകയും ശപഥമെടുക്കുകയും ചെയ്തു. അവന്റെ ആ വാക്ക് ഞങ്ങളുടെ മനസിൽ തറച്ചു. ഒരു മകൻ തൻ്റെ കർത്തവ്യങ്ങളെല്ലാം നിർവ്വഹിച്ചിട്ടും ഒറ്റയ്ക്ക് ജീവിക്കുന്നത് ശരിയല്ലല്ലോ.'
'മാത്രമല്ല അവൻ്റെ അവകാശങ്ങൾ എടുത്തുകളയാൻ ഇവിടെ ആർക്കും അനുവാദമില്ല. അങ്ങനെയാണ് ഞങ്ങൾ അവരുടെ വിവാഹത്തിന് സമ്മതിച്ചത്', എന്നാണ് സൂര്യയെ കുറിച്ചും ജ്യോതികയെ കുറിച്ചും സംസാരിച്ച് ശിവകുമാർ പറഞ്ഞത്. ഇന്ന് ഏറ്റവും നല്ല ദാമ്പത്യ ജീവിതം നയിക്കുന്ന ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരും മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്.
സൂര്യയുടെ കുടുംബവുമായുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില വാർത്തകൾ അടുത്തിടെ വന്നിരുന്നു. കൂട്ടുകുടുംബമായാണ് സൂര്യയും കാർത്തിയും ചെന്നൈയിൽ കഴിഞ്ഞിരുന്നത്.
എന്നാൽ സത്യാവസ്ഥ അതല്ലെന്ന് വ്യക്തമാക്കി പിന്നീട് ജ്യോതിക എത്തിയിരുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്നതിനായുള്ള താത്കാലിക മാറ്റം മാത്രമാണിതെന്നും ജ്യോതിക പറഞ്ഞിരുന്നു.


Click it and Unblock the Notifications











