'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
ചലച്ചിത്ര ഗാന-ഭക്തി സംഗീത രംഗത്ത് ആസ്വാദകർ എന്നെന്നും ഓർക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കെ.ജി ജയൻ. തൊണ്ണൂറ് വയസുകാരനായ കെ.ജി നാളുകളേറെയായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. പൊതുദർശനത്തിനുശേഷം സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടന്നു.
തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖർ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഓർമയായതോടെ വലിയ നഷ്ടമാണ് സിനിമ-ഭക്തിഗാനമേഖലകളിൽ ഉണ്ടായിരിക്കുന്നത്.

ജയന്റെ സംസ്കാര ചടങ്ങുകളുടെയും വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോഴുള്ളതുമായ ചടങ്ങുകളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതിൽ ജയന്റെ മകനും നടനുമായ മനോജ് കെ ജയന്റെ ഭാര്യ ആശ മൃതദേഹം കണ്ട് അലമുറയിട്ട് കരയുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലണ്ടനിൽ മക്കൾക്കൊപ്പമായിരുന്ന ആശ മരണവാർത്തയറിഞ്ഞ് ഓടി എത്തുകയായിരുന്നു. മക്കളെക്കാളും ഹൃദയം പൊട്ടി കരഞ്ഞത് മനോജിന്റെ ഭാര്യ ആശയായിരുന്നു.
അച്ഛന് ഒന്ന് കാത്തുകൂടായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആശ കരയുന്നത്. എനിക്ക് ഇനി അച്ഛനില്ല അനിയേട്ട. നമ്മുടെ അച്ഛൻ പോയിയെന്നെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞ ആശയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും പാടുപെട്ടു. മരുമകളായ ആശ ജയന്റെ മരണത്തിൽ ഇത്രയേറെ കരയാനുള്ള കാരണത്തെ കുറിച്ച് വീഡിയോ വൈറലായപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച നടന്നു.
അമ്മായിയച്ഛൻ മരുമകൾ ബന്ധമായിരുന്നിരിക്കില്ല അച്ഛനും മകളും പോലെ കഴിഞ്ഞവരായിരിക്കും എന്നായിരുന്നു ഏറെയും കമന്റുകൾ. കൂടാതെ ആശയുടേത് അഭിനയമാണെന്ന് പറഞ്ഞും ഓസ്കർ കൊടുക്കണമെന്ന് പറഞ്ഞും കമന്റുകൾ വന്നിരുന്നു. അതോടെ ആശ അത്രയേറെ വിഷമിച്ചതിന് പിന്നിൽ അവർ തമ്മിലുള്ള ആത്മബന്ധമാണ് കാരണമെന്ന് വിശദീകരിച്ചും മറുപടികൾ വന്നു.
ജയന്റെ കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജയന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുന്നത് വരെ മൃതദേഹത്തിന് അടുത്തുനിന്ന് മാറാതെ ആശ അരികിൽ തന്നെ ഇരിക്കുകയായിരുന്നു. ഉർവശിയുമായുള്ള മനോജ് കെ ജയന്റെ വിവാഹബന്ധം അവസാനിച്ചശേഷമാണ് ആശ മനോജിന്റെ ജീവിതത്തിലേക്ക് വന്നത്.

മനോജിന്റെ കൈപിടിക്കുമ്പോൾ ആശയും ഒരു പെൺകുഞ്ഞിന്റെ അമ്മയായിരുന്നു. മനോജിന്റെ മകൾ കുഞ്ഞാറ്റയെ വളർത്തിയതും ആശയാണ്.
പെറ്റമ്മയെപോലെയാണ് ആശയെ കുഞ്ഞാറ്റ സ്നേഹിക്കുന്നതും. മക്കൾ വിദേശത്ത് പഠിക്കുന്നതിനാലാണ് ആശയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശത്ത് സ്ഥിര താമസമാക്കിയത്. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ മനോജും ആശയും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ ലണ്ടനിലേക്ക് പറക്കും.
ആശയ്ക്കും മനോജിനും ഒരു മകൻ കൂടിയുണ്ട്. ഉർവശിയുടെ കുടുംബാംഗങ്ങളും ജയനെ അവസാനമായി കാണാൻ എത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കളായ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കർണാടക സംഗീതത്തിലാണ്.
ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്ത് കെ.ജി ജയൻ മികവ് തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളിൽ മികച്ച ഗാനങ്ങൾ ജയൻ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications











