'കരച്ചിൽ നിർത്താനായിരുന്നു ആദ്യം മരുന്ന് ഇപ്പോൾ ചിരിക്കാണ്, ചിലപ്പോൾ ചിരിക്കാൻ തുടങ്ങിയാൽ നിർത്താതെ ചിരിക്കും'
യഥാർത്ഥ സ്നേഹം അഥവാ ട്രൂ ലവ് എന്നത് ഭാഗ്യവാൻമാർക്ക് മാത്രമേ ലഭിക്കൂ എന്നാണ് പറയപ്പെടുന്നത്. ഇക്കാലത്ത് യഥാർത്ഥ സ്നേഹം കണ്ടെത്തുകയെന്നത് അത്യന്തം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ അത്തരമൊരു ഭാഗ്യം ലഭിച്ചയാളാണ് കൊല്ലം സ്വദേശിനി ലിജി. അതുകൊണ്ടാവാം ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം ബാധിച്ചിട്ടും ലിജിക്ക് ജീവിതം തിരികെ പിടിക്കാനായത്. ഒമ്പത് വർഷത്തെ ശക്തമായ പ്രണയത്തിനുശേഷമാണ് സുജിത്ത് ലിജിയെ താലി ചാർത്തി ജീവിതത്തിലേക്ക് കൂട്ടിയത്.
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തുമ്പോഴാണ് സുജിത്ത് ലിജിയെ ആദ്യമായി കാണുന്നത്. ആദ്യ സംസാരത്തിൽ തന്നെ ഇടുക്കിക്കാരിയായ ലിജിയും കൊല്ലംകാരനായ സുജിത്തും പരസ്പരം അടുത്തു. പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ആദ്യത്തെ ഒരു വർഷം അടിപൊളിയായി ഇരുവരും ജീവിച്ചു.

ലിജി ജീവിതത്തിൽ പലതും കണ്ട് തുടങ്ങിയത് സുജിത്തിന്റെ കൂടെ കൂടിയതോടെയാണ്. അതുവരെ ട്രെയിനിൽ പോലും കയറാത്ത ആളായിരുന്നു ലിജി. ഒന്നാം വിവാഹ വാർഷികമാഘോഷിക്കാൻ യാത്ര പോയപ്പോൾ മുതലാണ് പനിയും തലവേദനയും ഛർദ്ദിയുമെല്ലാം ലിജിക്കുണ്ടായത്. അവിടം മുതൽ പിന്നീട് അഞ്ച് മാസകാലത്തോളം ആശുപത്രിയും വീടും മാത്രമായിരുന്നു സുജിത്തിന്റെ ജീവിതം.
ഇപ്പോൾ സുജിത്തിന്റെ സ്നേഹവും പരിചരണവും കൊണ്ട് ലിജി പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങി. ലിജി അസുഖ ബാധിതയായശേഷമാണ് അവളുടെ സന്തോഷത്തിനായി സുജിത്ത് യുട്യൂബ് ചാനൽ തുടങ്ങിയത്. ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹമാണ് ഈ യുവദമ്പതികൾക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ ലിജിയുടെ വിശേഷങ്ങൾ പങ്കിട്ട് സുജിത്ത് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ലിജിയുടെ ഇപ്പോഴത്തെ ആരോഗ്യത്തെ കുറിച്ച് അടക്കം പുതിയ വീഡിയോയിൽ സുജിത്ത് വ്യക്തമാക്കി. 'ലിജിയ്ക്ക് വെള്ളം കുടിക്കുമ്പോഴൊക്കെ ചെറിയ ചുമയുണ്ട്. പിന്നെ ഇമോഷൻസൊക്കെ കറക്ട് ആവാനുണ്ട്. കരച്ചിൽ നിർത്താനായിരുന്നു ആദ്യം മരുന്ന് നൽകിയത്. ഇപ്പോൾ ചിരിയാണ്. ചില സമയത്ത് ചിരിക്കാൻ തുടങ്ങിയാൽ നിർത്താതെ ചിരിക്കും.'
'ശരീരത്തിന് അസുഖം വരുന്നത് പോലെ മനസിനും വരും. ലിജിയുടെ ഇമോഷൻസ് കറക്ട് ആവാത്തത് അത്തരം മെന്റലിയുള്ള ചെറിയ പ്രശ്നങ്ങൾ കൊണ്ടാണ്. അതിനുള്ള ഒരു സിറപ്പാണ് ഇപ്പോൾ കഴിക്കുന്നത്. ലിജിക്ക് ഇപ്പോൾ നിപ്പിൾ ബോട്ടിലിലാണ് വെള്ളം കൊടുക്കുന്നത്. ഗ്ലാസിൽ വെള്ളം കുടിക്കുന്നത് നല്ല ഫ്ലോയിൽ കുടിക്കും.'

'സ്ട്രോ ഉപയോഗിച്ചൊക്കെ നമ്മൾ വെള്ളം കുടിക്കുമ്പോൾ വെള്ളം വലിച്ചെടുക്കുന്ന ആക്ഷൻ അത് ലിജിക്ക് ഇല്ല. വായിലെ മസിൽസ് ഫുൾ ആക്റ്റീവാക്കാനൊക്കെ വേണ്ടിയാണ് ഇങ്ങനെ ഇപ്പോൾ നിപ്പിൾ ബോട്ടിലിൽ വെള്ളം കൊടുക്കുന്നത്. അത് ബ്രെയിനെ പഠിപ്പിക്കുക കൂടിയാണ്. എനിക്ക് കൈ വേദനയായത് കൊണ്ട് ലിജിയെ ഞാൻ രണ്ട് ദിവസമായി എടുക്കുന്നില്ല. ഡോക്ടറെയൊക്കെ കണ്ടു. കൈ ഉളുക്കിയതാണ്. നല്ല വേദനയുണ്ട്.'
'അവളെ എടുത്തതിന്റെ ആണ് എനിക്ക് കൈ വേദന വന്നത് എന്ന് പറഞ്ഞിട്ട് നല്ല കരച്ചിൽ ആയിരുന്നു അവൾ. ഇപ്പോൾ സ്വന്തമായി എക്സർസൈസൊക്കെ ചെയ്യുന്നുണ്ട്. ലിജി നടക്കുന്നതിന്റെ കുറിച്ച് ചിന്തിക്കണ്ട ഇപ്പോൾ. ആദ്യം എഴുന്നേറ്റ് സ്റ്റെഡിയായിട്ട് നിൽക്കാനാണ് ആദ്യം പരിശീലിക്കേണ്ടത് എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.'
'കയ്യുടെ എക്സർസൈസൊക്കെ ചെയ്യുന്നുണ്ട്. പതിയെ പതിയെ മാത്രമേ ലിജിയുടെ കൈ പഴയ പോലെയായി വരുള്ളൂ. കൈ മടക്കാനുള്ള തോന്നൽ ആദ്യം വരേണ്ടത് ബ്രെയിനിലാണ്. ഇപ്പൊ ഒരുപാട് ബെറ്ററായിട്ടുണ്ട്', എന്നാണ് സുജിത്ത് പുതിയ വീഡിയോയിൽ ലിജിയെ കുറിച്ച് പറഞ്ഞത്. ജീവിതത്തിൽ ഇതുവരെ തങ്ങൾക്ക് കിട്ടിയതെല്ലാം ബോണസാണെന്നാണ് ഇപ്പോഴും സുജിത്ത് ചെറുചിരിയോടെ പറയാറുള്ളത്.


Click it and Unblock the Notifications