'ഗണപതിക്ക് എന്താ സിക്സ് പാക്കുണ്ടോ...?'; ഫിറ്റ്നസ് കാണിക്കുന്ന ചിത്രവുമായി എത്തിയ ഉണ്ണി മുകുന്ദന് പരിഹാസം!
കഴിഞ്ഞ കുറച്ച് നാളുകളായി എപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ. പലപ്പോഴും ചില പ്രസ്താവനകളുടെ പേരിലാണ് ഉണ്ണി മുകുന്ദൻ വിമർശിക്കപ്പെടാറുള്ളത്. താരം സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും മതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയും കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്യുമ്പോൾ വലിയ രീതിയിൽ എതിർപ്പ് താരത്തിന് നേരിടേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ തന്റെ ശരീരത്തിന് പതിനൊന്ന് മാസം കൊണ്ടുണ്ടായ മാറ്റത്തെ കുറിച്ച് ഒരു പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു ഉണ്ണി മുകുന്ദൻ.
ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ ഉണ്ണി മുകുന്ദൻ കഥപാത്രങ്ങൾക്ക് വേണ്ടി ശരീര ഭാരം വർധപ്പിക്കുകയും പിന്നീട് സിനിമയുടെ ചിത്രീകരണം കഴിയുമ്പോൾ തിരികെ ഫിറ്റ്നസിലേക്ക് മടങ്ങി വരികയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ മാളികപുറം സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ലുക്കും ഇപ്പോൾ ശരീര ഭാരം കുറച്ച് മസിലുമായി നിൽക്കുന്ന ഫോട്ടോയുമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.

മാളികപ്പുറത്തിനുശേഷം പതിനൊന്ന് മാസത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന രൂപത്തിൽ താൻ എത്തിയതെന്നാണ് ഉണ്ണി പോസ്റ്റിൽ പറഞ്ഞത്. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഫിറ്റ്നസിന്റെ കാര്യത്തിൽ ഇത്രയേറെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നതിനെയാണ് ഏറെയും ആളുകൾ അഭിനന്ദിച്ചത്.
എന്നാൽ മറ്റുചിലർ നെഗറ്റീവ് കമന്റുകളാണ് ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനമാക്കി പങ്കിട്ടത്. ഉണ്ണി മുകുന്ദന്റെ ഗണപതി എന്താണ് സിക്സ് പാക്ക് ആണോ എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്സിലുണ്ട്. മറ്റുചിലർ ഭാരത് സ്റ്റാർ എന്ന് വിളിച്ച് താരത്തെ പരിഹസിക്കുകയും ചെയ്തു.
ഭാരത് സ്റ്റാർ എന്ന് പറഞ്ഞ് കളിയാക്കിയത് ആണെങ്കിലും തനിക്ക് അത് ഇഷ്ടമായി എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകിയതും വൈറലായിട്ടുണ്ട്. അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഉണ്ണി മുകുന്ദൻ സിനിമ മാളികപ്പുറമാണ്. ചിത്രത്തിൽ ശബരിമലയിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസുകാരനായാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്.
സിനിമ ശ്രദ്ധിക്കപ്പെട്ടശേഷം പലരും ഉണ്ണി മുകുന്ദനെ അയ്യപ്പൻ എന്ന രീതിയിൽ അഭിസംബോധന ചെയ്തതും വലിയ രീതിയിൽ വൈറലായിരുന്നു. ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കിയത് സംബന്ധിച്ചും കമന്റുകൾ വന്നിട്ടുണ്ട്. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.

ഇപ്പോൾ താരം ഗണപതിയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽ വെച്ചാണ് ഉണ്ണി മുകുന്ദൻ ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫേസ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിന് പിന്നാലെയാണ് ജയ് ഗണേഷിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നതാണ് ചിത്രം വലിയ രീതിയിൽ ചർച്ചയാകാൻ കാരണം.
ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിച്ച് രഞ്ജിത് ശങ്കർ കുറിച്ചത്.
മിത്ത് പരാമർശ വിവാദത്തിനിടെയാണ് ജയ് ഗണേഷ് എന്ന പേരിൽ സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത് എന്നതും വലിയ രീതിയിൽ ചർച്ചയായി. 'ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്ന് പറയുമെന്നാണ്', ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്. ജൂനിയർ ഗന്ധർവ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഈയിടെ പ്രഖ്യാപിച്ച മറ്റൊരു ചിത്രം.


Click it and Unblock the Notifications