'റിമിയുടെ കാര്യം പോട്ടേയെന്ന് വെയ്ക്കാം, നിങ്ങൾക്ക് എന്ത് പറ്റി?'; റിമിക്കൊപ്പം വൈബടിച്ച് എംജിയും മധുവും
മലയാളം ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ടോപ്പ് സിങ്ങർ. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി കരിയർ ആരംഭിച്ച് പിന്നീട് ഇന്ത്യയിൽ തന്നെ നമ്പർ വണ്ണായി നിൽക്കുന്ന സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ടൈറ്റിൽ നേടിയ കുട്ടി ഗായകരുണ്ട്. ടോപ്പ് സിങ്ങർ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണാണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ അഭിമാനങ്ങളായ ഗായകരാണ് വിധികർത്താക്കൾ. എംജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, റിമി ടോമി തുടങ്ങിയവരെല്ലാം മാറി മാറി വിധികർത്താക്കളായി എത്താറുണ്ട്. ഇപ്പോഴിതാ ഷോയുടെ ബ്രേക്ക് ടൈമിൽ എംജി ശ്രീകുമാറിനും മധു ബാലകൃഷ്ണനും ഒപ്പം പകർത്തിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് റിമി.

ഒരു റീൽ വീഡിയോയാണ് റിമി സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. അടുത്തിടെയായി ഇൻസ്റ്റഗ്രാമിൽ ട്രെന്റിങ്ങായി പോകുന്ന തമിഴ് സിനിമയായ ഡീസലിലെ ബീർ സോങിനാണ് റിമി എംജി ശ്രീകുമാറിനും മധു ബാലകൃഷ്ണനുമൊപ്പം റീൽ ചെയ്തിരിക്കുന്നത്. വളരെ രസകരമായാണ് മൂന്നുപേരും റീലിൽ അഭിനയിച്ചിരിക്കുന്നത്.
ആദ്യമായാണ് ഇത്തരമൊരു റീൽ വീഡിയോയിൽ എംജി ശ്രീകുമാറും മധു ബാലകൃഷ്ണനും വൈബടിച്ച് ആസ്വദിക്കുന്നത് പ്രേക്ഷകർക്ക് കാണാൻ അവസരം കിട്ടുന്നത്. അതുകൊണ്ട് തന്നെ റീൽ വീഡിയോ അതിവേഗത്തിൽ വൈറലായി. എല്ലാം മറന്ന് ആസ്വദിച്ചാണ് റിമിക്കൊപ്പം എംജി ശ്രീകുമാറും മധു ബാലകൃഷ്ണനും അഭിനയിച്ചിരിക്കുന്നത്. റിമിക്ക് മാത്രമെ ഇതൊക്കെ സാധിക്കൂവെന്നാണ് വീഡിയോ കണ്ട ആരാധകരുടെ കമന്റുകൾ.
റിമിയുടെ കാര്യം പോട്ടേയെന്ന് വെയ്ക്കാം, പക്ഷെ മറ്റ് രണ്ടുപേർക്ക് ഇതെന്ത് പറ്റി?, ആ വലിയ മനുഷ്യനെ കൊണ്ട് ഇങ്ങനെയൊക്കെയാണോ കാണിക്കുന്നേ..? ഒരു പതിനായിരം രൂപ കൊടുത്തിട്ട് ഡാൻസിന് രണ്ട് സ്റ്റെപ്പ് ഇടാൻ പറ, ഇവരെയൊക്കെ റിമിയുടെ വൈബിൽ എത്തിക്കാൻ പറ്റിയ റിമിക്ക് അഭിനന്ദനങ്ങൾ, റിമി ചേച്ചി പൊളിച്ചു... അല്ല മൂന്നാളും സൂപ്പർ... അടി പൂക്കൂറ്റി, റിമിയെ കൊണ്ട് ഇത്രയും സാധിച്ചു, മനോഹരം പ്രതിഭാ സംഗമം എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഇതിനോടകം റീൽ വീഡിയോയ്ക്ക് എട്ട് ലക്ഷത്തിന് അടുത്ത് കാഴ്ചക്കാരെ ലഭിച്ച് കഴിഞ്ഞു. പൊതുവെ സംഗീതം കൊണ്ട് ഹൃദയം കീഴടക്കുന്ന മധുവിനേയും എംജി ശ്രീകുമാറിനേയും മാത്രമെ മലയാളി കണ്ടിട്ടുള്ളു. അതുകൊണ്ട് തന്നെയാണ് റിമിക്കൊപ്പമുള്ള ഇരുവരുടെയും വീഡിയോയ്ക്ക് സ്വീകാര്യത ലഭിച്ചതും.

റിമി ടോമി മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. അതുകൊണ്ട് തന്നെ റിമി ഒപ്പിക്കുന്ന തമാശകളും കുസൃതികളും മലയാളി നന്നായി ആസ്വദിക്കുകയും ചെയ്യും. മലയാള സിനിമയിലെ ഏറ്റവും എനര്‍ജറ്റിക്കായ പിന്നണി ഗായിക ടാഗാണ് റിമി ടോമിക്കുള്ളത്. ദൂരദര്‍ശനില്‍ മ്യൂസിക് ഷോയുടെ അവതാരകയായി തുടങ്ങിയതാണ് റിമി ടോമിയുടെ കരിയര്‍.
പിന്നീട് ഗാനമേളകളിലും മറ്റ് സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായി. മീശ മാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം.. എന്ന പാട്ട് പാടിക്കൊണ്ട് പിന്നീട് മലയാള സിനിമയുടെ പിന്നണി ഗാന ലോകത്തേക്ക് റിമി വന്നു. ഇന്ന് ഗായികയും അവതാരകയും അഭിനേത്രിയും എല്ലാമായി റിമി സജീവമാണ്.


Click it and Unblock the Notifications











