'ആക്ഷൻ പറഞ്ഞതും കൂട്ടയടി, അടിയേറ്റ് ബോധം പോയി, വീട്ടുടമസ്ഥൻ വരെ ചീത്തവിളിച്ചു'; ഫ്രീഡം ഫൈറ്റ് താരം പറയുന്നു!
ഇന്ന് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന ആന്തോളജി സിനിമയാണ് ഫ്രീഡം ഫൈറ്റ്. ചെറിയ സമയത്തിനുള്ളിൽ ദൈന്യംദിന ജീവിത പോരാട്ടങ്ങളെ ആസ്പദമാക്കി ഗൗരവകരമായ വലിയ വിഷയങ്ങൾ സൂഷ്മതയോടെ
കൈകാര്യം ചെയ്തിരിക്കുന്ന സിനിമയാണ് ഫ്രീഡം ഫൈറ്റ്. സോണി ലൈവിലാണ് സിനിമ കഴിഞ്ഞ ദിവസം സ്ട്രീം ചെയ്ത് തുടങ്ങിയത്. ചിത്രം അഞ്ച് സംവിധായകർ ചേർന്ന് ഒരുക്കിയ അഞ്ച് ചെറു ചിത്രങ്ങൾ ചേർന്നതാണ്. ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് സംവിധായകർ.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നിർമ്മാതാക്കളായിരുന്ന മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ.എസ്.രാജ്, വിഷ്‍ണു രാജൻ എന്നിവരാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. രജിഷ വിജയൻ, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോർജ്, ഉണ്ണി ലാലു, സിദ്ധാർഥ ശിവ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സാലു കെ തോമസ്, നിഖിൽ എസ് പ്രവീൺ, ഹിമൽ മോഹൻ എന്നിവരാണ് ഛായാഗ്രാഹകർ. ആന്തോളജിയിൽ ഏറ്റവും കൂടുതൽ പ്രശംസ നേടിയ ചെറു ചിത്രമായിരുന്നു പ്ര.തു.മു.

സെപ്റ്റിക് ടാങ്ക് ക്ലീനിങ് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും അവരോട് പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാടുകളുമാണ് ഈ ചെറുസിനിമയുടെ വിഷയമായത്. ഗംഭീരമായ അവതരണം കൊണ്ട് സിനിമ ശ്രദ്ധ നേടി. പെട്ടെന്നൊന്നും മനസ്സിൽ നിന്ന് പോകാത്ത ചിത്രമായിട്ടാണ് പ്ര.തു.മു ഒരുക്കിയിരിക്കുന്നത്. സംവിധാനം ജിതിൻ ഐസക് ആയിരുന്നു. സിദ്ധാർഥ് ശിവ, ഉണ്ണി ലാലു എന്നിവരാണ് ഈ ചെറു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്ര.തു.മുവിന്റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി ലാലു ഇപ്പോൾ. സിനിമ സ്ട്രീം ചെയ്ത് തുടങ്ങിയശേഷം നാനാഭാഗത്ത് നിന്നും ആശംസ പ്രവാഹമാണെന്നാണ് ഉണ്ണി ലാലു പറയുന്നത്. ടിക് ടോക്കിലൂടെയാണ് ഉണ്ണി ലാലു ആദ്യമായി മലയാളികളുടെ മനം കവർന്നത്. യുവ പ്രേക്ഷകർക്ക് ഉണ്ണി ലാലു ഉണ്ണിയേട്ടനാണ്. മ്യൂസിക്കൽ ആൽബങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ഉണ്ണിയെ മലയാളത്തിൻ്റെ ശിവകാർത്തികേയൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

സംവിധായകൻ ജിതിൻ ആദ്യം തിരക്കഥ തന്നിരുന്നു. തമിഴ് പശ്ചാത്തലമുള്ള കഥാപാത്രമാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്. സെറ്റിലെത്തിയപ്പോഴാണ് കോസ്റ്റ്യൂമായി നിക്കർ മാത്രമുള്ളൂ എന്ന് അറിഞ്ഞത്. എന്നാപ്പിന്നെ അങ്ങനെയായിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം രാവിലെ കിട്ടിയ ഭാഗ്യമാണ് ഫ്രീഡം ഫൈറ്റ്. ഞാൻ റൂമിൽ കിടന്നുറങ്ങുവായിരുന്നു. ഫ്രീഡം ഫൈറ്റ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആഷ്ലി എൻറെ സുഹൃത്താണ്. അവൻ എന്നെ ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിച്ചിട്ട് ഒരു പടത്തിൻറെ മീറ്റിംഗുണ്ട് വേഗം റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്ന് സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ റോൾ. ജിതിനോട് ഞാൻ പറഞ്ഞു എനിക്ക് ഈ റോൾ ചെയ്യണമെന്നും കോൺഫിഡൻസുണ്ടെന്നും പറഞ്ഞു. ജിതിൻറെ സപ്പോർട്ട് ഉണ്ടായിരുന്നതിനാൽ നന്നായി ചെയ്യാൻ കഴിഞ്ഞു. 12 വർഷത്തെ പരിശ്രമത്തിന് ശേഷമാണ് എൻറെ ഈ സ്വപ്നം നടന്നത്. 6 വർഷമായി വേറെ ജോലിയൊന്നും ചെയ്യാതെ സിനിമയുടെ പിറകേ തന്നെയായിരുന്നു. ജോലി ചെയ്തിരുന്നപ്പോൾ ഓഡിഷന് പോകാൻ ലീവെടുക്കേണ്ടി വരുന്നതൊക്കെ പ്രശ്നമായി. വീണ്ടും അവിടെ നിന്നാൽ സിനിമ നടക്കില്ലെന്ന് മനസ്സിലായപ്പോൾ റിസൈൻ ചെയ്തു. ത്രീ ഇഡിയറ്റ്സ് മീഡിയയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഷോർട് ഫിലിമും, ഷോർട് വീഡിയോകളും, വെബ് സീരീസുമൊക്കെ ചെയ്തു. കഷ്ടപ്പെട്ടതൊന്നും വെറുതെയായില്ല. അച്ഛനും അമ്മയും ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.
Recommended Video

ലക്മണൻ എന്ന ക്യാരക്ടർ ഞാൻ ഇന്നേവരെ ചിന്തിച്ചിട്ട് പോലുമില്ലാത്തതാണ്. സ്വാഭാവികത തോന്നാൻ ഒത്തിരി കഷ്ടപ്പെട്ടു. ജിതിൻ ഓരോ സീനും വ്യക്തമായി മനസ്സിലാക്കി തരും. രണ്ട് വീടുകളിലായായിരുന്നു ഷൂട്ട്. ഒരു വീടിൻറെ ഓണർ ഞാൻ പണിക്കാരനെന്ന് കരുതി ഷൂട്ടിനിടെ വന്ന് എന്നെ കുറേ ചീത്ത പറഞ്ഞു. പണിയെടുക്കാൻ വന്നാൽ അത് ചെയ്യണമെന്നൊക്കെ. അപ്പോൾ എനിക്ക് മനസ്സിലായി ലുക്ക് വർക്ക് ആവുന്നുണ്ടെന്ന്. ഫൈറ്റ് സീനിൽ ഇടിയും തൊഴിയും നല്ലത് പോലെ കിട്ടി. ഷൂട്ടിനിടെ ഇടി കൊണ്ട് ഞാൻ ബോധം കെട്ടു. പിന്നെ ഞാൻ ഓക്കെയാകാൻ ഒരു മണിക്കൂർ ബ്രേക്കെടുത്താണ് ബാക്കി ഷൂട്ട് ചെയ്തത്. സിദ്ധാർഥ് ചേട്ടൻറെ സപ്പോർട്ട് പറയാതിരിക്കാനാവില്ല. ക്ലോസറ്റിലെ തലകുത്തിയുള്ള സീനൊക്കെ ചേട്ടൻ ഒരുപാട് ശ്രദ്ധിച്ചാണ് അഭിനയിച്ചത്. ശ്രദ്ധ മാറിയാൽ ചിലപ്പോൾ എൻറെ കഴുത്തിലെ എല്ലിന് ക്ഷതം സംഭവിച്ചേക്കാം. അങ്ങനെ കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഹാപ്പിയാണ്.


Click it and Unblock the Notifications











