കൊച്ചു കുട്ടിയോട് ചോദിക്കേണ്ട ചോദ്യമാണോ ഇത്?, ജ്യോതിഷത്തിൽ വിശ്വാസമുണ്ടോയെന്ന് ചോദ്യം; മറുപടി നൽകി ദേവനന്ദ
ഏറെ ആരാധകരുള്ള ബാലതാരമാണ് മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദ. പതിനൊന്ന് വയസുകാരിയായ താരം മാളികപ്പുറത്തിൽ അഭിനയിച്ചശേഷമാണ് മലയാളികൾക്കിടയിൽ ജനശ്രദ്ധ നേടിയത്. ഉണ്ണി മുകുന്ദൻ നായകനായ സിനിമയായിരുന്നു മാളികപ്പുറമെങ്കിലും റിലീസിനുശേഷം വൈറലായത് അയ്യപ്പഭക്തയായ കുട്ടി മാളികപ്പുറം ദേവനന്ദയായിരുന്നു. 2019 മുതൽ അഭിനയത്തിൽ സജീവമാണ് ദേവനന്ദ. തൊട്ടപ്പൻ എന്ന വിനായകന്റെ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
അതിന് മുമ്പ് കിഡ്സ് മോഡലിങ്ങിലും സജീവമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. മാളികപ്പുറത്തിന് മുമ്പ് മൈ സാന്റാ, മിന്നൽ മുരളി, ആറാട്ട്, ഹെവൻ, സൈമൺ ഡാനിയൽ, ദി ടീച്ചർ തുടങ്ങിയ സിനിമകളിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരിയർ ബ്രേക്കായത് മാളികപ്പുറമായിരുന്നു.

പാൻ ഇന്ത്യൻ ലെവലിൽ മാളികപ്പുറത്തിന് സ്വീകാര്യത ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ മാളികപ്പുറത്തിന്റെ വിജയത്തിനുശേഷം അന്യ ഭാഷ സിനിമകളിലേക്കും ദേവനന്ദയ്ക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. അരൺമനൈ 4ൽ ദേവനന്ദയും ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മാളികപ്പുറത്തിനുശേഷം ക്ഷേത്രങ്ങളും ആചാരങ്ങളും ഉത്സവങ്ങളുമെല്ലാമായി ബന്ധപ്പെട്ട ചടങ്ങുകൾ വരുമ്പോൾ ദേവനന്ദയ്ക്ക് ക്ഷണം ലഭിക്കാറുണ്ട്.
അത്തരത്തിൽ അടുത്തിടെ താരം പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. ശ്രീമൂകാംബിക ജ്യോതിഷാലയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഒരാൾ ദേവനന്ദയായിരുന്നു. പരിപാടി കഴിഞ്ഞ് തിരികെ പോകാൻ ഇറങ്ങിയ ദേവനന്ദയോട് അവിടെ കൂടി നിന്ന ഓൺലൈൻ മീഡിയ മാധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ച ചോദ്യമാണ് ചർച്ചയാകുന്നത്.
ജ്യോതിഷത്തിൽ വിശ്വാസമുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. വിശ്വാസമുള്ളതുകൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ട് വന്നത്. എന്റെ ജാതകത്തിൽ ഞാൻ മൂന്നര വയസിൽ അഭിനയിക്കുമെന്ന് ഉണ്ടായിരുന്നു. അത് ശരിയായി വന്നു. അതുകൊണ്ട് വിശ്വാസമുണ്ട് എന്നായിരുന്നു ദേവനന്ദയുടെ മറുപടി. വളരെ പക്വതയോടെയും വ്യക്തമായുമാണ് ദേവനന്ദ മറുപടി പറഞ്ഞതെങ്കിലും പ്രേക്ഷകരിൽ പലർക്കും ഒരു കൊച്ചുകുട്ടിയോട് അത്തരത്തിൽ ഒരു ചോദ്യം ചോദിച്ചതിനോട് യോജിപ്പില്ല.
കമന്റ് ബോക്സിലും ആ വിയോജിപ്പ് വ്യക്തമായിരുന്നു. ഏറെയും പേർ മാധ്യമപ്രവർത്തകയെ വിമർശിച്ചാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ദേവനന്ദയുടേത് നല്ല മറുപടിയായിരുന്നു. പക്ഷെ ഒരു കൊച്ചു കുഞ്ഞിനോട് ചോദിക്കേണ്ടതോന്നുമല്ല പലപ്പോഴും മാധ്യമപ്രവർത്തകർ ചോദിക്കുന്നത്.

എന്നിട്ട് അതിൻ്റെ വായിൽ നിന്ന് വരുന്നതിനെ വിമർശിച്ചുകൊണ്ട് നടക്കും, ആ കുട്ടി പറഞ്ഞത് ശരി. പക്ഷെ ആ കുട്ടിയോട് ചോദ്യം ചോദിച്ച സ്ത്രീയാണ് തെറ്റ്, ചെറിയ കുട്ടികളോട് ചോദിക്കാൻ പറ്റിയ ചോദ്യമാണോ?. കുട്ടിയാണെന്നുള്ള പരിഗണന നൽകണ്ടേ? എന്നിങ്ങനെയായിരുന്നു വിമർശനം. അമ്മമാർക്കെല്ലാം പ്രിയങ്കരിയായ ബാലതാരം കൂടിയാണ് ദേവനന്ദ. മാളികപ്പുറം റിലീസിനുശേഷം ദൈവീക ചൈതന്യമുള്ള കുഞ്ഞിനെപ്പോലെയാണ് ദേവനന്ദയെ മാളികപ്പുറം സിനിമയുടെ ആരാധകർ സ്വീകരിക്കാറുള്ളത്.
കുറച്ച് നാളുകൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വയോധികൻ ദേവനന്ദയുടെ കാലിൽ തൊട്ട് തൊഴുത വീഡിയോ വൈറലായിരുന്നു. അന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വന്നിരുന്നു. അതുപോലെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറുന്നുവെന്നുള്ള വിമർശനവും താരത്തിന് ലഭിക്കാറുണ്ട്.
തള്ളവൈബെന്നായിരുന്നു ഒരിടയ്ക്ക് ദേവനന്ദയുടെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞിരുന്ന കമന്റ്. കൊച്ചുകുട്ടിയുടെ ശരീരത്തിൽ വൃദ്ധയുടെ ആത്മാവ് കുടികൊള്ളുന്നുവെന്നുള്ള തരത്തിലും കമന്റുകൾ വന്നിരുന്നു.
എന്നാൽ ചെറിയ പ്രായം മുതൽ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും പെരുമാറുകയും ചെയ്യുന്ന പ്രകൃതമാണ് ദേവനന്ദയുടേത്. അതുകൊണ്ട് തന്നെ പരിഹാസങ്ങളെ മുഖവിലയ്ക്ക് എടുക്കാതെയാണ് മുന്നോട്ടുള്ള യാത്ര. സുമതി വളവാണ് റിലീസിന് തയ്യാറെടുക്കുന്ന ദേവനന്ദയുടെ ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications











