'അപമാനിതനായത് ആസിഫല്ല രമേശ് തന്നെയാണ്... എത്ര വലിയ പാട്ടുകാരനാണെങ്കിലും ആദ്യം മനസിലെ അഴുക്ക് കളയണം'
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒരു വീഡിയോ നടൻ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വാങ്ങാൻ മടിക്കുന്ന രമേശ് നാരായണന്റേതാണ്. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളുടെ ട്രെയിലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ വിസമ്മതിച്ചു.
ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് രമേശ് നാരായണനിൽ നിന്നുമുണ്ടായത്. പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ വലിയ താത്പര്യമില്ലാതെയാണ് രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങിയത്.

മാത്രമല്ല ആസിഫിന്റെ മുഖത്ത് പോലും നോക്കാൻ കൂട്ടാക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയില്‍ പുരസ്‌കാരം കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു രമേശ് നാരായണന്‍. ശേഷം ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് നാരായണന്‍ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നതും വൈറൽ വീഡിയോയിൽ കാണാം.
മാത്രമല്ല ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് രമേശ് നാരായണന്‍ സന്തോഷം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആസിഫിനെ തീർത്തും അവഗണിച്ചു. ഒരു ഷേക്ക് ഹാന്‍ഡ് നല്‍കാനോ അദ്ദേഹത്തിന്റെ മുഖത്ത് ഒന്ന് നോക്കാനോ പോലും രമേശ് നാരായണന്‍ തയ്യാറായില്ല. വീഡിയോ വൈറലായതോടെ ഒരു വിഭാഗം രമേശ് നാരായണനെ വിമർശിച്ചും മറ്റൊരു വിഭാഗം അനുകൂലിച്ചും എത്തി.
എത്ര വലിയ പാട്ടുകാരനാണെങ്കിലും ആദ്യം മനസിലെ അഴുക്ക് കളയണമെന്നാണ് രമേശിനെ വിമർശിക്കുന്നവർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. അറിവും പ്രശസ്തിയും കഴിവും വർധിക്കുമ്പോൾ വിനയത്തോടെ സഹജീവികളോടെ പെരുമാറിയാൽ മാത്രമെ കൂടുതൽ ഉയർച്ചയുണ്ടാകൂവെന്നും വിമർശനമുണ്ട്.
ആദ്യം ഇവന്റെയൊക്കെ മനസിലെ അഴുക്ക് കളയണം.... എന്ത് വലിയ പാട്ടുകാരനായാലും, ഇവിടെ അപമാനിതനായത് ആസിഫ് അലി അല്ലല്ലോ... രമേശ് തന്നെയല്ലേ... ആസിഫ് അലി വീണ്ടും ജനങ്ങളുടെ മനസിൽ വിജയിച്ചു, അവാർഡ് കൊടുത്ത ആസിഫ് അലിയെ ഞങ്ങൾക്ക് നന്നായി അറിയാം അവാർഡ് വാങ്ങിയ ഈ രമേശ് ഏതാ..?, ഇയാളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു... ഇനി അത് വേണ്ടാ... അൽപ്പൻ.

ഒരു ഊളത്തരം കാണിച്ചെങ്കിലും തന്നെ പറ്റി നാലുപേർ വീണ്ടും ചർച്ചയാക്കട്ടെ എന്നാണ് ചിന്ത, ഇത്രയും ധാർഷ്ട്യമുള്ള ആളുകളൊക്കെ കലയെ കൊന്ന് തിന്നും, മലയാളികൾക്ക് ഇടയിലെ ഇളയരാജയാണെന്ന് തോന്നുന്നു എന്നിങ്ങനെ നീളുന്നു രമേശിനെ വിമർശിച്ചുള്ള കമന്റുകൾ. അതേസമയം രമേശിനെ അനുകൂലിച്ചും ചിലർ രംഗത്ത് എത്തി.
എന്നാൽ ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രമേശ് നാരായണന്റെ വിശദീകരണം. സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. അതിന് പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏൽപ്പിച്ച് പോയി.
ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാകുന്നതിന് മുമ്പെ മെമെന്റോ എന്നെ ഏൽപ്പിച്ച ആസിഫ് ഒരു ആശംസപോലും പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല.
അതിനുശേഷം ഇന്ന് രാവിലെ അവിടെയുണ്ടായ സംഭവങ്ങളിൽ ക്ഷമ ചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാൻ. വസ്തുത ഇതായിരിക്കെ കാര്യങ്ങൾ മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട് എന്നാണ് ദി ഫോർത്തിനോട് പ്രതികരിക്കവെ രമേശ് നാരായൺ പറഞ്ഞത്.


Click it and Unblock the Notifications











