'ഡ്രീം കോമ്പോകളുടെ അയ്യര് കളി, പ്രണവ് വിന്റേജ് ലാലേട്ടൻ തന്നെ, കാമിയോ റോളിൽ നിവിൻ അഴിഞ്ഞാടുമെന്ന് ഉറപ്പ്'
കാത്തിരുന്ന് ഒടുവിൽ വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ വർഷങ്ങൾക്കുശേഷത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ടീസർ പുറത്തിറങ്ങി ഒരുമണിക്കൂറിനുള്ളിൽ തന്നെ വ്യൂസ് മൂന്ന് ലക്ഷത്തിന് അടുത്തെത്തി. വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ-ധ്യാൻ ശ്രീനിവാസൻ-നിവിൻ പോളി കോമ്പോയ്ക്ക് ഒരു വലിയ ആരാധക വൃന്ദമുണ്ടെന്നാണ് ടീസർ അതിവേഗത്തിൽ ജനപ്രീതി നേടാൻ കാരണമായത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് വർഷങ്ങൾക്കുശേഷം നിർമിച്ചിരിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുമെന്ന് ഉറപ്പ് നൽകിയാണ് ടീസർ എത്തിയിരിക്കുന്നത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ടീസർ കണ്ടശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത് പ്രണവ് മോഹൻലാലിന്റെയും നിവിൻ പോളിയുടെയും പ്രകടനത്തിനാണ്. ഡ്രീം കോമ്പോകളുടെ അയ്യര് കളി എന്നാണ് ടീസർ കണ്ട് ആരാധകർ കുറിച്ചത്. വിന്റേജ് ലാലേട്ടൻ എങ്ങോട്ട് പോയെന്ന് നോക്കേണ്ടെന്നാണ് ടീസറിലെ പ്രണവിന്റെ പ്രകടനം കണ്ട് വന്ന കമന്റുകൾ.
കള്ളുകുടിക്കുന്ന സീനിലും ഡയലോഗ് ഡെലിവറിയിലും അടക്കം മോഹൻലാൽ മാനറിസങ്ങൾ നിരവധിയുണ്ടെന്നും കമന്റുകളുണ്ട്. പ്രണവിൻ്റെ അഭിനയം എവിടെയൊക്കെയോ പഴയ ലാലേട്ടനായി തോന്നുന്നു, പ്രണവ് കൊള്ളം എവിടെയൊക്കയോ ഒരു ലാലേട്ടൻ ബോഡി ലാംഗ്വേജ് എന്നൊക്കെയായിരുന്നു പ്രണവിനെ കുറിച്ച് വന്ന കമന്റുകൾ.

നിവിനെ പഴയ വൈബിൽ കാണാൻ സാധിച്ചുവെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. കാമിയോ റോളിൽ വന്ന് നിവിൻ അഴിഞ്ഞാടുമെന്ന് ഉറപ്പ്, എല്ലാം പ്രിയപ്പെട്ട താരങ്ങൾ... ഒരു ട്രെയിലർ കണ്ട് പടം കാണണമെന്ന് തോന്നിയത് ഈ അടുത്ത കാലത്ത് വർഷങ്ങൾക്കുശേഷത്തിന്റെ ട്രെയിലർ കണ്ടപ്പോഴാണ്, നിവിൻ അവസാനം വന്ന് പൊളിച്ചടുക്കി എന്നിങ്ങനെ നീളുന്നു കമന്റുകൾ.
വിനീത് ശ്രീനിവാസന്റെ സംവിധാനം ആയതുകൊണ്ട് തീർച്ചയായും തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യില്ലെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. കല്യാണിയും നിതയുമെല്ലാം ടീസറിൽ വ്യത്യസ്തമായ മേക്കോവറിലാണ് എത്തിയത്. ഹൃദയം സൃഷ്ടിച്ചതുപോലുള്ള റെക്കോർഡുകൾ വർഷങ്ങൾക്കുശേഷവും സൃഷ്ടിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
പ്രഖ്യാപനം മുതൽ വർഷങ്ങൾക്കുശേഷം നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഹൃദയമാണ് ഏറ്റവും അവസാനം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ. പ്രണവിനെയും അവസാനം ഹൃദയത്തിലാണ് പ്രേക്ഷകർ കണ്ടത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് വിനീത്. ഇതുവരെ സംവിധാനത്തിൽ വിനീതിന് കൈ പൊള്ളിയിട്ടില്ല.
മാത്രമല്ല നിവിൻ പോളി ഒരു കംപ്ലീറ്റ് എന്റർടെയ്നറായി ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ട് നാളുകളേറെയായി. നിവിന്റെ കോമഡിക്കും പ്രണയത്തിനുമാണ് താരത്തിന്റെ സീരിയസ് റോളുകളെക്കാൾ ആരാധകർ.


Click it and Unblock the Notifications