ലാലേട്ടനെന്ന മനുഷ്യനെ അറിഞ്ഞത് അന്ന്; അപകടം പറ്റി കിടന്ന എന്നോട് പറഞ്ഞത്; സ്നേഹ ശ്രീകുമാർ
2009 ൽ മോഹൻലാലിനൊപ്പം ഛായാമുഖി എന്ന നാടകം ചെയ്ത് മടങ്ങവെയാണ് അപകടമുണ്ടാവുന്നത്.
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹൻലാലിനെ മലയാള സിനിമാ ലോകം ആഘോഷിച്ചിരുന്നു. കരിയറിൽ ഇന്നൊരു താഴ്ചയിലാണെങ്കിലും പഴയ മോഹൻലാലിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഓൺ സ്ക്രീനപ്പുറത്ത് ഓഫ് സ്ക്രീനിലെ മോഹൻലാലിനെക്കുറിച്ച് നിരവധി പേർ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇത്രയും വർഷത്തെ കരിയറിൽ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന വ്യക്തിയെന്ന പ്രതിച്ഛായയാണ് മോഹൻലാലിനുള്ളത്.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് നടി സ്നേഹ ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2009 ൽ മോഹൻലാലിനൊപ്പം ചെയ്ത ഛായാമുഖി എന്ന നാടകം കഴിഞ്ഞ് മടങ്ങവെയുണ്ടായ ബസ് അപകടത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
'ലാലേട്ടൻ ഒരു അത്ഭുതം തന്നെയാണ്. അദ്ദേഹത്തോടൊപ്പം സിനിമയല്ല ആദ്യം നാടകമാണ് ചെയ്തത്. നാടകത്തിന്റെ റിഹേഴ്സൽ രണ്ട് മാസത്തോളം ഉണ്ടായിരുന്നു. അപ്പോൾ ഒരു ചമയങ്ങളുമില്ലാതെയാണ് ആളെ കാണുന്നത്. അപ്പോൾ പുള്ളിയുടെ ഡെഡിക്കേഷൻ നമുക്ക് പഠിക്കാനുള്ളതായിരുന്നു. എന്റെയടുത്ത് കൂടുതലും സംസാരിച്ചിരുന്നത് കഥകളിയെക്കുറിച്ചായിരുന്നു'

'പുള്ളി വാനപ്രസ്ഥം ചെയ്തത് കൊണ്ട് തന്നെ കഥകളി ആൾക്ക് നല്ല ഇഷ്ടമാണ്. പഠിക്കാനുള്ള സമയം കിട്ടിയിട്ടില്ല. എങ്കിലും വാനപ്രസ്ഥത്തിന് വേണ്ടി പഠിക്കാൻ പറ്റിയതിൽ ഭാഗ്യം എന്ന രീതിയിലായിരുന്നു സംസാരിച്ചത്. അത് എന്നോട് എപ്പോഴും പറഞ്ഞിരുന്നു'
'ഞങ്ങൾക്ക് ഡാൻസ് രംഗങ്ങളൊക്കെ ഉണ്ടായിരുന്നു. അദ്ദേഹം ഭീമനും ഞാൻ ഹിഡുംബിയും. ഈ ഡാൻസ് രംഗങ്ങൾ മറ്റ് തിരക്കുകൾ കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഞാൻ മറന്നാലും അദ്ദേഹത്തിന് നല്ല ഓർമ്മയായിരുന്നു. അത്രയും ഡെഡിക്കേറ്റഡാണ് ആൾ'
അത് കഴിഞ്ഞ് മോഹൻലാൽ എന്ന നല്ല മനുഷ്യനെ അറിയുന്നത് ആക്സിഡന്റിന്റെ സമയത്താണ്. ബസ് ആക്സിഡന്റിൽ ലാലേട്ടനും മുകേഷേട്ടനും അല്ലാതെ ബാക്കിയുള്ള എല്ലാവരുമുണ്ടായിരുന്നു. അന്ന് എനിക്കും അമ്മയ്ക്കും പരിക്കുണ്ടായിരുന്നു. ആ സമയത്ത് സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോഴും ഞാനത് ഓർക്കും. ലാലേട്ടൻ എന്റെ ചേട്ടന്റെ ഫോണിൽ വിളിച്ചു.
ഇ'ങ്ങോട്ടൊന്നും പറയേണ്ട,ഞാനങ്ങോട്ട് പറയുന്നത് കേട്ടാൽ മതി, ഇപ്പോൾ ഡൗണാവുകയൊന്നും ചെയ്യരുത്. ഇനി ആലോചിക്കേണ്ടത് വരാൻ പോവുന്ന സ്റ്റേജുകളാണ്. കഥകളിയും ഓട്ടൻതുള്ളലും ചെയ്യണമെന്നത് മനസ്സിൽ ചിന്തിക്കുക അപ്പോൾ അതിലേക്ക് വരുമെന്ന് പറഞ്ഞു. എനിക്ക് മറക്കാൻ പറ്റാത്ത കോളായിരുന്നു അത്. വലിയ ആത്മവിശ്വാസം എനിക്ക് ലഭിച്ചു'

'നട്ടെല്ലിനൊക്കെ പ്രശ്നമുണ്ടായിരുന്നു. സർജറിയിലേക്ക് പോയിക്കഴിഞ്ഞാൽ എങ്ങനെയാവുമെന്നറിയില്ലായിരുന്നു. അദ്ദേഹം തന്നെയാണ് നിർദ്ദേശിച്ചത് സർജറിയിലേക്ക് പോവേണ്ട ആയുർവേദം മതിയെന്ന്. അങ്ങനെ ആയുർവേദ ചികിത്സ എടുത്താണ് ഫുള്ളി റിക്കവറിയായത്. അതായിരുന്നു എന്റെ രണ്ടാമത്തെ ഓർമ്മ. പിന്നെ പത്ത് വർഷത്തിന് ശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് പിന്നെ കാണുന്നത്'
'അതിനിടയിൽ സംസാരമോ വിളിയോ ഒന്നുമില്ല. എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് അമ്മയുടെ ഹെൽത്ത് എങ്ങനെയുണ്ടെന്നാണ്. കാരണം അമ്മയ്ക്ക് മരുന്ന് കൊടുക്കാൻ പറ്റുന്ന പരിക്കല്ല. ശ്വാസകോശത്തിനാണ്. അമ്മയെ കാണണം എന്ന് പറഞ്ഞത് കൊണ്ട് ആലപ്പുഴ ഷൂട്ട് വന്നപ്പോൾ അമ്മ അവിടെ വന്നിരുന്നു'
'എനിക്ക് തന്നെ ഞാനൊരുവട്ടം കണ്ട ആളെ കുറച്ച് കഴിയുമ്പോൾ മറന്ന് പോവും. പക്ഷെ ഇത്രയും വർഷങ്ങൾ എത്രയോ മനുഷ്യരെ കാണുന്ന ആൾ ഓർമ്മിച്ചത് വലിയ ക്വാളിറ്റിയായി തോന്നി. എല്ലാവരെയും ഓർമ്മയുണ്ട്, എന്നെ മാത്രമല്ല. നാടകത്തിൽ അന്ന് വർക്ക് ചെയ്തിരുന്ന എല്ലാവരെയും ഓർമ്മയുണ്ട്'


Click it and Unblock the Notifications