'ഡ്രൈവർ വരെ പറഞ്ഞു, സുപ്രിയയുടെയും സംയുക്തയുടെയും അഭിമുഖങ്ങളൊക്കെ എന്ത് നാച്വറലാണ്, നസ്രിയ കുറച്ച് ഓവറാണ്'
ഒരു സമയത്ത് തെന്നിന്ത്യൻ പ്രേക്ഷകരുടെ എല്ലാം ക്രഷും റാണിയുമൊക്കെയായിരുന്നു നസ്രിയ നസീം. കൊച്ചു കൊച്ചു ടെലിവിഷൻ പരിപാടികളിൽ അവതാരകയായും ഗായികയായും ശ്രദ്ധയാകർഷിച്ച നസ്രിയ പിന്നീട് ബാലതാരമായി ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമായി. പിന്നീട് ഒരു പ്രായം കഴിഞ്ഞപ്പോൾ നായികയായും സിനിമകൾ ചെയ്ത് തുടങ്ങി. നായികയായി അരങ്ങേറി വൈകാതെ തന്നെ സൂപ്പർ നായിക പദവിയിലേക്ക് എത്തുകയും തെന്നിന്ത്യയൊട്ടാകെ അറിപ്പെടുകയുമായിരുന്നു.
പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ കുഞ്ഞു സെലിബ്രിറ്റിയാണ് നസ്രിയ. വിദേശത്ത് ജനിച്ച് വളർന്ന നസ്രിയ വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പളുങ്കിനുശേഷം ബാലതാരമായി പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു.

ശേഷം മാഡ് ഡാഡ് മുതലാണ് നായിക വേഷങ്ങൾ നസ്രിയയ്ക്ക് കിട്ടി തുടങ്ങിയത്. നായികയായി അരങ്ങേറിയശേഷം താരം ചെയ്ത എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. നായികയായി സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് യാത്ര ചെയ്യുമ്പോഴും നിരവധി സ്റ്റേജ് ഷോകളുടെയും അവതാരകയായി. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് നസ്രിയ നടൻ ഫഹദ് ഫാസിലുമായി പ്രണയത്തിലായതും ഇരുപതാം വയസിൽ വിവാഹിതയായതും.
ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിങ് സെറ്റിൽ മൊട്ടിട്ട പ്രണയം വിവാഹം വരെ എത്തിക്കാൻ മുന്നിട്ട് നിന്നതും നസ്രിയ തന്നെയായിരുന്നു. ഫഹദുമായുള്ള നസ്രിയയുടെ പ്രായവ്യത്യാസമെല്ലാം അന്ന് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹ ജീവിതം പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും ഇരുവരും മാതൃകാ ദമ്പിതകളാണ്.
ഫഹദുമായുളള വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. എന്നാൽ നാല് വർഷത്തെ ഇടവേള കഴിഞ്ഞ് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ വീണ്ടും തിരിച്ചെത്തി. രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ അന്റെ സുന്ദരാനികി എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.
വളരെ സെലക്ടീവായി മാത്രമാണ് നസ്രിയ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നത്. അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ പിന്നണിയിൽ സജീവമായ നസ്രിയയുണ്ട്. ഇപ്പോൾ നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്നുണ്ട് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ. ഇപ്പോഴിതാ നസ്രിയയുടെ പഴയൊരു അഭിമുഖവും അതിന് ലഭിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബാംഗ്ലൂർ ഡെയ്സിലെ എന്റെ കണ്ണിൽ നിനക്കായ് എന്ന ഗാനം താൻ പിന്നണി പാടിയ ശേഷം കുറച്ച് കാലം ഫഹദ് നിരന്തരം ആ ഗാനമായിരുന്നു കേട്ടിരുന്നതെന്നും അവസാനം ഫഹദിന്റെ ഡ്രൈവർ വരെ ആ പാട്ട് മാറ്റി കേൾക്കാൻ പറയാമോയെന്ന് ചോദിച്ച് വന്നിരുന്നുവെന്നുമാണ് പഴയൊരു അഭിമുഖത്തിൽ നസ്രിയ പറഞ്ഞത്. ഇരുവരും തന്നെയാണ് ആ പാട്ടിൽ അഭിനയിച്ചിരിക്കുന്നതും.
നസ്രിയയുടെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ സോഷ്യൽമീഡിയ നടിയുടെ സംഭാഷണ രീതിയെ വിമർശിച്ചെത്തി. നസ്രിയ ആർട്ടിഫിഷലായി സംസാരിക്കുന്നുവെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. സുപ്രിയയുടെയും സംയുക്തയുടെയും അഭിമുഖങ്ങളൊക്കെ നാച്വറലാണെന്നും എന്നാൽ നസ്രിയ കുറച്ച് ഓവറാണെന്നും വരെ കമന്റുകളുണ്ട്. ഫഹദിനെ വിവാഹം ചെയ്ത സമയത്തും വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടയാളാണ് നസ്രിയ.
ഫാസിലിന്റെ കുടുംബം, പണം എന്നിവയാണ് ഫഹദിനെ പ്രണയിക്കാൻ നസ്രിയയെ പ്രേരിപ്പിച്ചതെന്നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞ സമയത്ത് വന്ന പ്രധാന വിമർശനം. എന്നാൽ രണ്ടുപേരും അത്തരം വിമർശനങ്ങളെ ഗൗനിച്ചതേയില്ല.


Click it and Unblock the Notifications