'ഉപ്പയുടെ ശബ്ദം തന്നെ മറന്നുപോയി, ഉമ്മയെ മിസ് ചെയ്യാറുണ്ട്, അവളുടെ ഓർമകളുള്ള പെട്ടി ഇപ്പോഴും സൂക്ഷിക്കുന്നു'
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്ന യൂത്തിനും കുട്ടികൾക്കും സുപരിചിതനാണ് സ്ട്രീമർ, യുട്യൂബർ, വ്ലോഗർ എന്നീ നിലകളിൽ പ്രശസ്തനായ തൊപ്പി എന്ന നിഹാദ്. കണ്ണൂർ സ്വദേശിയായ തൊപ്പി ഒരിടയ്ക്ക് നിരന്തരം വിവാദങ്ങളിൽ ഉൾപ്പെടുമായിരുന്നു. കേസും കോടതിയും സ്ഥിരമായതോടെ തൊപ്പി തന്നെ എല്ലാത്തിനും അവസാനം കുറിച്ചു. മുടി മുറിച്ചുകൊണ്ടാണ് തൊപ്പി എന്ന ക്യാരക്ടർ താൻ വിടുകയാണെന്ന് അറിയിച്ചത്. സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്ന തൊപ്പി മാസങ്ങൾക്കുശേഷം വീണ്ടും മടങ്ങിയെത്തി.
പക്ഷെ തിരിച്ച് വന്നത് തൊപ്പിയായിരുന്നില്ല നിഹാദായിരുന്നു. പക്വതയോടെയാണ് ഇന്ന് നിഹാദ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് മനസ് തുറക്കുകയാണ് തൊപ്പി എന്ന നിഹാദ്. ആക്ടറാകാനാണ് ആഗ്രഹം. രണ്ട് വർഷത്തിനുശേഷമാണ് ഒരു ഇന്റർവ്യുവിൽ വരുന്നത്.

തൊപ്പി എന്ന ക്യാരക്ടർ ഞാൻ വിട്ടു. പണ്ട് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഇപ്പോൾ ചുറ്റും ഒരുപാട് ആളുകളുണ്ട്. ഇപ്പോഴത്തെ ലൈഫ് ആസ്വദിക്കുന്നുണ്ട്. സീറോയിൽ നിന്ന് വന്നയാളാണ് ഞാൻ. കുറച്ച് ആളുകൾക്കിടയിൽ ഹീറോയുമായി. ഞാൻ മുമ്പ് ചെയ്തതെല്ലാം വൃത്തികെട്ട കാര്യങ്ങളായിരുന്നു. അതിൽ നല്ല ഒരു കാര്യം പോലുമില്ല. ഞാൻ അന്ന് അങ്ങനെയായതിന് ചില കാര്യങ്ങളുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പിയാണ്.
ഇനി പഴയ തൊപ്പിയിലേക്ക് പോകുമോയെന്ന് ചോദിച്ചാൽ അതുപോലുള്ള ട്രോമ എന്തെങ്കിലും വന്നാൽ ചിലപ്പോൾ പോകുമെന്ന് തോന്നുന്നു. അറിയില്ല ലൈഫ് അല്ലേ. പഴയ ക്യാരക്ടറിൽ നിന്നും മാറിയശേഷം ഒരു ഭാരം ഇറക്കിവെച്ച ഫീലാണ്. സോഷ്യൽമീഡിയ അവസാനിപ്പിക്കാമെന്ന മൈന്റിലാണ് തൊപ്പിയെന്ന ക്യാരക്ടർ അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഞാൻ പോയത്.
പിന്നീട് എടുത്ത ബ്രേക്ക് സമയത്തൊന്നും നിഹാദായി സോഷ്യൽമീഡിയയിൽ വരണമെന്ന ചിന്തയുണ്ടായിരുന്നില്ല. ഒരു ഡിപ്രഷൻ മൂഡിലായിരുന്നു. പിന്നെ ഞാൻ തിരിച്ച് വന്നപ്പോൾ ആളുകളാണ് ഇപ്പോഴത്തേത് തൊപ്പിയല്ല നിഹാദാണെന്ന് പറഞ്ഞ് തുടങ്ങിയത്. ഞാനും അത് അക്സപ്റ്റ് ചെയ്തു. അല്ലാതെ നിഹാദായി മടങ്ങി വരാൻ ഉദ്ദേശിച്ച് പോയതല്ല. എല്ലാം നിർത്തി ഞാൻ മൂലക്കിരുന്നാൽ എന്റെ വീട്ടിൽ നിന്നും വിളിവരുമെന്ന് കരുതിയാണ് ഞാൻ ഇരുന്നത്.
എന്റെ ക്യാരക്ടർ കുറേ ചെയ്ഞ്ചായി. തെറി വിളികളും ക്രേസി പരിപാടികളും നിർത്തി. എന്റെ ഗ്യാങ്ങിൽ ആരും തെറിവിളിക്കാറില്ല ഇപ്പോൾ. ബിഗ് ബോസിലേക്ക് കോൾ വന്നിട്ടുണ്ട്. പോകുമോ ഇല്ലയോ എന്നതിൽ തീരുമാനം എടുത്തിട്ടില്ല. മുമ്പായിരുന്നുവെങ്കിൽ തീർച്ചയായും പോകുമായിരുന്നു. ഇനി ഇപ്പോൾ അറിയില്ല.

ഗ്യാങിനോട് ഡിസ്കസ് ചെയ്ത് മാത്രമെ തീരുമാനം എടുക്കാറുള്ളു. വീട്ടുകാരെ ഞാൻ വിളിക്കാറുണ്ട്. അവരെല്ലാം കുഴപ്പമില്ലാതെ സംസാരിക്കും. ഉപ്പയുമായുള്ളത് ഒരിക്കലും ശരിയാകുമെന്ന് തോന്നുന്നില്ല. ഉപ്പയുടെ സൗണ്ട് പോലും മറന്നുപോയി. അത്രയേറെ കാലമായി പുള്ളിയോട് സംസാരിച്ചിട്ട്. എപ്പോഴെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിലാണ്. അതിനുള്ള ശ്രമം ഞാൻ നടത്താറുണ്ട്. ഉമ്മയെ മിസ് ചെയ്യാറുണ്ട്. ഇടയ്ക്ക് ആരും അറിയാതെ പോയി കാണുമെന്നും നിഹാദ് പറയുന്നു. പ്രണയത്തകർച്ചയെ കുറിച്ചും തൊപ്പി സംസാരിച്ചു.
എല്ലാത്തിനും നല്ലവശം മാത്രമല്ലല്ലോ മോശം വശവുമുണ്ട്. എല്ലാ റിലേഷൻഷിപ്പുകളിലും എന്നപോലെ ഞങ്ങൾക്കിടയിലും അടിയും വഴക്കുമെല്ലാം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ബ്രേക്കപ്പായിട്ട് ഒരു വർഷത്തിന് മുകളിലായി. ഞങ്ങൾ രണ്ടുപേരും ഇതുവരെ ഞങ്ങൾക്കിടയിൽ നടന്ന പേഴ്സണൽ കാര്യങ്ങൾ എവിടേയും പറഞ്ഞിട്ടില്ല. പറയാനും ഉദ്ദേശിക്കുന്നില്ല. എന്റെ ആദ്യത്തെ പ്രണയമായിരുന്നു.
അതുകൊണ്ട് തന്നെ അത് സ്പെഷ്യലായിരുന്നു. അവളുടെ സാധനങ്ങളൊക്കെ ഇട്ട് വെച്ചൊരു പെട്ടി ഇപ്പോഴും എന്റെ അലമാരയിലുണ്ട്. ഓർമ്മപ്പെട്ടി എന്നാണ് പറയാറ്. എന്റെ വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം അതിലാണ് ഞാൻ ഇട്ട് വെക്കാറ്. മറക്കാൻ പറ്റാത്ത ഓർമയാണ്. ലൈഫ് അല്ലേ. അവളിപ്പോൾ കല്യാണം കഴിഞ്ഞ് സന്തോഷമായി ജീവിക്കുന്നു. അതുകൊണ്ട് അവളുടെ പേര് ഇനി വലിച്ചിഴക്കേണ്ട കാര്യമില്ല. ഇനി ഒരു അറ്റാച്ച്മെന്റ് പേടിയാണെന്നും നിഹാദ് പറയുന്നു.


Click it and Unblock the Notifications