ലജ്ജാവതിയുടെ കാലം കഴിഞ്ഞു... ആരെങ്കിലും പാടുന്നുണ്ടോയെന്ന് വിമർശനം, അതിന് നയന്റീസ് കിഡ്സ് ചാവണമെന്ന് മറുപടി!
മലയാളത്തിൽ ഏറ്റവും സെൻസേഷണൽ മാറിയതും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ ആളുകൾ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സിനിമ ഗാനമാണ് ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ ജാസി ഗിഫ്റ്റ് ആലപിച്ച ലജ്ജാവതിയേ എന്ന ഗാനം. ഉത്സവ പറമ്പുകളിൽ ഇപ്പോഴും ആളുകൾ വൈബ് ചെയ്യുന്നത് ലജ്ജാവതിയുടെ താളത്തിന് ഒത്താണ്. എത്ര തട്ടുപൊളിപ്പൻ പാട്ടുകൾ വന്നാലും ലജ്ജാവതി പ്ലെ ചെയ്ത് തുടങ്ങിയാൽ ശ്രദ്ധ മുഴുവൻ അവിടേക്ക് തിരിയും.
സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ വരവോടെയാണ് സിനിമയേയും ഗാനങ്ങളേയും അതിന് പിന്നിൽ പ്രവർത്തിച്ചവരേയും കുറിച്ചെല്ലാം വിശദമായി ആസ്വാദകർ മനസിലാക്കി തുടങ്ങിയത്. അതുകൊണ്ട് തന്നെ ലജ്ജാവതിയുടെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നുവെന്നത് എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു.

ഇത്രത്തോളം ന്യൂജെൻ വരികൾ എങ്ങനെ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നുവെന്നത് ഇപ്പോഴും ആസ്വാദകർ അതിശയത്തോടെ ചോദിക്കാറുള്ള കാര്യമാണ്. ലജ്ജാവതിയേ ഗാനത്തെ നിശിതമായി വിമർശിച്ചിട്ടുള്ള ഒരാളാണ് സിനിമാഗാന നിരൂപകൻ ടി.പി ശാസ്തമംഗലം. ഇപ്പോഴിതാ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ലജ്ജാവതിയേ ഗാനത്തെ കുറിച്ച് ടി.പി ശാസ്തമംഗലം പറഞ്ഞ വാക്കുകളും അതിന് സോഷ്യൽമീഡിയയിൽ വന്ന പ്രതികരണങ്ങളുമാണ് ശ്രദ്ധനേടുന്നത്.
ലജ്ജാവതിയേ എന്നുള്ള പാട്ട് ഇപ്പോൾ ആരെങ്കിലും പാടുന്നുണ്ടോയെന്നും ആ പാട്ടിന്റെ സമയം കഴിഞ്ഞുവെന്നുമാണ് അടുത്തിടെ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ലജ്ജാവതിയേ എന്നുള്ള പാട്ട് ഇപ്പോൾ ആരെങ്കിലും പാടുന്നുണ്ടോ?. ആ പാട്ടിന്റെ സമയം കഴിഞ്ഞു.
റിയാലിറ്റി ഷോയിൽ അടക്കം കുട്ടികൾ പാടുന്നത് പഴയ പാട്ടുകളല്ലേ?. ആരെങ്കിലും ലജ്ജാവതി പാടുന്നത് കേട്ടിട്ടുണ്ടോ?. ലജ്ജാവതി പാട്ടിനെ ഞാൻ വിമർശിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ഒന്നാമത് ലജ്ജാവതിയേ എന്ന പ്രയോഗം തന്നെ ശരിയല്ല. സീതയേ എന്ന് പറയാറില്ലല്ലോ സീതേ എന്നല്ലേ പറയാറുള്ളു. മാത്രമല്ല പാട്ടിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ സിനിമയിൽ പറയുന്ന കാര്യങ്ങളുമായി ഘടക വിരുദ്ധമാണ്. സിനിമയിലെ നായകനും നായികയും കലാലയത്തിൽ മാത്രം വെച്ച് കണ്ടുമുട്ടുന്നവരാണ്.
പക്ഷെ ആ പാട്ടിലെ വരികളിൽ പറയുന്നത് അവരുടെ ബാല്യകാല കൗതുകങ്ങളെ കുറിച്ചാണ്. അപ്പൂപ്പൻ താടിയാൽ മേൽ മീശ വെച്ചു നീ, കുന്നോളം മാമ്പഴം പകുത്തെടുത്തതും തുടങ്ങിയ വരികൾ ഉദാഹരണമാണ് എന്നാണ് ടി.പി ശാസ്തമംഗലം പറഞ്ഞത്. വീഡിയോ വൈറലായതോടെ ടി.പി ശാസ്തമംഗലത്തെ വിമർശിച്ച് നിരവധി പേരാണ് എത്തിയത്.

ലജ്ജാവതിയുടെ കാലം കഴിയണമെങ്കിൽ നയന്റീസ് കിഡ്സ് എല്ലാം ചാവണമെന്നാണ് ഒരാൾ രസകരമായി കുറിച്ചത്. ഇന്നും ജാസിയുടെ യുടെ പാട്ടും മണിയുടെ പാട്ടും ഇല്ലാത്ത ഗാനമേള ഇല്ല. അത് ഉണ്ടാക്കുന്ന ഓളം വേറെ ലെവലാണ്. പാട്ടുകളെ കൂടുതൽ ഇഷ്ടം എന്ന ഒറ്റവാക്കിൽ സ്ഥാനം നിർണായിക്കാൻ ബുദ്ധിമുട്ടാണ് പലപ്പോഴും. ലജ്ജവതിയുടെ മ്യൂസിക് ഒരു രക്ഷയും ഇല്ല, എനിക്ക് ഇഷ്ടമല്ലാത്തത് ഒന്നും കൊള്ളില്ലെന്ന് സ്വയം പറയാം... പക്ഷെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. അത് എന്ത് കാര്യത്തിലായാലും,
ലജ്ജാവതിയേ മറ്റാരും പാടി കേൾക്കാത്തതിന് ഒരു കാരണമേയുള്ളു.. അത് ജാസി ഗിഫ്റ്റിനെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ട് പാടിച്ചാലും ഞങ്ങൾക്ക് തൃപ്തി വരണ്ടേ.. അതുകൊണ്ടാണ് ആരും പാടാത്തത്. പിന്ന അത് പാടുന്നതിനേക്കാൾ ആ പാട്ട് കേട്ട് ആടാനും ആസ്വദിക്കാനുമാണ് ഇഷ്ടം, ലജ്ജാവതിയേ പാട്ട് ഉണ്ടാക്കിയ ഒരു ഓളം ഉണ്ടായിരുന്നു.
അതിന് മുമ്പും ശേഷവും അതുപോലൊരു ഓളം സംഭവിച്ചിട്ടില്ല എന്നിങ്ങനെയായിരുന്നു ടി.പി ശാസ്തമംഗലത്തെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications











